Connect with us

National

ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ വേരുകളുള്ള നേതാവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗത്തില്‍ ജനിച്ച് സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളില്‍ എത്തിയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ഗോപിനാഥ് മുണ്ടെ. ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരുകളുള്ള ഒരു നേതാവിനെയാണ് ബി ജെ പിക്ക് നഷ്ടമാകുന്നത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചത് മുണ്ടെയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വരെ ആ നേതൃ പാടവം ബി ജെ പിക്ക് വലിയ മുന്നേറ്റമൊരുക്കി. ശിവസേനയടക്കമുള്ളവരുമായുള്ള സഖ്യത്തിന്റെയും ശില്‍പ്പി മുണ്ടെ ആയിരുന്നു.
മഹാരാഷ്ട്രയിലെ പറളിയിലെ സാധാരണ കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വഞ്ചാരി വിഭാഗക്കാരനാണ് അദ്ദേഹം. കോമേഴ്‌സ് ബിരുദധാരിയായ മുണ്ടെ എ ബി വി പിയിലൂടെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. പിന്നെ ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പൂനെ നഗരത്തിലെ ആര്‍ എസ് എസ് ശാഖകളുടെ ചുമതലക്കാരനായിരുന്നു. യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായി. ഗ്രാമ മേഖലയില്‍ ബി ജെ പിക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ മുണ്ടെ കാര്യമായ പങ്ക് വഹിച്ചു. അടിയന്തരാവസ്ഥ കാലത്ത് നാസിക് ജയിലില്‍ തടവ് ശിക്ഷ അനുഭവച്ചിരുന്നു. മുണ്ടെയുടെ രാഷ്ട്രീയ പ്രവേശത്തിന് പ്രമോദ് മഹാജന്റെ സ്വാധീനം നിര്‍ണായകമായിരുന്നു. സഹപാഠിയും സുഹൃത്തുമായിരുന്നു അദ്ദേഹത്തിന് മഹാജന്‍. പിന്നീട് സഹോദരിയെ വിവാഹം ചെയ്തതോടെ ബന്ധുവുമായി. ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവ്, മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പല നിലകളിലെ സമാജികന്‍, മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രി എന്നിങ്ങനെ ലഭിച്ച എല്ലാ അവസരങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മുണ്ടെക്ക് സാധിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറാത്താവാഡയിലെ ബീഡില്‍ നിന്ന് രണ്ട് ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
കേന്ദ്ര ഗ്രാമ വികസന മന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ നിയമ ബിരുദം സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ യോഗ്യതയാണ് കാണിച്ചതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ശക്കീല്‍ അഹ്മദ് രംഗത്തുകയായിരുന്നു. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1976ല്‍ പൂനെ ന്യൂ ലോ കോളജില്‍ നിന്ന് നിയമ ബിരുദമെടുത്തുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കോളജ് സ്ഥാപിക്കപ്പെട്ടത് 1978ലാണെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം.

Latest