Connect with us

Ongoing News

ബാര്‍ലൈസന്‍സ്: കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

തിരുവനന്തപുരം: കാഞ്ഞങ്ങാട് നഗരസഭയില്‍ ബാര്‍ ലൈസന്‍സിന് നിരാക്ഷേപപത്രം നല്‍കിയതിന് വൈസ്‌ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോരടിയെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. പാര്‍ട്ടിയുടെ പേരില്‍ ലഭിച്ചിട്ടുള്ള മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജി വെക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ അനില്‍ വാഴുന്നോരടി സ്വയം തെറ്റ് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ താക്കീത് ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം അസൈനാരുടെ ഭാഗത്തു നിന്നും മണ്ഡലം പ്രസിഡന്റ് കുഞ്ഞിക്കണ്ണന്റെ ഭാഗത്തു നിന്നും പാര്‍ട്ടി നയം നടപ്പിലാക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചത് കണക്കിലെടുത്ത് രണ്ട് പേരെയും തല്‍സ്ഥാനത്ത് നിന്ന് നീക്കി. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ താത്കാലിക ചുമതല വൈസ് പ്രസിഡന്റ് ഡി വി ബാലകൃഷ്ണന് നല്‍കാനും മണ്ഡലം പ്രസിഡന്റിന്റെ താത്കാലിക ചുമതല ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി കെ ചന്ദ്രശേഖരന് നല്‍കാനും തീരുമാനിച്ചു. കൗണ്‍സിലര്‍മാരായ പി ശോഭ, ടി കുഞ്ഞികൃഷ്ണന്‍, ശ്യാമള, ഷൈലജ ടി വി, വി വി ശോഭ, കുസുമം എന്നിവരെ ശാസിക്കാനും തീരുമാനിച്ചു.

Latest