Connect with us

Ongoing News

മൂന്ന് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് പ്ലസ് ടു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സ്‌പെഷ്യല്‍ സ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറികളാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മറ്റ് സ് കൂളുകള്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ പലപ്പോഴും പ്രത്യേക പരിഗണന നല്‍കേണ്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാറിന്റെ തീരുമാനം. എറണാകുളം റോസല്ല സ്‌കൂള്‍, കോഴിക്കോട് കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂള്‍, കണ്ണൂര്‍ കാരക്കുണ്ട് സ്‌കൂള്‍ എന്നിവയെയാണ് ഹയര്‍ സെക്കന്ററി സ്‌കൂളാക്കുന്നത്.
ഓരോ ബാച്ചായിരിക്കും ഇവിടങ്ങളില്‍ അനുവദിക്കുക. കുട്ടികളുടെ എണ്ണം പരിശോധിച്ച് അധികം ബാച്ച് വേണമെങ്കില്‍ അക്കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ സ്‌കൂള്‍ അനുവദിക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം നടപ്പിലാക്കും. അതേസമയം, ഹയര്‍ സെക്കന്‍ഡറിയില്‍ അധിക ബാച്ചിനായുള്ള അപേക്ഷ ക്ഷണിച്ച് അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജലസേചന വകുപ്പില്‍ സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് 290 ജീവനക്കാരെ (വര്‍ക്കര്‍ ഗ്രേഡ്- 2) സ്ഥിരപ്പെടുത്തും. സീസണ്‍ഡ് ലേബേഴ്‌സ് റോള്‍ വീഭാഗത്തില്‍പ്പെടുന്നവരെയാണ് സ്ഥിരപ്പെടുത്തുക. ഇനി ഇത്തരം നിയമനങ്ങള്‍ നടത്തുകയില്ല. അത്യാവശ്യമായി വന്നാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലികമായി നിയമിക്കും. ഹയര്‍ സെക്കന്‍ഡറി ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് 2010 ജൂലെ പത്തിനോ അതിന് ശേഷമോ നിയമിക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായപരിധിയില്‍ പ്രത്യേക ഇളവ് നല്‍കും. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തസ്തിക അനുവദിക്കാത്തത് മൂലം നിയമനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഇളവ്.
വള്ളുവനാട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് അതോറിട്ടിയില്‍ 15 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഇതിനായി അഞ്ച് കോടി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലമ്പൂര്‍ നഗരസഭയുടെ ഭവനനിര്‍മാണ പദ്ധതിക്കായി ഹഡ്‌കോ മുഖാന്തരം അഞ്ച് കോടി വായ്പ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. അനന്തര്‍ദേശീയ പഞ്ചഗുസ്തി താരം എ യു ഷാജുവിന് മൂന്ന് ലക്ഷം രൂപ പാരിതോഷികമായി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

Latest