Connect with us

Kannur

ഓപറേഷന്‍ കുബേര: 40 ലക്ഷവുമായി ബ്ലേഡുകാരന്‍ അറസ്റ്റില്‍

Published

|

Last Updated

തലശ്ശേരി : എട്ട് ലക്ഷത്തിന് മൂന്നര വര്‍ഷത്തിനകം 85 ലക്ഷം ബ്ലേഡ് പലിശ വാങ്ങിയ ആളെ ആസൂത്രിത നീക്കത്തിലൂടെ പോലീസ് പിടികൂടി.
കൊളശ്ശേരി മഠത്തുംഭാഗം സ്‌കൂളിനടുത്ത ഷൈജ നിവാസില്‍ എന്‍ ടി രാജേന്ദ്രന്‍(49)ആണ് അറസ്റ്റിലായത്. തിരുവങ്ങാട് മഞ്ഞോടിയിലെ ഹോട്ടല്‍ ആരാധനാ പരിസരത്ത് ഓട്ടോയിലെത്തിയ ഇയാളെ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ. സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 40 ലക്ഷം രൂപയും കസ്റ്റഡിയിലെടുത്തു. കുടുംബപരമായി ബ്ലേഡ് ഇടപാട് നടത്തുന്ന രാജേന്ദ്രന്റെ കെണിയില്‍ കുടുങ്ങിയ ഒരു യുവ വ്യാപാരിയില്‍ നിന്ന് ഈടാക്കിയതാണിതെന്ന് പോലീസ് പറഞ്ഞു. ഓപറേഷന്‍ കുബേരയില്‍ മലബാര്‍ ഭാഗത്ത് കസ്റ്റഡിയിലെടുക്കുന്ന ഏറ്റവും വലിയ പലിശ പണമാണിതെന്ന് അറിയുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പഴയ ബസ് സ്റ്റാന്‍ഡിലെ വീനസ് ബേക്കറി ഉടമ മഞ്ഞോടിയിലെ രൂപേഷ് ബിസിനസ് ആവശ്യാര്‍ഥം 2010ല്‍ എട്ട് ലക്ഷം രൂപ രാജേന്ദ്രനില്‍ നിന്ന് വാങ്ങിയിരുന്നു. തിരിച്ചടവിന് പ്രയാസപ്പെട്ടതിനാല്‍ രൂപേഷിന്റെ പേരില്‍ മഞ്ഞോടിയിലുള്ള 24 സെന്റ് സ്ഥലം 50 ലക്ഷം രൂപ വില നിശ്ചയിച്ച് രാജേന്ദ്രന്‍ കൈക്കലാക്കി. ഈ സ്ഥലം നേരത്തെ ബേങ്കിന് ഈട് നല്‍കി 20 ലക്ഷം രൂപേഷ് വാങ്ങിയിരുന്നു.
ഈ പണം ബേങ്കിലടച്ചാണ് രാജേന്ദ്രന്‍ വസ്തു സ്വന്തമാക്കിയത്. ശേഷിച്ച 30 ലക്ഷം പലിശയായി പിടിച്ചു. ഇതിനിടയില്‍ മഞ്ഞോടിയിലെ ആരാധനാ ഹോട്ടല്‍ വാങ്ങാന്‍ തീരുമാനിച്ച രൂപേഷില്‍ നിന്ന് 15 ലക്ഷം കൂടി രാജേന്ദ്രന്‍ വാങ്ങിയതായി പറയുന്നു. പിന്നെയും പലിശക്കായി ഭീഷണിപ്പെടുത്തിയതിനാല്‍ നഗരത്തിലെ വീനസ് ബേക്കറി മുറി ദിവസ വാടകക്ക് നല്‍കാമെന്ന് പറഞ്ഞുവെങ്കിലും ബ്ലേഡുകാരന്‍ വഴങ്ങിയില്ല.
ഭീഷണി കൂടിയതോടെ ബേക്കറി ഒന്നാകെ കെട്ടിട ഉടമക്ക് തിരിച്ചു നല്‍കി നേരത്തെ അഡ്വാന്‍സ് നല്‍കിയ 44 ലക്ഷം തിരിച്ചുവാങ്ങി. ഇതില്‍ നിന്നും 40 ലക്ഷം രാജേന്ദ്രന് നല്‍കി ഇടപാട് തീര്‍ക്കാന്‍ തീരുമാനിച്ചു. പണം മുഴുവന്‍ തന്നുതീര്‍ക്കുമ്പോള്‍ രാജേന്ദ്രന് നല്‍കിയ തുക രേഖപ്പെടുത്താത്ത ചെക്കുകളും മുദ്രപത്രങ്ങളും തിരിച്ചുവാങ്ങാമെന്നായിരുന്നു ധാരണ. നിശ്ചയിച്ച പ്രകാരം ഓട്ടോയിലെത്തി പണം വാങ്ങിയ ഉടനെയാണ് പോലീസ് പ്രതിയെ കൈയോടെ പിടികൂടിയത്.
തുടര്‍ന്ന് രാജേന്ദ്രന്റെ വീട്ടിലും റെയ്ഡ് നടത്തി. എ എസ് പി. ടി നാരായണന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് രാജേന്ദ്രന്‍ വലയിലാകുന്നത്. ഷാഡോ പോലീസിലെ ഷിബു, മനോജ്, സുനില്‍കുമാര്‍ എന്നിവരും പ്രിന്‍സിപ്പല്‍ എസ് ഐക്ക് ഒപ്പമുണ്ടായിരുന്നു. തലശ്ശേരി മേഖലയിലെ അറിയപ്പെടുന്ന ബ്ലേഡ് ഇടപാടുകാരനാണ് രാജേന്ദ്രന്‍.
ഇയാളുടെ പിതാവ് അപ്പുക്കുട്ടനും മൂത്ത സഹോദരനും പലിശക്ക് പണം കൊടുക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.

 

Latest