Connect with us

Gulf

എ സി പ്രവര്‍ത്തന രഹിതമായ കെട്ടിടത്തിലെ കുട്ടികളില്‍ ചര്‍മ രോഗങ്ങളും

Published

|

Last Updated

അബുദാബി: എ സി പ്രവര്‍ത്തിക്കാത്തത് കാരണം വാഹനത്തിലും മറ്റും അന്തിയുറങ്ങുന്ന പതിനെട്ട് കുടുംബങ്ങളുടെ ദയനീയത തുടരുന്നു. പല കുട്ടികള്‍ക്കും ത്വക് രോഗങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായി.

അബുദാബിയില്‍ എയര്‍പോര്‍ട്ട് റോഡിലെ സമീപത്തുള്ള കെട്ടിടത്തിലെ 18 ഓളം കുടുംബങ്ങളാണ് കഴിഞ്ഞ 16 ദിവസങ്ങളിലായി എ സി പ്രവര്‍ത്തിക്കാത്തത് കാരണം വാഹനത്തിലും മറ്റും അന്തിയുറങ്ങുന്നത്.
ഈ കെട്ടിടത്തില്‍ താമസിക്കുന്ന പതിനെട്ട് കുടുംബങ്ങളില്‍ പതിനാറ് കുടുംബങ്ങളും ഇന്ത്യക്കാരാണ്. ഇരുപതോളം കുട്ടികളുണ്ട്. ഇതില്‍ ഒരു മാസം പ്രായം ചെന്ന കുട്ടികള്‍ മുതല്‍ പത്ത് വയസ്സ് പ്രായം ചെന്നവര്‍ വരെയുണ്ട്.
പലകുട്ടികള്‍ക്കും ചൂട് സഹിക്കാന്‍ കഴിയാത്തത് കാരണം ചര്‍മം വീണ്ടുകീറുവാന്‍ തുടങ്ങി. ചെറിയ കുട്ടികളെ കോട്ടണ്‍ വസ്ത്രങ്ങളില്‍ വെള്ളം നനച്ചാണ് സംരക്ഷിക്കുന്നത്.
കൊല്ലം സ്വദേശി മാത്യൂവിന്റെ പത്ത് വയസിന് താഴെയുള്ള മൂന്ന് കുട്ടികളുടെയും ശരീരം കറുത്ത് ചര്‍മ്മം പൊട്ടിയിട്ടുണ്ട്. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുട്ടികളുമായി പരാതി പറയുവാന്‍ പോയ സ്ത്രീകളെ കെട്ടിട ഉടമ ദേഷ്യപ്പെട്ട് പറഞ്ഞു വിടുകയാണ് ചെയ്തതെന്ന് അവര്‍ “സിറാജി”നോട് പറഞ്ഞു.
ഇരുപതോളം വര്‍ഷം പഴക്കം ചെന്ന കെട്ടിടത്തില്‍ എ സി ഉപയോഗശൂന്യമാണ്. പുതിയ എ സി സ്ഥാപിച്ചാലേ കാര്യങ്ങള്‍ ശരിയാവൂ.
വളരെ ചെറിയ റൂമുകളാണ് ഇവിടെയുള്ളവയിലധികവും. എന്നാല്‍ പ്രദേശത്ത് വെച്ച് ഏറ്റവും കൂടിയ വാടകയാണ് ഈടാക്കുന്നത്. 60,000 മുതല്‍ 65,000 വരെയാണ് വാടക. എ സി പ്രവര്‍ത്തിക്കാത്തത് അന്വേഷിക്കുന്നവരോട് ഒഴിഞ്ഞ് പോകുവാനാണ് ഉടമ പറയുന്നതത്രെ. ഇങ്ങിനെ ഒഴിയാന്‍ തയ്യാറായവര്‍ക്ക് വാടകയുടെ ബാക്കിയും ചെക്കും തിരിച്ച് നല്‍കാനും കെട്ടിട ഉടമ തയ്യാറാകുന്നില്ല.
കെട്ടിടത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എ സി പ്രവര്‍ത്തന രഹിതമായതു കാരണം രണ്ടാഴ്ചയായി അവ തുറന്നിട്ട്.
ഷാബിയ, ഖാലിദിയ പോലീസ് സ്റ്റേഷനുകളിലും നഗരസഭയിലും പരാതി നല്‍കി കാത്തിരിക്കുകയാണ് താമസക്കാര്‍.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest