Connect with us

Gulf

അധിക വില; ഗ്രോസറികളില്‍ പരിശോധനക്ക് നീക്കം

Published

|

Last Updated

ഷാര്‍ജ: സാധനങ്ങള്‍ക്കു അധിക വില ഈടാക്കുന്നുണ്ടോയെന്ന് കണ്ടെത്താനായി ഗ്രോസറികള്‍ ഉള്‍പ്പെടെയുള്ള ചെറുകിട സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനക്ക് സാമ്പത്തിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഉപഭോക്തൃ സംരക്ഷണ വകുപ്പ് നീക്കമാരംഭിച്ചു. പരിശോധന തുടക്കത്തില്‍ അബുദാബി എമിറേറ്റിലെ ഗ്രോസറികളിലും തുടര്‍ന്ന് ഇതര എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി അറിയച്ചതാണിത്. വിശുദ്ധ റമസാന്റെ മുന്നോടിയായാണ് പരിശോധന. പവിത്ര മാസത്തില്‍ ഭക്ഷ്യ വസ്തുക്കളടക്കമുള്ള സാധനങ്ങള്‍ ന്യായവിലക്ക് ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ചില ഗ്രോസറികള്‍ വലിയ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ നിന്നു ഭക്ഷ്യ വസ്തുക്കളടക്കമുള്ള സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങി അധിക വിലക്ക് വില്‍ക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ഡോ. നുഐമി പറഞ്ഞു.

പരിശോധക സംഘം ഗ്രോസറികളില്‍ വാങ്ങിയ സാധനങ്ങളുടെയും വില്‍പന നടത്തിയവയുടെയും ബില്ലുകളും രശീതികളും പരിശോധിക്കും. അംഗീകൃത വിതരണക്കാരില്‍ നിന്നാണോ, അതോ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാണോ സാധനങ്ങള്‍ വാങ്ങിയതെന്നും സംഘം പരിശോധിക്കും. റമസാനില്‍ ഗ്രോസറികളില്‍ മിന്നല്‍ പരിശോധന നടത്താനും പദ്ധതിയുണ്ട്. നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 5,000 മുതല്‍ ഒരു ലക്ഷം വരെ ദിര്‍ഹം പിഴ ഈടാക്കുമെന്നും നുഐമി പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന സാധനങ്ങള്‍ അധിക വിലക്കുവില്‍ക്കുന്നത് ഡിസ്‌കൗണ്ട് നല്‍കി സാധനങ്ങള്‍ വില്‍ക്കുന്ന വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് അധികൃതരുടെ അഭിപ്രായം.
ഇങ്ങിനെ ലഭിക്കുനന 15,000 ഓളം സാധനങ്ങളാണ് ഗ്രോസറികളില്‍ അധികവിലക്ക് നല്‍കുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധ തരം ഭക്ഷ്യ എണ്ണ, പഞ്ചസാര, തേയില, വിംട്ടോ തുടങ്ങിയവ ഇത്തരം സാധനങ്ങളില്‍ ഉള്‍പ്പെടും.

 

Latest