Connect with us

Articles

പരിസ്ഥിതി: കാഴ്ചപ്പാടുകളാണ് മാറേണ്ടത്

Published

|

Last Updated

കണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന ഹരിതഭംഗി കാണാന്‍ ആഗ്രഹമില്ലാത്തവര്‍ ഉണ്ടാകില്ല. പച്ചപ്പുല്‍മേടുകളും നീണ്ടുപരന്നു കിടക്കുന്ന വയലുകളും വളഞ്ഞൊഴുകുന്ന ആറുകളും എല്ലാം ഹൃദയത്തിന് ഹൃദ്യത പകരുന്ന കാഴ്ച്ചകളാണ്. പ്രപഞ്ചോത്പത്തി മുതല്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ആരോഗ്യവും ഉന്മേഷവും കരുത്തും പ്രദാനം ചെയ്യുന്ന ദിവ്യാനുഗ്രഹമാകുന്നു നമ്മുടെ പ്രകൃതി.
സ്വശരീരത്തിന്റെ ഭാഗമെന്നോണം പ്രകൃതിയെ സംരക്ഷിച്ചവരായിരുന്നു ആദികാല മനുഷ്യര്‍. പ്രകൃതിവിഭവങ്ങളെ നീതിപൂര്‍വകമായി വിനിയോഗിക്കുന്നതിലും വീതിച്ചെടുക്കുന്നതിലും അടുത്ത തലമുറക്ക് വേണ്ടി പകര്‍ന്നുനല്‍കുന്നതിലുമവര്‍ അത്യന്തം ശ്രദ്ധ നല്‍കിപ്പോന്നു. നാഗരികമായി വളര്‍ച്ച പ്രാപിക്കുമ്പോഴും സാംസ്‌കാരികവും ധാര്‍മികമായ ഒരു കരുതല്‍ പ്രകൃതിക്കു നല്‍കാന്‍ അവര്‍ കണിശത പുലര്‍ത്തി. അനേക കോടി വരുന്ന ചരാചരങ്ങളുടെ സുജീവനത്തിന്റെ ദര്‍പ്പണമായി പരിസ്ഥിതിയെ കാണാന്‍ അവര്‍ ശീലിച്ചു. മാനുഷിക സമീപനത്തിലെ പൊരുത്തക്കേടുകള്‍ പരിസ്ഥിതിയില്‍ പ്രതിഫലിച്ചു നില്‍ക്കുന്നതു പോലെ തിരിച്ചും സംഭവിക്കുമെന്ന് അവര്‍ ഉറപ്പിച്ചു. കാലക്രമേണ സാമ്രാജ്യത്വ ശക്തികള്‍ ആധിപത്യ മോഹങ്ങളുമായി ലോകം കീഴടക്കുകയും വ്യത്യസ്ത ദേശങ്ങളിലുള്ള വൈവിധ്യങ്ങളായ ജൈവസമ്പത്ത് കൊള്ളയടിക്കുകയും ചെയ്തതു മുതലാണ് പരിസ്ഥിതിക്കു മേല്‍ ചൂഷണത്തിന്റെ ആപത്കരമായ പ്രവണതകള്‍ ലോകജനത കണ്ടുതുടങ്ങുന്നത്. കൊളോണിയല്‍ യുഗത്തിന് അന്ത്യം കുറിച്ചെങ്കിലും കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അര്‍ഥത്തിലുള്ള ചൂഷണാത്മക വ്യവസ്ഥിതി ആഗോളതലത്തില്‍ അദൃശ്യമായി ആധിപത്യം നേടുന്നതിന്റെ പരിണിത ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന പരിസ്ഥിതി ശോഷണം.
ജൈവികമായ ചുറ്റുപാടുകളെ അതിവര്‍ത്തിക്കുന്ന അര്‍ഥവ്യാപ്തിയുണ്ട് പരിസ്ഥിതി എന്ന പദത്തിന്. അനേക കോടിയോളം വരുന്ന ചരാചരങ്ങളുടെ കൂട്ടത്തില്‍, ഉള്ളിലേക്ക് നോക്കി തന്റെ ആത്മാവിനെ കണ്ടെത്താന്‍ കഴിവുള്ളത് മനുഷ്യന്‍ മാത്രമാണ്. സ്വയം ആത്മാവിനെ കണ്ടെത്തുമ്പോള്‍ സര്‍വ ചരാചരങ്ങളിലും അന്തര്‍ഭവിച്ചു നില്‍ക്കുന്ന ആത്മഭാവത്തെ തിരിച്ചറിയാന്‍ മനുഷ്യന് സാധിക്കുന്നു. പരജീവികളുടെ ദുസ്ഥിതിയും സുസ്ഥിതിയും തമ്മില്‍ വിവേചിച്ചറിയാനും സുസ്ഥിതിക്കു വേണ്ടി പ്രവര്‍ത്തിക്കാനുമുള്ള അസാമാന്യമായ ധര്‍മാവബോധം അവനില്‍ കരുത്താര്‍ജിക്കുന്നു. ആത്മീയാനുഭൂതിയുടെ അത്യധികം ആര്‍ദ്രമായ ഇത്തരമൊരവസ്ഥയില്‍, തനിക്കു വേണ്ടി മറ്റൊന്നിനെ ചൂഷണം ചെയ്യുകയല്ല, മറിച്ച് തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാനാണ് മനുഷ്യന്‍ സന്നദ്ധനാകുക. പ്രകൃതി സംരക്ഷണം അവന്റെ നിത്യവ്രതമായിത്തീരുന്നു. അവിടെ മനുഷ്യനും പ്രകൃതിയും തമ്മില്‍ കലഹങ്ങളുണ്ടാകുന്നില്ല. നമ്മുടെ ആത്മീയ ഗുരുക്കന്മാരും സൂഫികളും ഈ വിചാരധാരയുടെ വാക്താക്കളും പ്രയോക്താക്കളുമായിരുന്നു. കാലമാവശ്യപ്പെടുന്നതും സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കാനുപയുക്തവുമായ പാരിസ്ഥിതിക ദര്‍ശനം ഇതാണല്ലോ…
തനിക്കുള്ളിലെ ആത്മിക പരിസരത്തെ പരിരക്ഷിക്കാന്‍ പരാജയപ്പെടുന്നതു മൂലം ആധുനിക മനുഷ്യരില്‍ ഒട്ടുമിക്കപേരും സ്വാര്‍ഥ മോഹികളായി വളരുകയാണ്. ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പരസ്പരം വേര്‍തിരിച്ചറിയാനാകാതെ ഉഴറുന്നു. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു കൊണ്ട് തൃപ്തി വരാതെ ആഢംബരങ്ങള്‍ക്കു വേണ്ടി പരക്കം പായുന്നു. അങ്ങനെ ആഡംബരങ്ങള്‍ വീണ്ടും ആവശ്യങ്ങളായി മാറുന്നു. തന്മൂലം ഉപഭോഗത്തിന്റെ അളവ് പതിന്മടങ്ങ് വര്‍ധിക്കുന്നു. എന്നാല്‍ ആനുപാതികമായ തോതില്‍ പ്രകൃതി വിഭവങ്ങള്‍ കൂടുന്നില്ല താനും. ഇവ്വിധം വിഭവങ്ങളുടെ അപര്യാപ്തത മാനിക്കാതെ നിര്‍ലോഭം ചൂഷണം തുടരുമ്പോഴാണ് മനുഷ്യനും പ്രകൃതിയും തമ്മില്‍ മല്‍പിടുത്തമുണ്ടാകുന്നത്; ഭൂമിയുടെ അസന്തുലിതാവസ്ഥ മൂലം പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യന് മേല്‍ തിരിച്ചടിക്കുന്നത്! ജനങ്ങളുടെ അനിയന്ത്രിതമായ കൈകടത്തലുകള്‍ മൂലം കരയിലും കടലിലും നാശം ഭവിക്കുന്നുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. വിഭവങ്ങളുടെ ഉപയോഗത്തിന് പരിധി നിര്‍ണയിക്കേണ്ടതിന്റെ അനിവാര്യതയെയാണ് ഈ പ്രതിസന്ധി അറിയിക്കുന്നത്. ഉപഭോഗത്തിനു നിയന്ത്രണം സാധ്യമാണോ? ധര്‍മാധിഷ്ഠിതമായ ജീവിത വീക്ഷണം കൊണ്ട് മാത്രമേ ഇതു സാധിക്കൂ.
