Connect with us

International

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ അമേരിക്കക്ക് ഉത്കണ്ഠ

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത ലൈംഗികാതിക്രമങ്ങളിലും കൊലപാതകങ്ങളിലും അമേരിക്ക ആശങ്ക രേഖപ്പെടുത്തി. അതേസമയം സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറും സന്നദ്ധ സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും ഇന്ത്യയില്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് അമേരിക്കയിലെ സാമൂഹിക വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇന്ത്യയില്‍ ക്രിമിനല്‍ പശ്ചാത്തലത്തില്‍ വളരുന്ന നിരവധി കുടുംബങ്ങളെ കാണാന്‍ സാധിച്ചുവെന്നും അമേരിക്കന്‍ വക്താവ് മാരി ഹാര്‍ഫ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഇതിനെതിരെ ശക്തമായ നിയമ നിര്‍മാണം നടത്തലും കഠിനപ്രയത്‌നത്തിലൂടെ ജനങ്ങളെ ധാര്‍മികബോധമുള്ളവരാക്കലുമാണ് പരിഹാരമാര്‍ഗമെന്നും അവര്‍ നിര്‍ദേശിച്ചു. അതേസമയം ചില വ്യക്തികളും സന്നദ്ധസംഘടനകളും നടത്തുന്ന സ്ത്രീകളെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ സ്ത്രീകളുടെ ജീവതം സുരക്ഷിതമാക്കുന്നതിന് സമൂഹത്തിന്റെ എല്ലാ തലത്തിലും എത്തും വിധം അടിയന്തരമായി നിയമ നിര്‍മാണം നടത്തണമെന്ന് യു എസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് റോന്‍ സോമെര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ സംഭവത്തിനോട് തുല്യമായ നിരവധി സംഭവങ്ങള്‍ വ്യത്യസ്ത സമയങ്ങളിലായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വത്തിന്റെ നാശത്തെയാണ് ഇത് കാണിക്കുന്നത്. ഇത് ഇന്ത്യയുടെ യാഥാര്‍ഥ മുഖത്തിന് കളങ്കം വരുത്തുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള സന്ദര്‍ശകരും വാണിജ്യ നിക്ഷേപകരും അവരുടെ സുരക്ഷിതത്വം ഭയന്ന് ഇന്ത്യയുമായുള്ള സഹകരണം നിര്‍ത്തിവെക്കുന്നതിലേക്കായിരിക്കും ഇത്തരം സംഭവങ്ങള്‍ വഴി നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

 

Latest