Connect with us

Kannur

ജന്തു, ജൈവ സമ്പത്തുകള്‍ക്ക് വന്‍ ഭീഷണിയാകുന്നു

Published

|

Last Updated

കണ്ണൂര്‍: ജൈവവൈവിധ്യ സംരക്ഷണത്തിന് അതീവ ജാഗ്രത പുലര്‍ത്തേണ്ട ലോകത്തിലെ പ്രധാന പ്രദേശങ്ങളിലൊന്നായി കണക്കാക്കപ്പെട്ട പശ്ചിമ ഘട്ട മലനിരകളിലെ അപൂര്‍വ ജന്തു, ജൈവ സമ്പത്തുകളെ കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിക്കുന്നു. വടക്ക് ഗുജറാത്തിലൂടെ ഒഴുകുന്ന തപനി നദി മുതല്‍ തെക്ക് കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമ ഘട്ട മലനിരകള്‍ക്ക് ഏറ്റവും അടുത്ത കാലത്തുണ്ടായ നാശമാണ് കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി ജൈവവൈവിധ്യ ശോഷണത്തിനും ഇടയാക്കുന്നത്. കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷനല്‍, യുനെസ്‌കോ തുടങ്ങിയ അന്താരാഷ്ട്രാ പരിസ്ഥിതി, പൈതൃക സംരക്ഷണ സംഘടനകള്‍ അതീവ ജാഗ്രതയോടെ വീക്ഷിക്കുന്ന മലനിരകള്‍ കൂടിയാണ് പശ്ചിമ ഘട്ടം. ദേശീയ, അന്തര്‍ദേശീയ പരിസ്ഥിതി സംഘടനകളും ഗവേഷകരും നിരന്തരമായി നടത്തിവരുന്ന അന്വേഷണങ്ങള്‍ക്കിടയിലാണ് കാലാവസ്ഥാ വ്യതിയാനം പശ്ചിമഘട്ടത്തെയും ഗുരുതരമായി ബാധിച്ചുവെന്ന വിലയിരുത്തലിലെത്തിച്ചത്.

