Connect with us

Articles

ഭരണം പഴയപടി; മാറിയത് നടത്തിപ്പുകാര്‍

Published

|

Last Updated

നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനൊടുവില്‍ രാജ്യത്തെ വോട്ടര്‍മാര്‍ നിലവിലെ ഭരണാധികാരികളെ താഴെയിറക്കി പുതിയ ഭരണാധികാരികളെ അവരോധിച്ചിരിക്കുകയാണ്.
ഗുജറാത്ത് വംശഹത്യയുടെ കറുത്ത കറയും വ്യാജ ഏറ്റുമുട്ടലുകളുടെ ഉത്തരവാദവും തീവ്ര ഹിന്ദുത്വത്തിന്റെ ഭീകരതയും വില്ലന്‍ പരിവേഷം നല്‍കിയിട്ടും രാജ്യാന്തര ഇവന്റ് മാനേജ്‌മെന്റുകളുടെയും കുത്തക കോര്‍പറേറ്റ് കമ്പനികളുടെയും മാധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണയോടെ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആശങ്കകള്‍ മറികടന്ന് നരേന്ദ്ര ദാമോദര്‍ ദാസ് മോദി രാജ്യത്തിന്റെ പരമോന്നത അധികാരം പിടിച്ചെടുത്തത് അദ്ദേഹത്തിന്റെ കഴിവ് എന്നതിനേക്കള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെ രാജ്യം ഭരിച്ച മുന്നണിയുടെ കഴിവുകേടാണെന്നതാണ് യാഥാര്‍ഥ്യം. തങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ വംശഹത്യയെയും തീവ്ര ഹിന്ദുത്വത്തെയും ജനങ്ങള്‍ വിസ്മരിച്ചു എന്നാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അടിക്കടിയുള്ള ഇന്ധന വില വര്‍ധനക്കും പാചക വാതവ നിരക്ക് വര്‍ധനക്കും രാജ്യത്തിന്റെ മതസൗഹാര്‍ദത്തേക്കാളും വില കല്‍പ്പിക്കുന്ന ഒരു വിഭാഗത്തിന്റെ ഏകീകരണമാണ് മോദിയുടെ നേതൃത്വത്തില്‍ ബി ജെ പിയുടെ അധികാരാരോഹണത്തിന് വഴിയൊരുക്കിയത്. എന്നാല്‍ ഈ രംഗത്ത് പോലും കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന തീരുമാനങ്ങളുമായാണ് മോദി ഭരണം ആരംഭിച്ചിരിക്കുന്നത് തന്നെ. യു പി എ സര്‍ക്കാറിന് അധികാരം നഷ്ടപ്പെടാനിടയായ മുഴുവന്‍ നയങ്ങളും അതേ പടിയോ അതിലും തീവ്രമായോ തുടരാനുള്ള ശ്രമങ്ങളാണ് പുതിയ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. തത്വത്തില്‍ രാജ്യത്ത് ഭരണാധികാരികള്‍ മാത്രമാണ് മാറിയതെന്നും ഭരണവും നയങ്ങളും പഴയത് തന്നെയാണെന്നുമാണ് ഭരണം തുടങ്ങി ഒരാഴ്ചക്കിടെ മോദി തെളിയിച്ചിരിക്കുന്നത്.
തന്റെ ഇമേജ് വര്‍ധിപ്പിക്കാനുള്ള ആദ്യ ഘട്ടമായി സത്യപ്രതിജ്ഞാ ചടങ്ങിനെ ഉപയോഗിച്ച മോദി ചടങ്ങ് സാര്‍ക്ക് രാജ്യത്തലവന്മാരുടെ സമ്മേളനമാക്കി മാറ്റുന്നതില്‍ ഏറെക്കുറെ വിജയിച്ചിരുന്നു. തുടര്‍ന്നിങ്ങോട്ട് ഡല്‍ഹിയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ലെന്നാണ് വ്യക്തമാകുന്നത്. രാജ്യത്തെ സാധാരണക്കാരെ അവഗണിച്ച് കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ നയങ്ങളേക്കാള്‍ മുതലാളിത്ത കോര്‍പറേറ്റ് വിധേയത്വം പ്രകടിപ്പിക്കുന്ന പുതിയ തീരുമാനങ്ങളാണ് മോദി സര്‍ക്കാറിന്റെതായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോര്‍പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് രാജ്യ താത്പര്യങ്ങളെ പോലും ബലി കഴിച്ചിരുന്ന യു പി എ സര്‍ക്കാര്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ മടിച്ചിരുന്ന പല