Connect with us

Ongoing News

തൊഴിലില്ലായ്മ രണ്ട് ശതമാനമായി കുറക്കാന്‍ വിഷന്‍-2030 കരട് രേഖ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലില്ലായ്മ രണ്ട് ശതമാനമായി കുറക്കാന്‍ സര്‍ക്കാറിന്റെ വിഷന്‍ 2030 ന്റെ കരട്‌രേഖ. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 9.9 ശതമാനമുള്ള സംസ്ഥാനത്തെ തൊഴിലില്ലായ്മ 2031 ലെത്തുമ്പോഴേക്കും രണ്ട് ശതമാനത്തിലെത്തിക്കണമെന്ന് വിഷന്‍ 2030 നിര്‍ദേശിക്കുന്നത്. അതോടൊപ്പം സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ 26.2 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി കുറക്കണമെന്നും രേഖയില്‍ നിര്‍ദേശമുണ്ട്. ഇന്നലെ ആസൂത്രണബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന് നയോഗത്തില്‍ കരട് രേഖയില്‍ വിശദമായ ചര്‍ച്ച നടന്നു. ഇതില്‍ നിന്ന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തേണ്ടവയുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കാന്‍ ആസൂത്രണ ബോര്‍ഡിനെ യോഗം ചുമതലപ്പെടുത്തി. ഡല്‍ഹി കേന്ദ്രമായ നാഷനല്‍ സെന്റര്‍ ഫോര്‍ അപ്ലൈഡ് എക്‌ണോമിക്‌സ് ആണ് കരട് രൂപരേഖ തയ്യാറാക്കിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ വ്യാപാരസൗഹൃദവും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതുമാകണമെന്ന് നിര്‍ദേശിക്കുന്ന കരട്‌രേഖ കാര്‍ഷികരംഗത്തെ വളര്‍ച്ച രണ്ടു ശതമാനവും ഉത്പാദനരംഗത്ത് ഒമ്പതു ശതമാനവും നിര്‍മാണമേഖലയില്‍ ഒമ്പതു ശതമാനവും കമ്മ്യൂണിക്കേഷന്‍ രംഗത്ത് 7.5 ശതമാനവും ആരോഗ്യമേഖലയില്‍ 10 ശതമാനവും വളര്‍ച്ചയാണ് 2030 ഓടെ പ്രതീക്ഷിക്കുന്നതെന്നും വിലയിരുത്തുന്നു.
ഇതോടൊപ്പം 2009-10ലെ കണക്ക് പ്രകാരം സംസ്ഥാനത്തെ സാമ്പത്തിക അസന്തുലിതാവസ്ഥ 45 ശതമാനത്തില്‍ നിന്ന് 2031 ഓടെ 23 ശതമാനമാക്കി താഴ്ത്തണമെന്നും 2011-12ല്‍ 7.1 ശതമാനമായിരുന്ന ദാരിദ്ര്യത്തിന്റെ നിരക്ക് 2030 ല്‍ ഒരു ശതമാനമാക്കണമെന്നും രേഖ ശിപാര്‍ശ ചെയ്യുന്നു. 2002 മുതല്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്കിന്റെ ശരാശരി എട്ട് ശതമാനമാണ്. അടുത്ത രണ്ട് പതിറ്റാണ്ടു കൂടി വളര്‍ച്ചാനിരക്കിന്റെ ശരാശരി 7.5 ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ 2040 ഓടെ കേരളത്തെ, ഉയര്‍ന്ന വരുമാനമുള്ള നോര്‍വേ, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയടങ്ങുന്ന നോര്‍ഡിക് രാജ്യങ്ങള്‍ക്ക് തുല്യമായ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയിലാണ് കരട് രേഖ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, ഊര്‍ജ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
ആസൂത്രണ ബോര്‍ഡ് നിയോഗിക്കുന്ന വിദഗ്ധസമിതി ഇതിലെ മുന്‍ഗണനാക്രമം നിശ്ചയിച്ച് അവ അടുത്ത രണ്ടുവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇവയില്‍ പലതും നടപ്പാക്കുന്നതിന് നയപരമായ മാറ്റങ്ങള്‍ കൂടി ആവശ്യമാണെന്നിരിക്കെ അതുകൂടി പരിശോധിച്ച് മന്ത്രിസഭ അന്തിമതീരുമാനം കൈക്കൊള്ളും. ഊര്‍ജമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് ഇന്നലെ നടന്ന ചര്‍ച്ചകളിലെ ഉയര്‍ന്ന പ്രധാന ആവശ്യം. സംസ്ഥാനം പവര്‍കട്ടിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഊര്‍ജപ്രശ്‌നത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും യോഗത്തില്‍ ധാരണയായി. കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായ സാഹചര്യത്തില്‍ ഒറീസ്സ, ഗുജറാത്ത്, കേരളം ഉള്‍പ്പെടുന്ന ബൈതരണി കല്‍ക്കരി വൈദ്യുതപദ്ധതിക്കായി ശ്രമം ശക്തമാക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും യോഗം യോഗം നിര്‍ദേശിച്ചു.

 

Latest