Connect with us

National

സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെങ്കില്‍ മുണ്ടെ രക്ഷപ്പെടുമായിരുന്നു

Published

|

Last Updated

ന്യുഡല്‍ഹി: കാറില്‍ സഞ്ചരിക്കുമ്പോള്‍ പിന്‍ സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍ട്ട് ധരിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍. വാഹനം ഓടിക്കുമ്പോഴും വാഹനത്തില്‍ യാത്രക്കാരനായിരിക്കുമ്പോഴും സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ കാര്യമായ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.
സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെങ്കില്‍ ചൊവ്വാഴ്ച റോഡപകടത്തില്‍ മരിച്ച ഗ്രാമ വികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും ഹര്‍ഷ് വര്‍ധന്‍ അഭിപ്രായപ്പെട്ടു.”സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെങ്കില്‍ മുണ്ടെയെ രക്ഷിക്കാനാകുമായിരുന്നു. തെറ്റായ ധാരണയില്‍ എനിക്ക് എന്റെ സുഹൃത്തിനെ നഷ്ടപ്പെട്ടു. പിന്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റുകള്‍ വെച്ചത് വെറും ഭംഗിക്കാണെന്നാണ് മിക്കവാറും ആളുകള്‍ കരുതുന്നത്. മുന്‍ സീറ്റിലിരിക്കുന്ന ആള്‍ ബെല്‍റ്റ് ധരിക്കുന്നതു പോലെ പിന്‍ സീറ്റിലിരിക്കുന്നവരും ബെല്‍റ്റ് ധരിക്കണം “-മന്ത്രി പറഞ്ഞു. മുണ്ടെയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്രയിലെ ബീഡിലേക്ക് യാത്രപുറപ്പെടും മുമ്പ് വര്‍ധന്‍ പറഞ്ഞു.
വാഹനാപകടത്തില്‍ മുതിര്‍ന്നവര്‍ക്ക് ജീവഹാനി സംഭവിക്കുമ്പോള്‍ കുട്ടികളുടെ ദുരവസ്ഥയില്‍ ഊന്നിയായിരിക്കും സീറ്റ് ബെല്‍ട്ടുകള്‍ ധരിക്കേണ്ട അനിവാര്യതയെ കുറിച്ച് ബോധവത്കരണം സംഘടിപ്പിക്കുക. സര്‍ക്കാര്‍ ഇതര സംഘടനകളുടെ സഹായത്തോടെയായിരിക്കും ഇത്.
ട്രാഫിക് സിഗ്നല്‍ ശ്രദ്ധിക്കാതെ വന്ന ഒരു കാര്‍ മന്ത്രി മുണ്ടെയുടെ വാഹനത്തിലിടിച്ചുണ്ടായ അപകടത്തില്‍ മിനിട്ടുകള്‍ക്കകം അദ്ദേഹം അന്ത്യശ്വാസം വലിച്ചിരുന്നുവെന്ന് വര്‍ധന്‍ പറഞ്ഞു. മന്ത്രി ഗോപിനാഥ് മുണ്ടെയുടെ ദുരന്തം ഒരു വഴിത്തിരിവായി നമുക്ക് പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.
അപകടത്തില്‍ മുണ്ടെക്ക് ആന്തരാവയവങ്ങളില്‍ സാരമായി പരുക്കേല്‍ക്കുകയും ഹൃദയാഘാതവും ഉണ്ടായി.
ആശുപത്രിയിലെത്തുമ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു.

Latest