മേഖലകളും വിദേശ കുത്തകള്‍ക്കായി തുറന്നുകൊടുക്കാനുള്ള നീക്കത്തിലാണ് മോദി. ഭരണം തുടങ്ങുന്നതിന് മുമ്പുള്ള സ്ഥിതി ഇതാണെങ്കില്‍ സാങ്കേതികമായി ഒരു പ്രതിപക്ഷ നേതാവ് പോലുമില്ലാത്ത ഈ ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്ക് ഇന്ത്യാമഹാരാജ്യം ഇന്ത്യക്കാരുടെതായി നിലനില്‍ക്കുമോ എന്ന് കണ്ടറിയേണ്ടിരിക്കുന്നു. രാജ്യസുര ക്ഷയുടെ നട്ടെല്ലായ പ്രതിരോധ വകുപ്പിലും രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ റെയില്‍വേയിലും പൂര്‍ണമായും വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിന് പിന്നാലെ, രാജ്യത്തെ മാധ്യമ മേഖലയിലും 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കിയത്. ഒപ്പം സ്വകാര്യ എഫ് എമ്മുകളില്‍ വാര്‍ത്ത അനുവദിക്കുന്നതിനുള്ള നിയന്ത്രണവും എടുത്തുകളയാനുള്ള ഒരുക്കത്തിലാണ് വാര്‍ത്താവിനിമയ മന്ത്രാലയം.
മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് തന്നെ പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമാക്കി ഉയര്‍ത്താനുള്ള നടപടികള്‍ വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം കേന്ദ്രമന്ത്രിമാരുടെ കൂടിയാലോചനാ സമിതികള്‍ക്ക് നല്‍കിയിരുന്ന കേന്ദ്ര മന്ത്രിസഭാ യോഗ കുറിപ്പിന്റെ കരട് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പാണ് ഇതിനായി തയ്യാറാക്കിയ കരട് മന്ത്രിസഭായോഗത്തില്‍ വെച്ചത്. പ്രതിരോധ മേഖലയില്‍ 26 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപനത്തിനാണ് ഇപ്പോള്‍ അനുമതിയുള്ളത്. പ്രതിരോധ വകുപ്പിലേക്ക് ആവശ്യമായ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നത് കുറച്ച്, തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വിശദീകരണം. സാങ്കേതിക വിദ്യ കൈമാറുന്ന വിദേശ കമ്പനിക്ക് 74 ശതമാനവും കൈമാറാത്ത കമ്പനിക്ക് 49 ശതമാനവും അനുവദിക്കാനാണ് നീക്കം.
വാര്‍ത്താ മാധ്യമ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ഈ മേഖലയിലെ വിവിധ കക്ഷികളില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. നിലവില്‍ വിനോദ, വാണിജ്യ മാധ്യമങ്ങളില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വാര്‍ത്താ മാധ്യമ രംഗത്ത് വിദേശ നിക്ഷേപം 26 ശതമാനം മാത്രമേ അനുവദിക്കുന്നുള്ളു. ഈ നിയന്ത്രണം പൂര്‍ണമായി എടുത്തു കളയാനാണ് കേന്ദ്ര നീക്കം. വാര്‍ത്താ മാധ്യമ മേഖലയുടെ വളര്‍ച്ചക്കും പുരോഗതിക്കും വഴിയൊരുക്കാനെന്ന പേരിലാണ് പുതിയ നീക്കം. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധിയുടെ കാര്യത്തില്‍ മാധ്യമ ഉടമകളും മാധ്യമപ്രവര്‍ത്തകരും രാജ്യസുരക്ഷാ വിദഗ്ധരുമുള്‍പ്പെടെ ഈ മേഖലയിലെ വിവിധ കക്ഷികളില്‍ നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചു മാത്രമേ അന്തിമതീരുമാനമെടുക്കുകയുള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണമെങ്കിലും ഈ നീക്കം രാജ്യത്തെ മാധ്യമ മേഖലയില്‍ വന്‍ പ്രത്യാഘാതമുളവാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒപ്പം ഇന്‍ഷ്വറന്‍സ് മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനം ആക്കി ഉയര്‍ത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ സ്വീകിച്ചു വരികയാണ്.
