Connect with us

Articles

ഏത് പരിസ്ഥിതിയെയാണിവര്‍ സംരക്ഷിക്കുന്നത്?

Published

|

Last Updated

ഒരുപക്ഷേ, സമീപകാലത്തൊന്നുമില്ലാത്തത്ര സന്തോഷകരമായ ചില വാര്‍ത്തകളാണ് ഈ പരിസ്ഥിതി ദിനത്തിനൊപ്പം (ജൂണ്‍ അഞ്ച്) നമുക്ക് കിട്ടിയിട്ടുള്ളത്. അതെ, ആറന്മുള വിമാത്താവളം എന്ന വിനാശ പദ്ധതിക്കുള്ള അനുമതി (കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയത്) ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയ വാര്‍ത്തയാണത്. ആ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. അത്രയും ആശ്വാസം. കാരണം, ഇത് വഴി സംസ്ഥാന ഖജനാവിന് നഷ്ടമാകുമായിരുന്ന തുകയെങ്കിലും ലാഭിക്കാം. ഒരു സ്വകാര്യ വിമാനത്താവള പദ്ധതിക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തിയ, പ്രകൃതിക്കും നിയമത്തിനും എതിരായ, പ്രവര്‍ത്തനങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞിരിക്കുന്നു. അസത്യങ്ങള്‍ കൊണ്ടും അഴിമതികള്‍ കൊണ്ടും തീര്‍ക്കാന്‍ ശ്രമിച്ച ചീട്ടുകൊട്ടാരമാണ് തകര്‍ന്നുവീണത്.
ഈ കള്ള പദ്ധതിക്കായി ആദ്യം വഴിയൊരുക്കിയത് മുന്‍ ഇടതു സര്‍ക്കാറാണ്. കാര്യം പറയാതെ വി എസ് അച്യുതാനന്ദനെ കൊണ്ട് ഫയലില്‍ ഒപ്പിടുവിക്കുകയായിരുന്നു എന്നൊരു വാദമുണ്ട്. എന്നാല്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ പൂര്‍ണ അറിവോടെയും സമ്മതത്തോടെയും ആ മന്ത്രിസഭയുടെ ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥനാണ് (ഏത് മന്ത്രിസഭക്കും പ്രിയങ്കരന്‍ തന്നെ) 2000 ഏക്കര്‍ ഭൂമി പദ്ധതിക്കായി വ്യവസായ മേഖലാ പ്രഖ്യാപനം നടത്തിയത്. ഇതാരും അറിയാതെയാകില്ല. നെല്‍വയലും തണ്ണീര്‍ തടവും നിറഞ്ഞ ആ പ്രദേശത്ത് വിമാനത്താവളം നിര്‍മിക്കാന്‍ “തത്വത്തില്‍” അംഗീകാരം നല്‍കിയപ്പോള്‍ ഇതൊന്നും ചിന്തിച്ചില്ലെന്നുണ്ടോ? ഇതെല്ലാം പോകട്ടെ, ആറന്മുളയില്‍ സിറ്റിംഗ് എം എല്‍ എ 2011ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ ഇറക്കിയ പോസ്റ്ററും നോട്ടീസും ഇപ്പോഴും പലരുടെയും കൈയിലുണ്ട്. “ആറന്മുളയില്‍ പറന്നുയരാന്‍ പോകുന്ന” വികസനത്തിന്റെ പിന്‍ബലത്തിലാണ് വോട്ട് ചോദിക്കുന്നത്. ഇതും അറിയാതെയാണോ?
ഇതെല്ലാം മറക്കാം. കാരണം സ്വന്തം നിലപാട് പരസ്യമായി തിരുത്താന്‍ ഇടതുപക്ഷം തയ്യാറായിരിക്കുന്നു. ജനങ്ങള്‍ തുടങ്ങിയ സമരങ്ങള്‍ക്കൊപ്പം അണി ചേരാന്‍ ഇടതുപക്ഷവും തയ്യാറായിരിക്കുന്നു. അത്രയും നല്ലത്. എന്നാല്‍ ചില ഇടതു നേതാക്കള്‍ സമരപ്പന്തലില്‍ നടത്തിയ പ്രസംഗങ്ങള്‍ അസ്വാസ്ഥ്യകരമാണ്. വിമാനം ആറന്മുളയില്‍ വേണ്ട. എന്നാല്‍, അല്‍പ്പം ദൂരെ വല്ല എസ്റ്റേറ്റുകളിലോ മറ്റോ വരണം എന്നാണ് നിലപാട്. ഇത് അപകടകരമാണ്. ഒപ്പം ഇടുക്കിയിലും വയനാട്ടിലുമെല്ലാം പുത്തന്‍ വിമാനത്താവളങ്ങള്‍ സ്ഥാപിക്കാനാണ് ഇവരുടെ പരിപാടി.
