Connect with us

Ongoing News

കേരളത്തിന്റെ തമിഴ്‌നാട്ടിലെ ഭൂമി സംരക്ഷിക്കാന്‍ നടപടി

Published

|

Last Updated

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കേരള സര്‍ക്കാരിനുള്ള കുറ്റാലം കൊട്ടാരത്തിന്റെയും ചേര്‍ന്നുള്ള 55 ഏക്കറോളം ഭൂമിയുടെയും കൈവശാവകാശം നിലനിര്‍ത്താനും കോടികള്‍ വിലമതിക്കുന്ന ഭൂമി സംരക്ഷിക്കാനും അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനം. കേരളപ്പിറവിക്ക് മുമ്പ് തിരുവിതാംകൂറിന്റെ അധീനതയിലുണ്ടായിരുന്ന ഈ ഭൂമി സംസ്ഥാന പുന:സംഘടനയോടെയാണ് കേരളത്തിന്റെ ഭാഗമായി മാറിയത്. 1957-ല്‍ ഈ സ്ഥലം കേരളത്തിന് കൈമാറിയിരുന്നു. കേരള സര്‍ക്കാരിന്റെ പേരില്‍ പട്ടയമുള്ള ഭൂമിയില്‍ ചില നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റവന്യൂമന്ത്രി അടൂര്‍പ്രകാശ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. കലക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തിങ്കളാഴ്ച കുറ്റാലം സന്ദര്‍ശിച്ച് തിരുനെല്‍വേലി കലക്ടറുമായി ചര്‍ച്ച നടത്തും.
റിപ്പോര്‍ട്ട് ലഭിച്ചശേഷം മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ നിലവിലുള്ള കേസില്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി ഇടപെടുന്നതിനും തിരുനെല്‍വേലി ഡി.ആര്‍.ഒ.യുടെ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുന്നതിനുമുള്ള സാധ്യത ആരായുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു. കുറ്റാലം കൊട്ടാരത്തിന്റെ നടത്തിപ്പ് തൃപ്തികരമല്ലെന്നും മാനേജ്‌മെന്റിനെക്കുറിച്ച് ആക്ഷേപമുണ്ടെന്നും ഈ ഭൂമി അന്യാധീനപ്പെടുത്താനോ കൈവശപ്പെടുത്താനോ നടത്തുന്ന നീക്കങ്ങളെ കര്‍ശനമായി തടയുമെന്നും മന്ത്രി അടൂര്‍പ്രകാശ് അറിയിച്ചു.