Connect with us

Gulf

ഉംറക്കാരുടെ നടപടികള്‍ പൂര്‍ണമായി ഹജ്ജ് ടെര്‍മിനലിലേക്ക് മാറ്റി

Published

|

Last Updated

ജിദ്ദ: മുഴുവന്‍ ഉംറ തീര്‍ഥാടകരുടെയും നടപടിക്രമങ്ങള്‍ ഇന്നലെ മുതല്‍ പൂര്‍ണമായി ഹജ്ജ് ടെര്‍മിനലിലേക്ക് മാറ്റിയതായി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് അബല്‍ഉറ വെളിപ്പെടുത്തി. സ്‌കൂള്‍ അവധിക്കാലം തുടങ്ങാനിരിക്കെ എയര്‍പോര്‍ട്ടില്‍ ഉണ്ടാവാന്‍ പോകുന്ന കടുത്ത തിരക്ക് പരിഗണിച്ചാണ് നടപടി. ഉംറ തീര്‍ഥാടകരെ മാത്രം വഹിച്ച് വരുന്ന വിമാനങ്ങള്‍ക്കു പുറമെ സൗത്ത്, നോര്‍ത്ത് ടെര്‍മിനലുകളില്‍ മറ്റ് യാത്രക്കാരോടൊപ്പം വന്നിറങ്ങുന്ന ഉംറ തീര്‍ഥാടകരുടെയും നടപടിക്രമങ്ങള്‍ ഹജ്ജ് ടെര്‍മിനലിലാണ് പൂര്‍ത്തിയാക്കുക. ഇതുവരെ തിരക്ക് അധികമുള്ള സമയങ്ങളില്‍ മാത്രമായിരുന്നു ഉംറ തീര്‍ഥടകരെ ഹജ്ജ് ടെര്‍മിനലിലേക്ക് കൊണ്ട് പോയിരുന്നത്.
വിദേശ തീര്‍ഥാടകരുടെ വരവ് ശക്തമാകുന്ന ശഅ്ബാന്‍, റമദാന്‍ മാസങ്ങളില്‍ പൂര്‍ണമായ ഈ സംവിധാനം തുടരുമെന്ന് അബ്ദുല്‍ ഹമീദ് അബല്‍ഉറ വ്യക്തമാക്കി. സ്‌കൂള്‍ അവധിക്കാലം കൂടിയായതിനാല്‍ ഈ സമയത്ത് വിദേശ, ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടാവാറ്. നിലവിലെ സൗത്ത്, നോര്‍ത്ത് ടെര്‍മിനലുകളില്‍ ഈ സമയത്ത് ഉംറ തീര്‍ഥാടകരെ കൂടി കൈകാര്യം ചെയ്യുന്നതിന് പ്രയാസകരമാവുമെന്ന് കണ്ടതിനാലാണ് നടപടി.
ശഅ്ബാന്‍, റമസാന്‍ മാസങ്ങളിലായി എട്ടുലക്ഷത്തിലധികം വിദേശ ഉംറ തീര്‍ഥാടകരെയാണ് ഈ വര്‍ഷം ജിദ്ദ വിമാനത്താവളം വഴി പ്രതീക്ഷിക്കുന്നതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വ്യക്തമാക്കി. ഇതിനകം അമ്പത് ലക്ഷത്തോളം തീര്‍ഥാടകരാണ് ഈ സീസണില്‍ വന്നുപോയത്. കടുത്ത തിരക്ക് അനുഭവപ്പെടുന്ന റമസാനില്‍ ഹജ്ജ് ടെര്‍മിനലിലെ നടപടികള്‍ സുഗമമാക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മക്ക ഗവര്‍ണറേറ്റും വ്യോമയാന അതോറിറ്റിയുമായും സഹകരിച്ച് ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

Latest