എന്തായാലും യു ഡി എഫ് ഭരണകാലത്താണ് വിമാനത്താവള സ്വപ്‌നം പല മനസ്സുകളിലും പറന്നുയര്‍ന്നത്. കേരളത്തിന്റെ അഡ്വക്കറ്റ് ജനറലടക്കമുള്ള അഭിഭാഷകരും ഉദ്യോഗസ്ഥരും നിരന്തരം വാദിച്ചത് കെ ജി എസ് എന്ന സ്വകാര്യ കമ്പനിക്കു വേണ്ടിയാണ്. അതിലേറെ, സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമങ്ങള്‍ നടപ്പിലാക്കില്ലെന്നു വാദിക്കുന്ന ഒരു അഡ്വക്കറ്റ് ജനറല്‍ ഒരു നിമിഷം പോലും അധികാരത്തിലിരിക്കാന്‍ പാടില്ല.
പൂര്‍ണമായും അസത്യങ്ങള്‍ നല്‍കി അങ്ങേയറ്റത്തെ സമ്മര്‍ദങ്ങളിലൂടെ അനുമതികള്‍ സംഘടിപ്പിച്ച ഒരു പദ്ധതിയാണിത്. സത്യസന്ധതക്ക് കീര്‍ത്തികേട്ട എ കെ ആന്റണി മന്ത്രിയായ രാജ്യരക്ഷാ വകുപ്പില്‍ നിന്നു പോലും പദ്ധതികക്ക് നിയമവിരുദ്ധ അനുമതി കിട്ടിയെന്നറിയുക. ആറന്മുളക്കടുത്ത് പുഴയില്ല, വിമാനത്താവളം നിര്‍മിക്കാന്‍ പാടങ്ങളോ ജലാശയങ്ങളോ നികത്തേണ്ടതില്ല തുടങ്ങിയ അസത്യങ്ങള്‍ “വിദഗ്ധാഭിപ്രായം” എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പതിവുപോലെ അധികാരദാസരായി. 140 അംഗ നിയമസഭയിലെ 72 അംഗങ്ങള്‍ ഒപ്പിട്ട്(അതിന് കഴിയാത്ത രണ്ട് പേര്‍ പരസ്യ പിന്തുണ) നല്‍കിയ കത്തില്‍ ഈ വിമാനത്താവളം അനാവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. കേരള നിയമസഭയുടെ പരിസ്ഥിതി സമിതി വ്യക്തമായിത്തന്നെ പദ്ധതി വിനാശകരമെന്ന് പറയുന്നു. പക്ഷേ, അഴിമതി പദ്ധതിയില്‍ 10 ശതമാനം (കമ്മീഷന്‍ കൈപ്പറ്റി) വാങ്ങി പദ്ധതിയെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. എന്തായാലും ഈ പദ്ധതിക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി ഇന്നില്ല. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കും ഈ അനുഭവമുണ്ടായി. ഒന്നല്ല, രണ്ട് വട്ടം. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് നല്‍കിയ അനുമതി കേരള ഹൈക്കോടതി റദ്ദാക്കി. ഇവിടെയൊരു യോഗ്യതയുമില്ലാത്ത ആ സ്ഥാപനത്തെക്കൊണ്ട് പാരിസ്ഥിതികാഘാത പഠനം നടത്തിച്ച് തിരഞ്ഞെടുപ്പിന്റെയും വോട്ട് എണ്ണലിന്റെയും (2011 നിയമസഭ) ഇടയില്‍ “പൊതു തെളിവെടുപ്പ്” രഹസ്യമായി നടത്തിയാണ് അനുമതി തരപ്പെടുത്തിയതെന്നാണ് ട്രൈബ്യൂണല്‍ വിധി.
പക്ഷേ, ആറന്മുള വിധിയൊന്നുമാകുന്നില്ല. 2008ല്‍ കേരള നിയമസഭ പാസാക്കിയ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം ഇപ്പോള്‍ തന്നെ ചിറകറ്റ അവസ്ഥയിലാണ്. അതിന്റെ അനിവാര്യ അനുബന്ധമായ ഡാറ്റാ ബേങ്ക് (ഓരോ പഞ്ചായത്തിലും മറ്റുമുള്ള ഭൂമിയുടെ തരം തിരിവ്- അതില്‍ നെല്‍വയല്‍,തണ്ണീര്‍ത്തടം മാര്‍ക്ക് ചെയ്യല്‍) ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതുവരുന്നതുവരെ നികത്തിയതെല്ലാം “നിയമവിധേയമാക്കലാണ്” ലക്ഷ്യം. അനേക വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കാട് പിടിച്ചുകിടക്കുന്ന പാടം എന്നു പറയുന്നു, നികത്തുന്നതിനെ ന്യായീകരിക്കാന്‍. പക്ഷേ, ഒന്നറിയുക, വെറുതെ കിടക്കുന്ന നെല്‍പ്പാടം പോലും പ്രതിവര്‍ഷം ഒരേക്കറില്‍ അഞ്ച് കോടി ലിറ്റര്‍ മഴവെള്ളം ശേഖരിച്ച് ഭൂമിക്ക് നല്‍കുന്നുണ്ട്. എല്ലായിടത്തും ജലക്ഷാമം സൃഷ്ടിച്ച് കുപ്പിക്ക് 15 രൂപ നിരക്കില്‍ പണം നല്‍കി കുപ്പിവെള്ള വില്‍പ്പന വ്യാപിപ്പിക്കാനാണ് നാം