Connect with us

National

മഹാരാഷ്ട്ര ബി ജെ പിക്ക് രണ്ടാമത്തെ വലിയ വേനല്‍ക്കാല നഷ്ടം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര ഗ്രാമ വികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം മഹാരാഷ്ട്ര ബി ജെ പിക്ക് രണ്ടാമത്തെ വലിയ വേനല്‍ക്കാല നഷ്ടം. എട്ട് വര്‍ഷം മുമ്പ് ഇതുപോലൊരു വേനലില്‍, 2006 ഏപ്രിലില്‍, ആണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ജനപ്രിയ നേതാവ് പ്രമോദ് മഹാജന് വെടിയേറ്റത്. വര്‍ളിയിലെ വീട്ടില്‍ നിന്ന് സഹോദരന്‍ പ്രവീണിന്റെ വെടിയേറ്റ പ്രമോദ് മഹാജന്‍ മെയ് മൂന്നിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രമോദ് മഹാജന്റെ സഹോദരി പ്രദന്യയെയാണ് മുണ്ടേ വിവാഹം കഴിച്ചത്. തന്റെ സവിശേഷമായ വ്യക്തിത്വവും ചുറുചുറുക്കും ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ ബി ജെ പിയെ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ച പ്രമോദ് മഹാജന് ശേഷം അതേ വേഗത്തില്‍ ഉയരങ്ങളിലേക്ക് നടന്ന ഗോപിനാഥ് മുണ്ടെ കൂടി വിടവാങ്ങുമ്പോള്‍ മഹാരാഷ്ട്ര ബി ജെ പി ഘടകത്തിന് ഞെട്ടല്‍ വിട്ടു മാറുന്നില്ല. അതുകൊണ്ട് തന്നെയാണ് മുണ്ടെയുടെ മരണത്തില്‍ അവര്‍ ദുരൂഹത ആരോപിച്ചിരിക്കുന്നത്.
വാജ്‌പേയി സര്‍ക്കാറില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മഹാജന് ശേഷം ബി ജെ പിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളുടെ നിരയിലേക്ക് വളരാന്‍ മുണ്ടെക്ക് സാധിച്ചു. മഹാജന്റെ അസാന്നിധ്യം നികത്തിയെന്ന് പറയാം. ബി ജെ പി പ്രസിഡന്റായ നിഥിന്‍ ഗാഡ്കരിയുടെ വരവോടെ അല്‍പ്പം മങ്ങിയെങ്കിലും ഈ പിന്നാക്ക വിഭാഗക്കാരനെയാണ് ബി ജെ പി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാക്കിയത്. ഇപ്പോള്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാറില്‍ പ്രധാന വകുപ്പുകള്‍ നല്‍കി കാബിനറ്റ് മന്ത്രിയാക്കിയതും മുണ്ടെയുടെ ജനസ്വാധീനത്തിന്റെ നിദര്‍ശനമാണ്.
മുണ്ടെയുടെ ജന്മ നാടായ മറാത്തവാഡക്ക് രണ്ട് വര്‍ഷത്തിനിടെ നഷ്ടപ്പെടുന്ന രണ്ടാമത്തെ നേതാവാണ് ഗോപിനാഥ് മുണ്ടെ.
പിന്നാക്ക പ്രദേശമായ ഇവിടുത്തുകാരനായിരുന്നു 2012 ആഗസ്റ്റ് 14ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും 67കാരനുമാ വിലാസ് റാവു ദേശമുഖ്.
മുണ്ടെ- മഹാജന്‍ ഗോത്രത്തിന് മൂന്നാം തീയതി ദുര്‍ ദിനമാണെന്നാണ് പഴയ ദുരന്തങ്ങള്‍ ഓര്‍ത്തെടുത്ത് പ്രവീണ്‍ മഹാജന്റെ വിധവ സാരംഗി മഹാജന്‍ പറയുന്നത്. പ്രമോദ് മഹാജന്‍ ഹിന്ദുജ ആശുപത്രിയില്‍ മരിച്ചത് മെയ് മൂന്നിന്. ഒരു മാസം കഴിഞ്ഞ് ജൂണ്‍ മൂന്നിന് മഹാജന്റെ അടുത്ത സഹായി വിവേക് മോയിത്രയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രവീണ്‍ മഹാജന്‍ മരിച്ചത് 2010 മാര്‍ച്ച് മൂന്നിന്. ഗോപിനാഥ് മുണ്ടെ ജൂണ്‍ മൂന്നിനും. താനും മഹാജന്‍ കുടുംബവും തമ്മിലുള്ള അകല്‍ച്ച പരിഹരിക്കാന്‍ മുണ്ടെയുടെ സഹായം തേടാനിരിക്കെയാണ് വിയോഗമെന്നും സാരംഗി പറഞ്ഞു.

Latest