Connect with us

Malappuram

സംയുക്ത സമര സമിതി വാണിജ്യ ചെക്ക് പോസ്റ്റ് ഉപരോധിച്ചു

Published

|

Last Updated

നിലമ്പൂര്‍: നാടുകാണി ചുരം വഴിയുള്ള ഗ്രാനൈറ്റ്, മാര്‍ബിള്‍ ഇറക്കുമതി നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ വഴിക്കടവ് വാണിജ്യ നികുതി ചെക്ക്‌പോസ്റ്റ് ഉപരോധിച്ചു.
ലോറി ഉടമകളും ജീവനക്കാരും കയറ്റിറക്കു തൊഴിലാളികളും ചേര്‍ന്നാണ് ഉപരോധ സമരം നടത്തിയത്. രാവിലെ 11 മണിയോടെയാണ് ഉപരോധ സമരം ആരംഭിച്ചത്. ചെക്ക് പോസ്റ്റില്‍ പരിശോധനക്ക് കൂടുതല്‍ ജീവനക്കാരെ നിയമിച്ച് മാര്‍ബിള്‍, ഗ്രാനൈറ്റ് ഇറക്കുമതി അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 200 ഓളം വരുന്ന ആളുകളാണ് സമരത്തിനിറങ്ങിയത്.
അന്തര്‍ സംസ്ഥാന പാതയായ സി എന്‍ ജി റോഡ് ഉപരോധിക്കാനുള്ള നീക്കം വഴിക്കടവ് എസ് ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് തടഞ്ഞു. ഇതോടെയാണ് ചെക്ക്‌പോസ്റ്റിന് മുമ്പില്‍ കുത്തിയിരിപ്പ് ഉപരോധ സമരം ആരംഭിച്ചത്. കഴിഞ്ഞ മാസം 19നാണ് വാണിജ്യ നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ നിരോധന ഉത്തരവിറക്കിയത്.
ചെക്ക്‌പോസ്റ്റില്‍ പരിശോധനക്ക് ആവശ്യമായ ജീവനക്കാരില്ലെന്നായിരുന്നു നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ മുഖ്യ കാരണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നത്. നിരോധനം അറിയാതെ വന്ന ചരക്കുലോറികള്‍ കഴിഞ്ഞ ബുധനാഴ്ച വരെ കടത്തി വിട്ടിരുന്നു.
സംയുക്ത സമര സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ വ്യാഴാഴ്ച മുതല്‍ വന്ന 18 ഓളം ലോറികള്‍ വീണ്ടും ചെക്ക്‌പോസ്റ്റില്‍ തടഞ്ഞിട്ടു. ഇതോടെയാണ് വീണ്ടും സംയുക്ത സമര സമിതി സമരവുമായി വീണ്ടും ഇന്നലെ രംഗത്തെത്തിയത്. തടഞ്ഞിട്ടിരിക്കുന്ന ചരക്കുലോറികള്‍ അളന്നു തിട്ടപ്പെടുത്തി കടത്തിവിടാന്‍ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശം നല്‍കിയതോടെയാണ് സമരം അവസാനിച്ചത്. മഞ്ചേരിയില്‍ നിന്നുമെത്തിയ സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം നാലുമണിയോടെ പരിശോധന തുടങ്ങി ചരക്ക് വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങി.
ജോയിന്റ് കമ്മീഷണറുടെ നിരോധന ഉത്തരവ് നിലനില്‍ക്കുകയാണെന്നും ചുരത്തിലെ ഗതാഗത തടസം ഒഴിവാക്കാനാണ് താത്കാലിക ചരക്കുലോറികള്‍ കടത്തിവിട്ടതെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സുമം പറഞ്ഞു.
ജീവനക്കാര്‍ക്ക് വാഹനങ്ങളിലെ ചരക്കുകള്‍ സുഗമമായി പരിശോധിക്കാനുള്ള സാഹചര്യം ചെക്ക്‌പോസ്റ്റിലുണ്ടാകില്ലെന്നും ലോറി ജീവനക്കാരുടെ ഭാഗത്ത് നിന്നും പരിശോധനക്ക് തടസം ഉണ്ടാവരുതെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യപ്പെട്ടു.

Latest