ശ്രമിക്കുന്നത്. വെള്ളം കിട്ടാതാകുന്നത് ഒരു പ്രശ്‌നമല്ല. എന്നാല്‍, “വികസന”മാണ് പ്രധാനം. “ശുദ്ധ ജലലഭ്യത” വികസനത്തില്‍ വരുന്നില്ല. എന്തായാലും തത്കാലം ആറന്മുളയിലെ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും രക്ഷപ്പെട്ടുവെന്ന് കരുതാം. എന്നാല്‍, അതേ ഭൂമി നാളെ റിയല്‍ എസ്റ്റേറ്റ് വികസനത്തിനുപയോഗിക്കപ്പെടാം. ആറന്മുളയിലെ ഏറ്റവും ആദ്യത്തെ സമരത്തില്‍ മുതല്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഉണ്ട്.
പക്ഷേ, ഈ കുറിപ്പെഴുതുമ്പോള്‍ കേരള മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വാര്‍ത്തകള്‍ കണ്ട് ഏറെ ആശങ്കപ്പെടുകയാണ്. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ അറബിക്കടലിലെറിയണമെന്ന “സംസ്ഥാനത്തിന്റെ ആവശ്യം” പരിഗണിക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജാവേദ്കര്‍ “ഉറപ്പ് നല്‍കി”യെന്ന് മുഖ്യമന്ത്രി പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ബി ജെ പിയുടെതാണ്. ആ കക്ഷിയുടെ കേരള ഘടകം സംശയരഹിതമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പക്ഷേ, എന്താകും കേന്ദ്ര സര്‍ക്കാറിന്റെ നയം? കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കുമെന്ന നിലപാട് ശരി. എന്നാല്‍, ഏറെ രാഷ്ട്രീയ സമ്മര്‍ദമുണ്ടായിട്ടു പോലും യു പി എ സര്‍ക്കാറിന് ഈ ആവശ്യം അംഗീകരിക്കാനായില്ല. തങ്ങള്‍ ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും നടപ്പാക്കില്ലെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാറിനാകില്ല. കാരണം അത് നിയമവിരുദ്ധമാണ്. കേരളത്തിലെ അഡ്വക്കറ്റ് ജനറിലിനെപ്പോലെയാകാന്‍ കേന്ദ്രത്തിലെ വക്കീലന്മാര്‍ക്കാകില്ല. യു പി എയെക്കാള്‍ മോശമായ നിലപാട് ബി ജെ പി സര്‍ക്കാര്‍ ഗാഡ്ഗില്‍ വിഷയത്തില്‍ എടുക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇല്ലെന്ന് പറയാനൊന്നും പറ്റില്ല. കാരണം, കോര്‍പറേറ്റുകളുടെ ശക്തി അത്ര വലുതാണ്.
കേരളത്തില്‍ മലയോരവും ഇടനാടും തീരദേശവും ഒരുപോലെ കൊള്ളയടിക്കുന്ന “വികസന ലോബികളെ” സഹായിക്കാന്‍ പാടുപെടുന്നവര്‍ നടത്തുന്ന “പരിസ്ഥിതി ദിനാഘോഷങ്ങള്‍” എത്ര വലിയ ആത്മവഞ്ചനയായിരിക്കും? ഈയൊരൊറ്റ ദിവസം മാത്രമാണോ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്? വികസനവും ജീവിതവും സംബന്ധിച്ച നിലപാടുകളില്‍ തൊടാതെ എന്ത് പരിസ്ഥിതി സംരക്ഷണം? ഹൈ സ്പീഡ് റെയില്‍വേ കോറിഡോറും മറ്റും കൊണ്ടുവരിക വഴി ഏത് തരം പരിസ്ഥിതിയാണ് സംരക്ഷിക്കപ്പെടുക? ജനങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തണം.
വാല്‍ക്കഷണം:
കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഈ വര്‍ഷം പരിസ്ഥിതി ദിനം ആഘോഷിക്കാമെന്നാണ് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. മരം നടാന്‍ ഈ വര്‍ഷം പുതിയ കുഴികള്‍ വേണ്ട. കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയവ തന്നെ ഉപയോഗിക്കാം. എന്തൊരു മിതവ്യയ ശീലം!!

Latest