Connect with us

Editorial

കുട്ടികള്‍ ലഹരിക്ക് അടിപ്പെടാതിരിക്കാന്‍

Published

|

Last Updated

കലാലയ പരിസരങ്ങളിലെ ലഹരി മാഫിയയുടെ സ്വാധീനത്തെക്കുറിച്ചു പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണ്. അധികൃതരുടെ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും നിഷ്പ്രഭമാക്കി വിദ്യാര്‍ഥികള്‍ക്കിടയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കയാണ് ലഹരിമാഫിയ. സ്‌കൂള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്നും മദ്യവും വില്‍പന നടത്തുന്ന സംഘങ്ങളുടെയും ലഹരി ഉപയോഗത്തിന് പിടിക്കപ്പെടുന്ന കുട്ടികളുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. പുതിയ അധ്യായന വര്‍ഷത്തിന് മുന്നോടിയായി കലാലയ പരിസരങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 131 ലഹരി ഉത്പന്ന വില്‍പനക്കാരെ പിടികൂടിയിരുന്നു. വിദ്യാര്‍ഥികളെ വളരെ വേഗത്തില്‍ പ്രലോഭനങ്ങളില്‍ വീഴ്ത്താന്‍ സാധിക്കുന്നുവെന്നതാണ് മാഫിയകള്‍ കലാലയ പരിസരങ്ങളില്‍ പിടിമുറുക്കാന്‍ കാരണം. അസോസിയേറ്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് നഗര പ്രദേശങ്ങളിലെ 45 ശതമാനം വിദ്യാര്‍ഥികളും ലഹരി ഉപയോഗിക്കുണ്ടെന്നാണ്. നാഷനല്‍ കമ്മിഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് കേരളത്തിലെ അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള 119 കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ മുമ്പ് ലഹരി ഉപയോഗിക്കുന്ന ബാലകൗമാര പ്രായക്കാരുടെ ശരാശരി വയസ്സ് 21 ആയിരുന്നന്നത് പിന്നീട് 18ആയും ഇപ്പോള്‍ 14ആയും കുറഞ്ഞതായി രേഖപ്പെടുത്തുന്നു. സമൂഹത്തിന്റെ ഭാവിപ്രതീക്ഷയായ കൗമാരവും യുവത്വവും മനസ്സും ആരോഗ്യവും ക്ഷയിച്ചു സമൂഹത്തിനും നാടിനും ഭാരമായിത്തീരുന്നുവെന്നതാണ് ഇതിന്റെ അനന്തരഫലം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗം ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് വിദ്യാര്‍ഥികളെ മോചിപ്പക്കാന്‍ ക്ലീന്‍ ക്യാമ്പസ്-സേവ് ക്യാമ്പസ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കയാണ് . ജാഗ്രതാ സമിതികളുടെയും പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും സഹകരണത്തോടെ കലാലയങ്ങള്‍ക്കു സമീപത്തെ ലഹരി വസ്തുക്കളുടെ വില്‍പന നിശേഷം ഇല്ലാതാക്കുകയാണ് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ മാസം 13ന് ആരംഭിക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കലാലയങ്ങള്‍ക്കു സമീപം പാന്‍മസാല പോലുള്ള നിരോധിത ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരായ നടപടി കൂടുതല്‍ കര്‍ശനമാക്കും.
കലാലയ പരിസരങ്ങളെ ലഹരി വില്‍പനക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിന് മുമ്പും പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കിയിരുന്നെങ്കിലും അവയൊന്നും വേണ്ടത്ര ഫലവത്തായില്ല. ഇടക്കിടെ പുതിയ പദ്ധതികളാവിഷ്‌കരിച്ചതുകൊണ്ട് മാത്രം തടയാനാകുന്നതല്ല, ഉദ്യോഗസ്ഥ തലങ്ങളിലടക്കം ശക്തമായ സ്വാധീനമുള്ള ഇത്തരം മാഫിയകളുടെ പ്രവര്‍ത്തനം. കലാലയ പരിസരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് മാഫിയയിലെ ഏറ്റവും താഴെയുള്ള കണ്ണികളാണ്. ഇവര്‍ക്ക് ഉത്പന്നങ്ങളെത്തിച്ചു കൊടുക്കുന്ന കൊമ്പന്‍ സ്രാവുകളെ പിടികൂടിയെങ്കില്‍ മാത്രമേ സംസ്ഥാനത്തേക്കുള്ള ലഹരി മരുന്നുകളുടെ ഒഴുക്ക് തടയാനാകൂ. ഉത്തരേന്ത്യയില്‍ നിന്ന് ഇടുക്കി വഴിയാണ് മുഖ്യമായും കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതിര്‍ത്തികളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ വ്യാപകമായ മയക്കുമരുന്ന് കടത്തിന് സാധ്യതയില്ലെന്നിരിക്കെ അത്തരം ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള നടപടി കൂടി കൈക്കൊള്ളേതുണ്ട്.
കലാലയ പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ ലഭ്യതക്കപ്പുറം വളരുന്ന ചുറ്റുപാട് കൂടിയാണ് കുട്ടികളെ ലഹരി പദാര്‍ഥങ്ങളുമായി അടുപ്പിക്കുന്നത്. നമ്മുടെ ആഘോഷങ്ങളിലും മറ്റു പൊതു, ഗാര്‍ഹിക സദസ്സുകളിലും മരണാന്തര ചടങ്ങുകളില്‍ പോലും മദ്യം അനിവാര്യ ഘടകമയായി മാറിയിരിക്കയാണിന്ന്. മുതിര്‍ന്നവരെ കണ്ടാണ് കുട്ടികള്‍ വളരുന്നതെന്ന സത്യം മാതാപിതാക്കളും ബന്ധുക്കളും പൊതുസമൂഹവും സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. മാത്രമല്ല, മദ്യപാനികളായ ഹീറോകളെയാണ് സിനിമകളിലൂടെയും സീരിയകളിലൂടെയും കുട്ടികള്‍ പരിചയപ്പെടുന്നത്. മദ്യോപയോഗത്തിന് പ്രേരണ നല്‍കുന്ന പരസ്യങ്ങളും സുലഭം. മറ്റുള്ളവരുടെ ശ്രദ്ധ പതിയാതെ ഉപയോഗിക്കാകുന്ന വിധം മിഠായി രൂപത്തിലും ഗുളിക മാതൃകയിലും ശീതളപാനീയ വേഷങ്ങളിലുമെല്ലാം ഇവ ലഭിക്കുകയും ചെയ്യുന്നു. ആരോഗ്യചികിത്സാ രംഗത്തുള്ള ചിലയിനം മരുന്നുകള്‍ പോലും ലഹരിക്കായി ദുരുപയോഗം ക്യാമ്പസുകളെ കേന്ദ്രീകരിച്ചു നിരക്ഷണം ശക്തിപ്പെടുത്തിയത് കൊണ്ട് മാത്രം കുട്ടികളെ ഈ മാരക വിപത്തില്‍ നിന്ന് മോചിപ്പിക്കാനാകുമോ?