അതോടൊപ്പം യു പി എ സര്‍ക്കാറിന്റെ ഭരണകാലത്ത് ജനങ്ങളുടെ ദുരിതത്തനിടയാക്കിയ ഇന്ധന വിലവര്‍ധനക്ക് പരിഹാരം കാണാനുള്ള ഒരു ശ്രമവും മോദി സര്‍ക്കറിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ക്രമാതീതമായ ഇന്ധന വിലവര്‍ധനക്കും അതുവഴി അവശ്യ സാധനങ്ങളുടെ വില വര്‍ധനക്കും വഴിയൊരുക്കിയത് ഇന്ധന വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ യു പി എ സര്‍ക്കാറിന്റെ നടപടിയായിരുന്നു. ഇത് തിരുത്തുന്നതിനോ എണ്ണക്കമ്പനികളില്‍ നിന്ന് വിലനിയന്ത്രണാധികാരം എടുത്തുകളയുന്നതിന് മോദി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇത് തുടാന്‍ തന്നെയാണ് തീരുമാനം.
വിലക്കയറ്റത്തിനും യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ വോട്ട് ചോദിച്ച നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ഇക്കാര്യം മെല്ലെ വിസ്മരിക്കുകയാണ്. ഞായറാഴ്ച അര്‍ധരാത്രി നിലവില്‍ വന്ന പുതിയ ഡീസല്‍ വില വര്‍ധന ഇക്കാര്യത്തിന് അടിവരയിടുന്നതാണ്. ഭരണവും സംവിധാനങ്ങളും മാറിയാലും മുതലാളിത്ത, കുത്തക കമ്പനികളെ സഹായിക്കുന്ന നിലപാടില്‍ ഭരണാധികാരികള്‍ ഒരിക്കലും മാറ്റം വരുത്തില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇതിന് പുറമെ കേന്ദ്ര സര്‍ക്കാറിന്റെ നയപരവും ഭരണപരവുമായ തീരുമാനങ്ങളെടുക്കുന്നതിനായി നിലവിലുണ്ടായിരുന്ന മന്ത്രിതല സമിതികള്‍ പിരിച്ചുവിട്ടുകൊണ്ടുള്ള മോദി സര്‍ക്കാറിന്റെ തീരുമാനം സംശയത്തിന്റെ നിഴലിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സമിതികള്‍ പിരിച്ചുവിട്ടത്. ഈ തീരുമാനം കൂട്ടുത്തരവാദിത്വത്തില്‍ നിന്ന് മാറി ഓരോ മന്ത്രിമാര്‍ക്കും തങ്ങളുടെ വകുപ്പുകളില്‍ തീരുമാനങ്ങളെടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. ഓരോ വകുപ്പിലെയും തീരുമാനങ്ങളെടുക്കുന്നതിലുള്ള അനാവശ്യ കാലതാമസം ഒഴിവാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതായാണ് വിശദീകരണമെങ്കിലും ഇത് സേച്ഛാപരമായ തീരുമാനങ്ങളിലേക്ക് വഴിയൊരുക്കും. ഒരു തീരുമാനം മന്ത്രിസഭാ യോഗത്തില്‍ വെക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ പഠിക്കുന്നതിനും അതിന്റെ കൂടുതല്‍ വശങ്ങള്‍ പരിശോധിക്കുന്നതിനും വേണ്ടിയാണ് ഇത്തരം മന്ത്രിതല സമിതികള്‍ക്ക് രൂപം നല്‍കിയിരുന്നത്. ഇത്തരം ഒമ്പത് ഉന്നതാധികാര മന്ത്രിതല സമിതികളും 21 മന്ത്രിതല സമിതികളുമാണ് യു പി എ സര്‍ക്കാറിന്റെ കാലത്ത് രൂപവത്കരിച്ചിരുന്നത്.
സാധാരണ ജനങ്ങളുടെ സര്‍ക്കാറാണെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാറിന്റെ ആദ്യ ആഴ്ചയിലെ തീരുമാനങ്ങള്‍ മുതലാളിത്ത കോര്‍പറേറ്റുകളെ സഹായിക്കുന്നതാണെന്ന് വ്യക്തമായിരിക്കുകയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest