Connect with us

Kozhikode

ഒറ്റനമ്പര്‍ ചൂതാട്ടം; ലോട്ടറി ഏജന്‍സി ഉടമ അറസ്റ്റില്‍

Published

|

Last Updated

വടകര: സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റിന്റെ മറവില്‍ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കീര്‍ത്തി റോഡില്‍ ലോട്ടറി സ്റ്റാള്‍ നടത്തുന്ന പി കെ ലോട്ടറി ഏജന്‍സീസ് ഉടമ മയ്യന്നൂര്‍ പീറ്റക്കണ്ടി ഷാജി (32)യെയാണ് വടകര എ എസ് പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണില്‍ എസ് എം എസ് അയച്ചും രജിസ്റ്ററില്‍ മൂന്നക്ക നമ്പര്‍ എഴുതി വെച്ചുമാണ് ചൂതാട്ടം. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകളുടെ ഒന്നാം സ്ഥാനം അടിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പര്‍ മൊബൈല്‍ ഫോണ്‍ വഴിയും, എസ് എം എസ് ചെയ്തും ലോട്ടറി സ്റ്റാളില്‍ സൂക്ഷിച്ച പ്രത്യേക രജിസ്റ്ററില്‍ എഴുതും. ഈ നമ്പറുകള്‍ക്ക് സമ്മാനം ലഭിക്കുകയാണെങ്കില്‍ 5000 രൂപ ഇവര്‍ തന്നെ സമ്മാന തുക നല്‍കും. ഒരു മൂന്നക്ക നമ്പറിന് പത്ത് രൂപയാണ് ഈടാക്കുന്നത്.
ഈ രീതിയില്‍ ലക്ഷങ്ങളുടെ ഇടപാടാണ് ഇവിടെ കേന്ദ്രീകരിച്ച് നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന് ടാക്‌സ് ഇനത്തില്‍ ലഭിക്കേണ്ട വന്‍തുകയാണ് ഇതുവഴി നഷ്ടപ്പെടുന്നത്. കടയിലുണ്ടായിരുന്ന നമ്പര്‍ കുറിച്ചിട്ട രജിസ്റ്ററും ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. 4,800 രൂപയും കടയില്‍ നിന്ന് പിടിച്ചെടുത്തു. ഇത് മൂന്നാം തവണയാണ് ഇവിടെ നിന്നും ലോട്ടറി തട്ടിപ്പ് പിടികൂടുന്നത്. സംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന ചൂതാട്ടത്തിനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് വടകരയില്‍ നടപടി ശക്തമാക്കിയത്.