സസ്യ, ജന്തു ജനുസ്സുകളില്‍ പലതും ഇതിനകം അപ്രത്യക്ഷമായി കഴിഞ്ഞതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ ജൈവവൈവിധ്യ സമ്പത്തിന്റെ 35 ശതമാനം നിലകൊള്ളുന്ന പശ്ചിമ ഘട്ട മേഖലയില്‍ നാലായിരത്തിയഞ്ഞൂറോളം സപുഷ്പിസസ്യങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആയിരത്തിഎഴുന്നൂറോളം ഇനങ്ങള്‍ ലോകത്തില്‍ മറ്റൊരിടത്തും ഇല്ലാത്തതാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയുള്‍പ്പെടെയുള്ളവ ദേശ്യ ഇനങ്ങളില്‍ പ്രാധാന്യമുള്ളവയാണ്. പശ്ചിമ ഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 333 ഇനം പൂമ്പാറ്റകളില്‍ 34 ഇനം ലോകത്ത് മറ്റെവിടെയുമില്ലാത്തവയാണ്. മത്സ്യത്തിന്റെ കാര്യത്തില്‍ 312 ഇനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 136 ഇനം സഹ്യാദ്രിസാനുക്കളിലെ അരുവികളിലും ആറുകളിലും മാത്രമാണ് കാണപ്പെടുന്നത്. തവള വര്‍ഗത്തില്‍ 170 ഇനം കണ്ടെത്തിയതില്‍ 148 ഇനവും പശ്ചിമ ഘട്ടത്തിന്റെ സ്വന്തമാണ്. ഏറ്റവും അടുത്ത കാലത്ത് കണ്ടെത്തിയ പന്നിമൂക്കന്‍ തവളയുള്‍പ്പെടെ ഈ മലനിരകളിലെ തവളകള്‍ ഏറെ പ്രത്യേകതയുള്ളവ കൂടിയാണ്. ഇണ ചേരാനും പ്രജനനത്തിനും മാത്രമായി രണ്ടാഴ്ചയോളം മാത്രം മണ്ണിന് മുകളില്‍ വരുന്ന പന്നിമൂക്കന്‍ തവളയുടെതിന് സാമ്യമുള്ള മറ്റൊരിനത്തിനെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെറിയ ദ്വീപായ സിഷെല്‍ഡില്‍ മാത്രമാണ് കണ്ടുവരുന്നത്. മണ്ണിനടിയില്‍ കഴിയുന്ന യൂറോപെല്‍റ്റിഡേ എന്ന പാമ്പന്‍ കുടുംബത്തിലുള്ളതടക്കം 47 ഇനം പാമ്പുകള്‍ സഹ്യാദ്രിയുടെ മാത്രം പ്രത്യേകതയാണ്. സഹ്യപര്‍വത പ്രദേശത്തുള്ള 140 ഇനം സസ്തനികളില്‍ 16 ഇനമെങ്കിലും ലോകത്തില്‍ ഈയൊരു കോണില്‍ മാത്രമാണ് കാണപ്പെടുന്നത്. വരയാട്, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ് തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും.
കാലാവസ്ഥാമാറ്റം മൂലം പശ്ചിമ ഘട്ട നിരകളിലെ ജൈവ, ജന്തുസമ്പത്തിന് ഏറ്റവും അടുത്ത കാലം മുതലാണ് നാശം നേരിട്ട് തുടങ്ങിയതെന്ന് പഠനങ്ങള്‍ പറയുന്നു. കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷനല്‍ ഇറക്കിയ അതീവ ജാഗ്രതാ ജൈവവൈവിധ്യ മേഖലയെക്കുറിച്ചുള്ള കണക്കില്‍ സഹ്യപര്‍വതത്തിലെ തനത് സസ്യാവരണം ഇനി ഏഴ് ശതമാനത്തില്‍ താഴെ മാത്രമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. തുണ്ടംതുണ്ടായ വനങ്ങളും ഖനനവും പാരിസ്ഥിതിക മേഖലയിലേക്കുള്ള വന്‍ കൈയേറ്റവുമാണ് പശ്ചിമ മലനിരകളുടെ കാലാവസ്ഥയെ പ്രധാനമായും മാറ്റിയത്. നിശ്ചിത കാലാവസ്ഥയിലും ആവാസ വ്യവസ്ഥയിലും മാത്രം നില്‍ക്കുന്ന സസ്യ, ജന്തുജനുസ്സുകളെയാണ് കാലാവസ്ഥാമാറ്റം കാര്യമായി ബാധിക്കുന്നത്. 1982ല്‍ നീലക്കുറിഞ്ഞി പൂത്ത പല പുല്‍മേടുകള്‍, 1994ലും പിന്നീട് 2006ലും 2011ലുമെല്ലാം നടത്തിയ പഠനത്തില്‍ ഇല്ലാതായതായി കണ്ടെത്തിയിട്ടുണ്ട്. സഹ്യാദ്രിയിലെ കാലാവസ്ഥാ പ്രശ്‌നം കൊണ്ട് ഇവിടെ നിന്നുത്ഭവിക്കുന്ന ഭവാനി, കബനീ നദികളിലെ 30 ഓളം ഇനം മത്സ്യങ്ങള്‍ ഇല്ലാതായതായും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമ ഘട്ടത്തില്‍ കാണപ്പെടുന്ന 508 ഇനം പക്ഷികളില്‍ പലതിനെയും മലനിരകളുടെ നാശം കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും ചെറിയ ഭൂവിസ്തൃതിയില്‍ ഒതുങ്ങിക്കഴിയുന്ന ദേശ്യപക്ഷിയിനങ്ങളില്‍ ഒന്നായ നീലഗിരി ലാഫിംഗ് ത്രഫ് എന്നറിയപ്പെടുന്ന പക്ഷിയെ വംശനാശ ഭീണിയെ തുടര്‍ന്ന് ഐ യു സി എന്‍ ചെമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ നേരത്തെ കണ്ടിരുന്ന മലബാര്‍ വെരുക് തീര്‍ത്തും അപ്രത്യക്ഷമായി. ലോകപ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന ലാറ്റിന്‍ഡ് സാലിമാലി എന്ന പേരിലുള്ള വവ്വാല്‍ വെറും 40 എണ്ണം മാത്രമായി ചുരുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. പെരിയാറിന് തെക്കുകിഴക്ക് ഹൈവേവി മലകളില്‍ മാത്രമാണ് ഈ പറക്കും സസ്തനിയെ കണ്ടെത്തിയിട്ടുള്ളത്. മഴക്കാടുകളെ മേലാപ്പില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന സിംഹവാലന്‍ കുരങ്ങ്, ലോകത്തില്‍ ആകെ 2,000 എണ്ണം മാത്രമുള്ള വരയാട് എന്നിവയും വംശനാശഭീണിയുള്ള മൃഗങ്ങളുടെ ഗണത്തില്‍പ്പെടുന്നണ്ട്. ഓന്ത് വര്‍ഗത്തില്‍പ്പെട്ട സാലിയ ആനമലയാന, സാലിയ ഹോഴ്‌സ് ഫീല്‍ഡിയും പശ്ചിമ ഘട്ടത്തിലെ കാലാവസ്ഥാമാറ്റം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജീവികളാണ്.