Connect with us

Kozhikode

തെറ്റുതിരുത്തല്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു

Published

|

Last Updated

കൊടുവള്ളി: മൂന്ന് വര്‍ഷം മുമ്പ് നടന്ന സാമൂഹിക, സാമ്പത്തിക, ജാതി വിവര ശേഖരണ കരട് ലിസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ വ്യാപക പിശകുകള്‍. ബ്ലോക്ക് പഞ്ചായത്തുകള്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങളുടെ സഹായത്തോടെയാണ് വിവിധ കുടുംബങ്ങളുടെ കരട് ലിസ്റ്റ് പരിശോധനക്ക് നല്‍കുന്നത്. കരട് ലിസ്റ്റില്‍ ഓരോ കുടുംബത്തിന്റെയും ലിസ്റ്റ് കണ്ടെത്തുക ഏറെ പ്രയാസകരമാണ്. വീട്ടുപേര് ലിസ്റ്റിലില്ല. കുടുംബനാഥന്‍, വാര്‍ഡ് നമ്പര്‍, വരുമാനം എന്നിവയെല്ലാം തെറ്റായാണ് മിക്ക ലിസ്റ്റിലുമുള്ളത്. ഇതിന് പുറമെ നിരവധി കുടുംബങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുമില്ല. പലരുടെയും കുടുംബ വാര്‍ഷികവരുമാനവും തൊഴിലും വരെ ലിസ്റ്റില്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലരുടെയും വീട്ടുപേരില്ലാത്തതിനാല്‍ മാതാപിതാക്കളുടെ പേര് നോക്കിയാണ് ലിസ്റ്റിലെ വിവരംകണ്ടെത്തുന്നത്.
കരട് ലിസ്റ്റില്‍ പേരില്ലാത്തവര്‍, അപാകം ഉള്ളവര്‍ എന്നിവര്‍ ഈ മാസം ഏഴിന് മുമ്പായി നിശ്ചിത ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി ഗ്രാമപഞ്ചായത്തധികൃതരെ ഏല്‍പ്പിക്കണമെന്നാണ് അറിയിപ്പില്‍ പറയുന്നത്. എന്നാല്‍ വിവിധ പഞ്ചായത്തുകളിലെ തൊണ്ണൂറ് ശതമാനം കുടുംബങ്ങളും ഇതുവരെ കരട് ലിസ്റ്റ് പരിശോധന പോലും നടത്തിയിട്ടില്ല. കൊടുവള്ളി, മടവൂര്‍, കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകളില്‍ വിവിധ അങ്കണ്‍വാടികളില്‍ പരിശോധനക്കായി പ്രസിദ്ധീകരിച്ച കരട് ലിസ്റ്റില്‍ നിരവധി കുടുംബങ്ങളുടെയും വിവരങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തെറ്റ് തിരുത്തലിന്റെയും കൂട്ടിചേര്‍ക്കലിന്റെയും ഫോറങ്ങള്‍ പത്ത് രൂപ നല്‍കി വാങ്ങി പൂരിപ്പിച്ചു നല്‍കണം. ഫോറത്തിലെ സാധാരണക്കാരന് മനസ്സിലാകാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനാകാതെ ജനം നെട്ടോട്ടമോടുകയാണ്. തെറ്റ് തിരുത്തിയുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ തീയതി ദീര്‍ഘിപ്പിച്ച് അന്തിമ ലിസ്റ്റ് കുറ്റമറ്റതാക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

Latest