Connect with us

Ongoing News

വീരന്റെ തോല്‍വി: യു ഡി എഫ് ഉപസമിതി റിപ്പോര്‍ട്ട് 30ന്

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയെ കുറിച്ച് അന്വേഷിക്കുന്ന ഉപസമിതി ഈ മാസം 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതി ചെയര്‍മാനായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപസമിതിയുടെ ആദ്യ സിറ്റിംഗ് ഈ മാസം 13നു പാലക്കാട്ട് നടക്കും. അതിനുശേഷമായിരിക്കും വിശദമായ തെളിവെടുപ്പിനുള്ള തീയതി തീരുമാനിക്കുക.
യു ഡി എഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിനേറ്റ കനത്ത തിരിച്ചടിയാണ് ആര്‍ ബാലകൃഷ്ണ പിള്ള ചെയര്‍മാനും പി പി തങ്കച്ചന്‍ കണ്‍വീനറുമായ യു ഡി എഫ് ഉപസമിതി അന്വേഷിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചോര്‍ത്തിയെന്നും കാലുവാരിയെന്നുമാണ് സോഷ്യലിസ്റ്റ് ജനതയുടെ ആരോപണം. ഇവിടെ ശക്തമായ വിമതപ്രവര്‍ത്തനം നടന്നതായി സമിതി കണ്ടെത്തിയിരുന്നു. തോല്‍വിയുടെ മുഴുവന്‍ കാരണങ്ങളും കണ്ടെത്തി ഈ മാസം 30ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉപ സമിതിയില്‍ തീരുമാനമായി.
അതേസമയം പാലക്കാട്ടെ തോല്‍വി അന്വേഷിക്കുന്ന യു ഡി എഫ് ഉപസമിതിയുമായി സഹകരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. കെ പി സി സിയും ഇക്കാര്യത്തില്‍ സമിതിയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ചാണിതെന്നും അദ്ദേഹം പറഞ്ഞു.