Connect with us

Kannur

തീരദേശ സുരക്ഷക്ക് ഇനി മുതല്‍ മൊബൈല്‍ സാങ്കേതികവിദ്യയും

Published

|

Last Updated

കണ്ണൂര്‍: രാജ്യത്തിന്റെ തീരദേശ സുരക്ഷയില്‍ പൊതുജനങ്ങളെ നേരിട്ട് പങ്കാളികളാക്കുന്നതിനായി ഇനി മുതല്‍ മൊബൈല്‍ സാങ്കേതികവിദ്യയും. “വാട്ട്‌സ് ആപ് കോസ്റ്റല്‍ സെക്യൂരിറ്റി” എന്ന പേരില്‍ രാജ്യത്താദ്യമായി കേരളത്തിലാണ് സോഷ്യല്‍ മീഡിയയുടെ നൂതന സാധ്യതകള്‍ ഉപയോഗിച്ചുള്ള പദ്ധതി നിലവില്‍ വരുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തീരദേശ പോലീസ് ഉദ്യോഗസ്ഥരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ആര്‍ക്കും എപ്പോഴും ചിത്രങ്ങള്‍ സഹിതം വിവരമറിയിക്കാവുന്ന രീതിയിലുള്ള സംവിധാനമാണ് പുതിയ പദ്ധതിയിലൂടെ ആവിഷ്‌കരിച്ചിട്ടുള്ളത്. എഴുത്ത്, ശബ്ദം, ചിത്രം, വീഡിയോ തുടങ്ങി വാട്ട്‌സ് ആപില്‍ നിലവില്‍ ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറുമെന്നതാണ് പദ്ധതി. സന്ദേശങ്ങളുടെ ഉറവിടം, സന്ദേശം എന്നിവ അതീവ രഹസ്യമായി കൈകാര്യം ചെയ്യുമെന്നതാണ് പ്രത്യേകത. തീരദേശത്ത് ജീവിക്കുന്നവരുടെയും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെയും സഹായമാണ് ഇതുമായി ബന്ധപ്പെട്ട് പ്രധാനമായും തേടുന്നത്. കടല്‍ വഴിയുള്ള എല്ലാ പ്രശ്‌നങ്ങളെയും കാര്യക്ഷമമായി നേരിടുകയെന്നതാണ് പദ്ധതി കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ചെറുബോട്ടുകളുപയോഗിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനം, മത്സ്യബന്ധന ബോട്ടുകളുപയോഗിച്ചള്ള കള്ളക്കടത്ത്, നിയമവിരുദ്ധ കടന്നുകയറ്റം, രക്ഷാപ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തി ലംഘിച്ചുള്ള മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അധികൃതര്‍ക്ക് കൈമാറണമെന്നതാണ് നിര്‍ദേശം. നിയമവിരുദ്ധമായ കടന്നുകയറ്റം ഏറ്റവുമെളുപ്പത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കാണ് മനസ്സിലാക്കാനാവുക. അതിര്‍ത്തി ലംഘിച്ച് ഏതെങ്കിലുമൊരു ബോട്ട് കടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണിലൂടെ അതിന്റെ ചിത്രമെടുത്ത് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറിലേക്ക് അയക്കണം. കാലവര്‍ഷമായതിനാല്‍ കടലില്‍ അകപ്പെടുന്ന മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടെ രക്ഷിക്കാനും ഇത് ഏറെ ഉപയോഗപ്രദമാകുമെന്ന് തീരദേശ പോലീസുദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. തീരസംരക്ഷണത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ ഡി ജി പിയുടെ 9497999996 എന്ന നമ്പറിലും കോസ്റ്റല്‍ സെക്യൂരിറ്റി എ ഐ ജിയുടെ 9497996910 എന്ന നമ്പറിലുമുള്‍പ്പെടെയാണ് വിവരങ്ങളറിയിക്കേണ്ടത്. 94475447802, 9497980880(കണ്ണൂര്‍) എന്നിങ്ങനെ ഓരോ ജില്ലകളിലെയും തീരദേശ ഇന്‍സ്‌പെക്ടര്‍മാരുടെ നമ്പറുകളിലും വിവരങ്ങളറിയിക്കാം. എവിടെ നിന്ന് ആര് വിവരമറിയിച്ചാലും എല്ലായിടത്തുമുള്ള തീരദേശ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരേ സമയം വിവരങ്ങള്‍ ലഭ്യമാകും. ഇന്ന് മുതല്‍ “വാട്ട്‌സ് ആപ് കോസ്റ്റല്‍ സെക്യൂരിറ്റി” പദ്ധതി തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

 

Latest