Connect with us

Articles

അവര്‍ക്ക് നെഞ്ചിലെ ചൂട് പകരൂ...

Published

|

Last Updated

ആരോമലിനെയും അഫ്രീനെയും ഷഫീഖിനെയും നമുക്ക് മറക്കാറായിട്ടില്ല. ഇളം പ്രായത്തില്‍ മാതാപിതാക്കളാല്‍ പീഡിപ്പിക്കപ്പെട്ട ക്രൂരതയുടെ ഇരകള്‍. പട്ടിക്കൂട്ടില്‍ ആറ് മാസത്തോളം പട്ടിക്കൊപ്പം പാര്‍പ്പിക്കപ്പെട്ട ആരോമല്‍, പെണ്ണായി പിറന്നതിന്റെ പേരില്‍ പിതാവിന്റെ ക്രൂരതയില്‍ നൊന്ത് മരിച്ച അഫ്രീന്‍, പിതാവിന്റെയും രണ്ടാം ഭാര്യയുടെയും പീഡനത്തില്‍ വേദന തിന്ന് ഇനിയും മോചിതനായിട്ടില്ലാത്ത ഷഫീഖ്. അങ്ങനെ ബാലപീഡന കഥകളില്‍ 11 മാസം പ്രായമായ നിയാ എന്ന കുഞ്ഞും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. സാഹസികതയുടെ പേരിലാണ് നിയാ എന്ന കുഞ്ഞിനെ മാതാപിതാക്കള്‍ മുഴപ്പിലങ്ങാട് ബിച്ചില്‍ പാരാസൈലിംഗിന് വിധേയയാക്കിയത്. ഇതിന് സാഹസികത എന്ന് പറയുന്നതിനേക്കാള്‍ ഭേദം സാഡിസമെന്ന് വിളിക്കലാണ്. എട്ടും പൊട്ടും തിരിയാത്ത, സംസാരിച്ചു തുടങ്ങിയിട്ടില്ലാത്ത നിഷ്‌കളങ്കമായി ചിരിക്കാനും വേദനിക്കുമ്പോള്‍ കരയാനും മാത്രമറിയുന്ന ഒരു കുഞ്ഞിനെ പാരച്യൂട്ടില്‍ വിരിഞ്ഞുകെട്ടി 50 അടി ഉയരത്തില്‍ പറപ്പിച്ചപ്പോള്‍ വാവിട്ടു കരഞ്ഞതിനെ നോക്കി കൈ കൊട്ടി ചിരിച്ച മാതാപിതാക്കളെ എന്തു പേരിട്ടാണ് വിളിക്കുക.
പേരിനും പ്രശസ്തിക്കും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടി മാത്രം അതിലുപരി തങ്ങളുടെ പൊങ്ങച്ചം മാലോകരെ അറിയിക്കുക എന്ന ബുദ്ധിശുന്യതയാണ് ഇവിടെ കണ്ടത്. നൊന്തുപെറ്റ കുഞ്ഞിനോട് കാണിക്കേണ്ട സ്‌നേഹവും ദയയും കാരുണ്യവും കാറ്റില്‍ പറത്തി പൊങ്ങച്ചത്തിന്റെ മേനി നടിക്കുന്ന ഇത്തരം മാതാപിതാക്കള്‍ തങ്ങള്‍ ചെയ്യുന്ന ക്രൂരതയുടെ ആഴം അറിയാത്തവരാണ്. സാഹസികതക്ക് മലയാള നിഘണ്ടുവില്‍ കൊടുത്ത അര്‍ഥങ്ങളില്‍ “ആലോചനാ ശൂന്യമായ പ്രവൃത്തി” എന്നൊരു അര്‍ഥവും കൂടി കാണുന്നുണ്ട്. വാസ്തവത്തില്‍ സ്വന്തം കൈക്കുഞ്ഞിനെ ക്രൂരതക്ക് വിധേയയാക്കി ധീരതയെന്ന് മേനി നടിക്കുന്ന വയനാട്ടുകാരായ ഈ മാതാപിതാക്കളും ചെയ്തത് ആലോചനാശൂന്യമായ പ്രവൃത്തിയല്ലേ?
മുന്‍ കാലങ്ങളില്‍ അന്ധവിശ്വാസത്തിന്റെയും മറ്റും പേരില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസമോ സാംസ്‌കാരിക ബോധമോ ധാര്‍മിക ചിന്തയോ ഇല്ലാത്ത ജനങ്ങള്‍ക്കിടയില്‍ മാത്രം കേട്ടുകൊണ്ടിരുന്ന ബാല പീഡനങ്ങളും ചൂഷണങ്ങളും ഇപ്പോള്‍ കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മാതാപിതാക്കളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കും സാമ്പത്തിക ലാഭത്തിനും പേരിനും പ്രശസ്തിക്കും വേണ്ടി മനഃസാക്ഷിയെ ഞെട്ടിക്കുന്ന പീഡന സംഭവങ്ങളാണ് ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബാലവേല, ലൈംഗിക ചൂഷണം, ഭിക്ഷാടനത്തിന് ഉപയോഗിക്കല്‍, വിദ്യാഭ്യാസം നിഷേധിക്കല്‍, രക്ഷിതാക്കളുടെ സംരക്ഷണവും സ്‌നേഹവും ലഭിക്കാതിരിക്കല്‍ തുടങ്ങി കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. സ്വന്തം രക്ഷിതാക്കളുടെ കരങ്ങളാല്‍ ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ പലപ്പോഴും പുറംലോകം അറിയുന്നത് കുട്ടികള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനകള്‍ തിന്നതിനു ശേഷമായിരിക്കും. രക്ഷിക്കേണ്ട കരങ്ങള്‍ തന്നെയാണ് പീഡിപ്പിക്കുന്നത് എന്നതാണ് ദുഃഖകരമായ വസ്തുത. കാലില്‍ ചട്ടുകം പൊള്ളിച്ചും കൈ തല്ലിയൊടിച്ചും ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടും മക്കളെ പീഡിപ്പിക്കുന്ന കഠിന ഹൃദയരായ മാതാപിതാക്കളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ സമഗ്രമായ ബോധവത്കരണമാണ് അനിവാര്യം.
