Connect with us

Ongoing News

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് ഒറ്റക്ക് നിന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യം. ഡീന്‍ കുര്യാക്കോസ് മുന്നോട്ടുവെച്ച നിര്‍ദേശം നേതാക്കള്‍ പൊതുവെ സ്വാഗതം ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഏകകക്ഷി ഭരണം സാധ്യമായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ വോട്ടിംഗ് ശതമാനമനുസരിച്ച് ഇവിടെ കോണ്‍ഗ്രസിനും അത് സാധ്യമാകുമെന്ന് ഡീന്‍ അവകാശപ്പെട്ടു.
ഭൂരിപക്ഷ വര്‍ഗീയതയെ പോലെതന്നെ എസ് ഡി പി ഐ യെ പോലുള്ള സംഘനകള്‍ ഉയര്‍ത്തിവിടുന്ന ന്യൂനപക്ഷ വര്‍ഗീയതയെയും ഗുരുതരമായി കാണണമെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ ആവശ്യപ്പെട്ടു. അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയത ഇളക്കിവിടാന്‍ നടക്കുന്ന ശ്രമങ്ങളില്‍ യോഗം വിയോജിപ്പ് പ്രകടിപ്പിച്ചു.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയുണ്ടെന്ന രീതിയില്‍ മാധ്യമ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും ഇത് ശരിയല്ലെന്നും സംസ്ഥാന പ്രസിഡന്റ് യോഗത്തില്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസില്‍ നിലവിലുള്ള തിരഞ്ഞെടുപ്പ് രീതിക്കെതിരെയും വിമര്‍ശം ഉയര്‍ന്നു.
തിരഞ്ഞെടുപ്പ് രീതി കാരണം യുവാക്കള്‍ സംഘടനയില്‍ നിന്ന് അകലുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. സ്വന്തം സംസ്ഥാനത്ത് വേരോട്ടമില്ലാത്ത അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന നേതാക്കളാണ് സംഘടനയെ നശിപ്പിക്കുന്നതെന്ന ആക്ഷേപവും യോഗത്തില്‍ ഉയര്‍ന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിമാരുടെ നിയമസഭാ മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പിന്നിലായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ബന്ധപ്പെട്ട മന്ത്രിമാര്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
മുന്നണിയുടെയും സര്‍ക്കാറിന്റെയും മുഖം വികൃതമാക്കിയ ഗണേശിനെ വീണ്ടും മന്ത്രിയാക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ വാദിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ യോജിച്ചില്ല.
സോളാര്‍ കേസ് പ്രതി സരിതയുമായി ബന്ധപ്പെടുത്തി ആരോപണവിധേയരായ നേതാക്കളെല്ലാം തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചുവെന്നും അതിനാല്‍ സരിതാബന്ധം പറഞ്ഞ് ഗണേശിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.