Connect with us

Gulf

ഇന്ത്യ- ഒമാന്‍ ബന്ധം ശക്തമാക്കാന്‍ ധാരണ

Published

|

Last Updated

മസ്‌കത്ത്/ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ നയതന്ത്ര സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് ഒരു ഒമാന്‍ പ്രതിനിധി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നത്. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ നയതന്ത്ര, വാണിജ്യ ബന്ധം ഊട്ടിയുറപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലെത്തിയ ഒമാന്‍ പ്രതിനിധികള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

ഇന്ത്യക്കും ഒമാനും ഇടയിലെ നിക്ഷേപ, വാണിജ്യ ബന്ധത്തിന് കൂടുതല്‍ ശക്തിപകരാന്‍ ഒമാന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിനാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താക്കള്‍ അറിയിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ പ്രത്യേക പ്രതിനിധിയായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുമായി സൗത്ത് ബ്ലോക്കിലാണ് കൂടിക്കാഴ്ച നടത്തിയത്. പുതുതായി അധികാരത്തിലേറിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്കുള്ള സുല്‍ത്താന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ യൂസുഫ് ബിന്‍ അലാവി നരേന്ദ്ര മോദിക്ക് കൈമാറി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ ബന്ധം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര കാര്യങ്ങളും സാമ്പത്തിക, പ്രതിരോധ, രാഷ്ട്രീയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്ദുല്ല ചര്‍ച്ച ചെയ്തു. ഒമാന്‍ അടക്കമുള്ള മധ്യപൗരസ്ത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകുമെന്നും സുഷമാ സ്വരാജും യൂസുഫ് ബിന്‍ അലാവിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പുതിയ നിക്ഷേപങ്ങളെ കുറിച്ചും സാമ്പത്തിക കരാറിനെ കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സുഷമാ സ്വരാജിനെ മന്ത്രി അബ്ദുല്ല ഒമാനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സുഷമയുടെ ഒമാന്‍ സന്ദര്‍ശനം ഉടനുണ്ടാകുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.