ഇന്ന് രാജ്യം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് കുട്ടികളോടുള്ള പീഡനമാണ്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഇന്ത്യയില്‍ നിയമങ്ങളുണ്ട്. പക്ഷേ, അവ സമഗ്രമായി നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നതാണ് പ്രധാന വിഷയം. കുട്ടികളുടെ അവകാശം സംരക്ഷിക്കാനുള്ള നിയമങ്ങളെ കുറിച്ചും അത് ലംഘിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ചും വ്യാപകമായ ബോധവത്കരണം അനിവാര്യമാണ്. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ കിട്ടുമെന്ന് ഉറപ്പാക്കുമ്പോള്‍ മാത്രമേ നേരത്തെ ചുണ്ടിക്കാട്ടിയ കുട്ടികളോടുള്ള ക്രൂരകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളു.
കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വിദ്യാലയങ്ങളില്‍ പാഠ്യ വിഷയമാക്കുന്നതോടൊപ്പം ആര്‍ദ്രതയും സ്‌നേഹവും ധാര്‍മിക വിഷയമായി പഠിപ്പിക്കപ്പെടണം. മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള ബാധ്യതകളും അതിന്റെ അനിവാര്യതയും സന്താന ശിക്ഷണത്തിലെ സുതാര്യതയും ഉത്തമ സ്വഭാവം സൃഷ്ടിച്ചെടുക്കാനുള്ള തത്പരതയും സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടണം. അതോടൊപ്പം മാതൃ,പിതൃ സ്‌നേഹവും അവരോട് സന്താനങ്ങള്‍ കാണിക്കേണ്ട അനുസരണവും കടപ്പാടുകളും കുട്ടികളില്‍ പഠിപ്പിക്കപ്പെടണം.
ഇന്ന് നമുക്ക് നിയമങ്ങളുടെ കുറവല്ല. അത് നടപ്പിലാക്കുന്നതിലെ വീഴ്ചകളും നിയമത്തെപറ്റി അറിയുന്നവര്‍ അതെങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അറിയാത്തത് മൂലമുള്ള സങ്കീര്‍ണതകളുമാണ് നിലവിലുള്ളത്. നിയമത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ചെടുത്ത് എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതിനെക്കുറിച്ചുള്ള പഠന വേദികള്‍ ഉണ്ടാകണം. കുട്ടികള്‍ നമ്മുടെ സമ്പത്ത് മാത്രമല്ല. നാളെയുടെ വാഗ്ദാങ്ങള്‍ കൂടിയാണ്. രാജ്യത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ ക്രിയാത്മകമായി ഇടപെടേണ്ടവരാണ്. അവരെ ഉത്തമ പൗരന്മാരാക്കേണ്ടതില്‍ മാതാപിതാക്കള്‍ക്കൊപ്പം സമൂഹത്തിനും നിര്‍ണായക പങ്കുണ്ട്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും നിയമ സേവന അതോറിറ്റികളും ഇടപെടുന്നുവെങ്കിലും കുറ്റകരമായ പ്രവണതയിലേക്ക് കുട്ടികള്‍ എത്തിക്കപ്പെടുന്ന സൈബര്‍ ഭീഷണിയില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ സമയവും ജീവിതവും തളച്ചിടപ്പെട്ട് അവരുടെ സുവര്‍ണ കാലഘട്ടത്തെ ഹോമിക്കുന്ന ദുരവസ്ഥയില്‍ നിന്നും രക്ഷിക്കാനും ധാര്‍മിക പാത തുറന്നു കൊടുക്കാനും പലരും അമാന്തം കാണിക്കുന്നു എന്ന ദുഃഖ സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Latest