Connect with us

Malappuram

ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ സമര്‍പ്പിക്കും

Published

|

Last Updated

മലപ്പുറം: ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് ജില്ലാ ഭരണ കൂടം തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു.
ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ പ്രധാന പ്രശ്‌നങ്ങളും അവ മറികടക്കുന്നതിനുള്ള പദ്ധതികളുമാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. 246 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ ഉന്നമനവും അടിസ്ഥാന സൗകര്യ വികസനവും ജീവിതോപാധി പ്രദാനം ചെയ്യുന്നതുമായ വികസനമാണ് നടപ്പാക്കുകയെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതിയാണ് കോളനികളില്‍ പദ്ധതി നടപ്പാക്കുക. അതത് കോളനികളിലെ കമ്മിറ്റികള്‍ പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കും. തൊഴില്‍ പരിശീലനം, കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം, ജീവിത നിലവാരം മെച്ചപ്പെടുത്താനവശ്യമായ പദ്ധതികള്‍, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവയാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി കോളനികളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും. കോളനികളില്‍ കോമണ്‍ ഫെസിലിറ്റി സെന്ററും ആരംഭിക്കും. വിദ്യാഭ്യാസം, പോഷകാഹാര വിതരണം, വൈദ്യ സഹായം, കൗണ്‍സലിംഗ് എന്നിവ കോമണ്‍ ഫെസിലിറ്റി സെന്ററിലുണ്ടാവും.
അഞ്ച് വര്‍ഷമാണ് പദ്ധതി കാലാവധി. ആദ്യ വര്‍ഷം തന്നെ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും സ്ഥിരവരുമാനത്തിനുള്ള മാര്‍ഗം കണ്ടെത്തി നല്‍കും. കുടുംബങ്ങള്‍ക്കാവശ്യമായ രീതിയിലുള്ള വീടുകളും നിര്‍മിച്ച് നല്‍കും. മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെയാണ് വീട് നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി പദ്ധതി വഴി നല്‍കും. ജില്ലയില്‍ 60 ശതമാനം ആദിവാസി കുടുംബങ്ങളുടെ ഭൂമിക്കും പട്ടയമില്ല.
ജില്ലയില്‍ 229 ആദിവാസി കോളനികളുണ്ട്. 3803 ആദിവാസി കുടുംബങ്ങളിലായി 14730 അംഗങ്ങളാണുള്ളത്. ജില്ലയില്‍ 36 ഗ്രാമപഞ്ചായത്തുകളിലാണ് ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്നത്. പണിയ, കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, അറനാടന്‍, മുതുവാന്‍, കുറുമര്‍, മലപണിക്കര്‍ തുടങ്ങിയ വിഭാഗങ്ങളാണ് കൂടുതലുള്ളത്. കരിംപാലന്‍, മലയരയന്‍, മലവേടന്‍, ഉള്ളാടര്‍ തുടങ്ങിയ വിഭാഗങ്ങളുമുണ്ട്.
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 14 ലക്ഷം അനുവദിച്ചിരുന്നു. മാസ്റ്റര്‍ പ്ലാനിന്റെ സമര്‍പ്പണത്തിന് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ മുന്‍ ട്രൈബല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജോണ്‍, ജെ എസ് എസ് ഡയറക്ടര്‍ ഉമ്മര്‍ കോയ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

Latest