Connect with us

Thrissur

ഭവന നിര്‍മാണ വകുപ്പില്‍ നിന്ന് മൂന്ന് വര്‍ഷത്തിന് ശേഷം നിവേദനത്തിന് മറുപടി

Published

|

Last Updated

ചാലക്കുടി: ഭവന നിര്‍മാണ വകുപ്പിന് നല്‍കിയ നിവേദനത്തിന് മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടി. കെ എസ് എച്ച് ബി കോളനിയിലെ അലോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് വി ജെ ജോജി മൂന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ നിവേദനത്തിനാണ് ഇപ്പോള്‍ മറുപടി ലഭിച്ചിരിക്കുന്നത്.
സമ്പൂര്‍ണ വിലയാധാരം ലഭിക്കാത്തത് സംബന്ധിച്ച് 2011 ജനുവരിയിലാണ് ഭവന മന്ത്രിക്ക് നിവേദനം നല്‍കിയത്. ചാലക്കുടിയില്‍ നടപ്പിലാക്കിയ ഭവന പദ്ധതിയില്‍ 18സെന്റോളം പുറമ്പോക്ക് ഭൂമി കൂടി ഉള്‍പ്പെടുത്തുകയും അത് കൂടി വികസിപ്പിച്ച് പ്ലോട്ട് തിരിച്ച് അലോട്ടും ചെയ്തിരുന്നു. സ്‌കീം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് 18സെന്റിന് പകരം ബോര്‍ഡ് പൊന്നും വിലക്കെടുത്ത് അത്രത്തോളം ഭൂമി ബോര്‍ഡിന്റെ തനത് ഫണ്ടുപയോഗിച്ച് റോഡും തോടും നിര്‍മിച്ചിട്ടുണ്ട്. മുമ്പുണ്ടായ പുറമ്പോക്ക് ഭൂമി സൗജന്യമായി ബോര്‍ഡിന് പതിച്ച് നല്‍കുന്നതിലെ കാലതാമസമാണ് സമ്പൂര്‍ണ വിലയാധാരം നല്‍കുന്നതിന് കാലതാമസം വരുത്തുന്നതെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്നും നിവേദനത്തിനുള്ള മറുപടിയില്‍ പറയുന്നു. ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ 120 ഓളം പേര്‍ക്കാണ് പുറമ്പോക്ക് പതിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് തീറാധാരം ലഭിക്കാത്തത്. തീറാധാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൗസിംഗ് ലോണ്‍, വിദ്യഭ്യാസ ലോണ്‍ എന്നിവയൊന്നും എടുക്കാനാകാത്ത അവസ്ഥയിലാണ് ഉടമകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം നിവേദനത്തിനുള്ള മറുപടി ലഭിച്ചെങ്കിലും പ്രശ്‌നത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല.

 

Latest