ഭൂമിയുടെ നിലനില്‍പ്പ് കീഴ്‌മേല്‍ മറിച്ചിടുന്നതാകരുത് നമ്മുടെ വികസന സങ്കല്‍പങ്ങള്‍. പ്രകൃതി നേരിടുന്ന ഈ സന്ദിഗ്ധാവസ്ഥ ഒരു പരിധി വരെ ദൂരീകരിക്കാന്‍ വര്‍ത്തമാനകാല സമൂഹത്തിനു ചെയ്യാവുന്നതില്‍ പ്രധാനപ്പെട്ടൊരു കര്‍മം മരങ്ങള്‍ പരമാവധി നട്ടുവളര്‍ത്തുക എന്നതാണ്. മാതാപിതാക്കളെ സംരക്ഷിക്കുന്നവരോടും പ്രകൃതിയോട് നീതി പുലര്‍ത്തിക്കൊണ്ട് തൈകള്‍ നടുന്നവരോടും ഇലാഹീ കൃപ ഒന്നു പോലെ ചൊരിയുമെന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ) പഠിപ്പിച്ചത്. പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ കേരളത്തിന്റെ സവിശേഷമായ സൗന്ദര്യം പച്ച പുതച്ച് നില്‍ക്കുന്ന ഈ ജൈവ സമ്പത്താണല്ലോ. കേരള തീരത്തണഞ്ഞ അറബ് സഞ്ചാരികള്‍ മലയാള നാടിന്റെ വിശിഷ്ട ഭംഗിയെ വിശേഷിപ്പിച്ചത് ഹാദാ ഖൈറുല്ലാ (ഇത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു) എന്നത്രേ! ഈ വാചകത്തിലെ ഖൈറുല്ലയാണ് പിന്നീട് കേരളമായതെന്ന് ഒരഭിപ്രായമുണ്ട്.
സസ്യലതാദികളുടെ സ്വര്‍ഗഭൂമിയായിരുന്ന മലയാള മണ്ണിന്റെ പൂര്‍വാവസ്ഥ വീണ്ടെടുക്കാന്‍ നമുക്ക് കഴിയണം. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ മത, ജാതി, വര്‍ഗ, വര്‍ണ വൈജാത്യങ്ങള്‍ മറന്ന് നാം കൂട്ടായി യത്‌നിക്കേണ്ടതുണ്ട്.
രാജ്യത്തിന്റെ പരിസ്ഥിതി മറന്നുകൊണ്ടാകരുത് വികസനമുണ്ടാകേണ്ടത്. അതേസമയം, കെട്ടിടങ്ങളും സൗകര്യങ്ങളും ലഭ്യമാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന പ്രവണത നല്ലതല്ല.
നാടിന്റെ സ്വഛന്ദത വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നോണം മര്‍കസ് നോളജ് സിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍കസ് ഗ്രീന്‍ എന്ന് നാമധേയം ചെയ്യപ്പെട്ട വിപുലമായ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ പൊതുജനസമക്ഷം സമര്‍പ്പിക്കുകയാണിന്ന്. ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്ത പ്രദേശങ്ങളിലും അഞ്ച് ലക്ഷത്തോളം വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കുന്നതോടൊപ്പം പൊതുജനങ്ങളില്‍ പാരിസ്ഥിതികാവബോധം വളര്‍ത്താനുതകുന്ന നൂതനമായ പല പ്രവര്‍ത്തനങ്ങളും മര്‍കസ് ഗ്രീനിനു കീഴില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സമാനമായ ഒട്ടനവധി സുകൃതങ്ങള്‍ വിദ്യാലയങ്ങളുടെയും സാമൂഹിക സ്ഥാപനങ്ങളുടെയും രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ രാജ്യത്തെമ്പാടും സമാരംഭം കുറിക്കുന്നു. പാരിസ്ഥിതിക സന്തുലിതത്വം നിലനിര്‍ത്താനും അനുദിനം വര്‍ധിച്ചു വരുന്ന ആഗോളതാപനത്തെ ചെറുക്കാനും ഈ സദുദ്യമങ്ങള്‍ സഹായകമാകുമെന്ന കാര്യം തീര്‍ച്ചയാണ്. നമ്മുടെ പ്രതീക്ഷകള്‍ പച്ചപിടിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.