Connect with us

Kozhikode

'നാളേക്കൊരു തണല്‍' പരിസ്ഥിതി ദിനത്തില്‍ എസ് എസ് എഫ് രണ്ട് ലക്ഷം വൃക്ഷത്തൈകള്‍ നടുന്നു

Published

|

Last Updated

കോഴിക്കോട്: “നാളേക്കൊരു തണല്‍” എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് രണ്ട് ലക്ഷം വൃക്ഷത്തൈകള്‍ നടും. ഭൂമിയില്‍ മനുഷ്യന്റെ ചൂഷണാധിഷ്ഠിത ഇടപെടല്‍ മൂലം കാലാവസ്ഥാ മാറ്റവും അതികഠിനമായ ചൂടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രകൃതിയുടെ താളം നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള ഇടപെടലുകളുടെ ഭാഗമായാണ് എസ് എസ് എഫ് സംസ്ഥാന വ്യാപകമായി വൃക്ഷത്തൈകള്‍ നടുന്നത്.
6300 ഗ്രാമങ്ങള്‍, 232 ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ലക്ഷം വൃക്ഷത്തൈകള്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ നടും. കഴിഞ്ഞ ആറ് വര്‍ഷമായി പരിസ്ഥിതി ദിനത്തില്‍ എസ് എസ് എഫ് വൃക്ഷത്തൈകള്‍ വെച്ചു പരിസ്ഥിതി ബോധവത്കരണത്തില്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ വൃക്ഷത്തൈകള്‍ നട്ട് അവയെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപന പരിസരം, തരിശു സ്ഥലങ്ങള്‍, പാതയോരങ്ങള്‍ ഉള്‍പ്പെടെ പ്രധാന കവലകളിലും പൊതുസ്ഥലങ്ങളിലും പൊതുജന പങ്കാളിത്തത്തോടെയാണ് തൈകള്‍ നടുന്നത്. സംസ്ഥാനത്ത 14 കേന്ദ്രങ്ങളിലും 87 ഡിവിഷന്‍ കേന്ദ്രങ്ങളിലും നടക്കുന്ന വൃക്ഷത്തൈ നടല്‍ ചടങ്ങില്‍ ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും സംബന്ധിക്കും. ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ ജയകുമാര്‍ നിര്‍വ്വഹിച്ചു. വി അബ്ദുല്‍ ജലീല്‍ സഖാഫി, വി പി എം ഇസ്ഹാഖ്, ഉമര്‍ ഓങ്ങല്ലൂര്‍, എ എ റഹീം, സൈനുദ്ദീന്‍ സഖാഫി, ശിഹാബുദ്ദീന്‍ സഖാഫി, മുഹമ്മദ് ശാഫി പി കെ, അബ്ദുസ്സമദ് മുട്ടന്നൂര്‍ സംബന്ധിച്ചു.
തിരുവനന്തപുരം കവടിയാര്‍ മര്‍കസില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൊല്ലം ഖാദിസിയ്യ സ്‌കൂളില്‍ സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, പത്തനംതിട്ട തിരുവല്ലയില്‍ മാത്യു ടി തോമസ് എം എല്‍ എ, ആലപ്പുഴയില്‍ ഡെ. കലക്ടര്‍ ജി ഗോകുല്‍, കോട്ടയം ചെങ്ങറയില്‍ പി സി ജോര്‍ജ്, എറണാകുളം ആലുവയില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ, തൃശൂര്‍ മന്ദലാംകുന്നില്‍ കെ വി അബ്ദുല്‍ ഖാദിര്‍ എം എല്‍ എ, പാലക്കാട് വണ്ടിത്താവളത്ത് കൃഷ്ണന്‍കുട്ടി എം എല്‍ എ, കോഴിക്കോട് മര്‍കസ് സ്‌കൂളില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ, വയനാട് ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കണ്ണൂര്‍ താഴെ ചൊവ്വയില്‍ ദിനേശന്‍ മടത്തില്‍, കാസര്‍കോട് ഹസന്‍ഗഡിയില്‍ പി കെ ചന്ദ്രന്‍, നീലഗിരി ഗൂഡല്ലൂരില്‍ തേജസ്‌വി എന്നിവര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

 

Latest