Connect with us

International

ലിബിയന്‍ സൈനിക മേധാവിയെ ലക്ഷ്യം വെച്ച് ചാവേറാക്രമണം

Published

|

Last Updated

ട്രിപ്പോളി: ലിബിയന്‍ സൈനിക മേധാവി ജനറല്‍ ഖലീഫ ഹഫ്തറിന്റെ വസതിക്ക് നേരെ ചാവേര്‍ ആക്രമണം. ബന്‍ഗാസിയില്‍ നിന്ന് 60 കി മീ അകലെ അബിയാര്‍ നഗരത്തിലെ ഫാം ഹൗസിലാണ് സ്‌ഫോടനം. ഹഫ്തറിന് ആക്രമണത്തില്‍ പരുക്കുകളൊന്നുമില്ല. ഹഫ്തറിന്റെ നേതൃത്വത്തിലുള്ള സൈന്യം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്തുണയുള്ള നാല് തീവ്രവാദികളെ കൊലപ്പെടുത്തിയിരുന്നു. തീവ്രവാദികള്‍ക്കെതിരെ ഹഫ്തറിന്റെ സൈന്യം ശക്തമായ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ തീവ്രവാദികളെ പിന്തുണക്കുകയാണെന്ന് ഹഫ്തര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ നിഷേധിച്ചു.
ഹഫ്തറിന്റെ സൈന്യവും തീവ്രവാദികളും ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഹഫ്തറിന് നേരെ നടക്കുന്ന ആദ്യ വധശ്രമമാണിത്. ഗേറ്റിനടുത്തേക്ക് സ്‌ഫോടക വസ്തുവായി എത്തിയ ടൊയോട്ട കാര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ് ക്രോസ് സംഘടനയുടെ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. തീരപ്രദേശത്തെ റെഡ് ക്രസന്റ് കെട്ടിടത്തിലേക്ക് പോകുകയായിരുന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌ലാമിസ്റ്റ് തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 20 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അന്‍സാറുശ്ശരീഅ തീവ്രവാദികളെയാണ് സൈന്യം കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. ലിബിയയില്‍ ഇപ്പോള്‍ രണ്ട് പ്രധാനമന്ത്രിമാരുള്ള അവസ്ഥയാണ്. അബ്ദുല്ല അല്‍താനി ഏപ്രിലില്‍ കുടുംബത്തിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് രാജി വെച്ചിരുന്നു. എന്നല്‍ അടുത്ത് നടന്ന തിരഞ്ഞെടുപ്പില്‍ അഹ്മദ് മയ്തഗ് തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് അധികാരം ഇതുവരെ കൈമാറിയിട്ടില്ല. ഇതിനിടെ ജനറല്‍ ഖലീഫ ഹഫ്തര്‍ ഭരണ അട്ടിമറി നടത്താനുള്ള പദ്ധതിയിലുമാണ്.