Connect with us

International

300 വിമതരെ വധിച്ചതായി ഉക്രൈന്‍ സൈന്യം

Published

|

Last Updated

ബ്രസ്സല്‍സ്/ കീവ്: ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോവുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കൂടിക്കാഴ്ച നടത്തി. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പദ്ധതികള്‍ക്ക് ഒബാമ പിന്തുണ പ്രഖ്യാപിച്ചു. ഉക്രൈനിനെ നയിക്കാനുള്ള പൊറോഷെങ്കോയുടെത് ബുദ്ധിപരമായ തീരുമാനമാണെന്ന് ഒബാമ പ്രശംസിച്ചു.
അതേസമയം, കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ക്കെതിരെ രൂക്ഷമായ ആക്രമണമാണ് സൈനികര്‍ നടത്തുന്നത്. സ്ലാവ്യാന്‍സ്‌കില്‍ അത്യാധുനിക ഓട്ടോമാറ്റിക് ആയുധങ്ങളുമായി രണ്ടാം ദിവസവും സൈന്യവും വിമതരും നേര്‍ക്കുനേര്‍ പൊരുതുകയാണ്. ഭയചകിതരായ തദ്ദേശീയര്‍ കൂട്ടംകൂട്ടമായി പ്രദേശം വിടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 300 വിമതര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ സൈന്യം വെളിപ്പെടുത്തി. എന്നാല്‍ വിമതര്‍ ഇത് തള്ളിക്കളഞ്ഞു. ഉക്രൈന്‍ സൈന്യത്തിനാണ് കനത്ത നഷ്ടം സംഭവിച്ചെതെന്നാണ് അവരുടെ വാദം.
17 വര്‍ഷത്തിനിടെ ആദ്യമായി റഷ്യയെ ഒഴിവാക്കി ലോകത്തെ വന്‍കിട വ്യാവസായിക രാഷ്ട്രങ്ങള്‍ ഉച്ചകോടി നടത്തി. നേരത്തെ റഷ്യന്‍ കരിങ്കടല്‍ തീരത്തെ സോച്ചിയില്‍ നടത്താന്‍ നിശ്ചയിച്ച ഉച്ചകോടി, ഉക്രൈനിലെ സംഭവവികാസങ്ങള്‍ കാരണം ബ്രസ്സല്‍സില്‍ വെച്ചാണ് നടക്കുന്നത്. കിഴക്കന്‍ ഉക്രൈന്‍ നഗരമായ ക്രിമിയ ഹിതപരിശോധനയിലൂടെ റഷ്യയുമായി ലയിച്ചതോടെയാണ് റഷ്യയെ ജി എട്ട് കൂട്ടായ്മയില്‍ നിന്ന് പുറത്താക്കിയത്. 1997ല്‍ കൂട്ടായ്മയില്‍ അംഗമായതിന് ശേഷം ഇതാദ്യമായാണ് റഷ്യയില്ലാതെ ലോകശക്തികള്‍ ഒത്തുചേരുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്‍ദെ എന്നിവരുമായി പ്രത്യേകം പുടിന്‍ ഈയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്.