National
വനിതാ കണ്ടക്ടറെ യാത്രക്കാരന്‍ വസ്ത്രാക്ഷേപം ചെയ്തു
മുംബൈ: മുംബൈയിലെ താനെയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിലെ കണ്ടക്ടറായ യുവതിയെ അതേ ബസിലെ യാത്രക്കാരന്‍ ആക്രമിച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറി. കല്യാണ്‍ – പനവേല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. മറ്റു യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവങ്ങളെല്ലാം. ഒടുവില്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് യുവതിയെ അക്രമിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ആക്രമണം നടത്തിയ അഭിഷേക് സിംഗ് (30) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബസില്‍ നിന്ന് കണ്ടക്ടറെ ചവിട്ടി താഴെയിറക്കിയ ശേഷമായിരുന്നു ആക്രമണം. യുവതിയെ ക്രൂരമായി മര്‍ദിച്ച ഇയാള്‍ പിന്നീട് വസ്ത്രങ്ങള്‍ വലിച്ചൂകീറുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം മറ്റു യാത്രക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നു. ആരും രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. ഇതിനിടെ തൊട്ടുപിന്നാലെയെത്തിയ മറ്റൊരു ബസിലെ വനിതാ കണ്ടക്ടര്‍ യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെയാണ് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി അക്രമിയെ കീഴ്‌പ്പെടുത്തിയത്.