Connect with us

Ongoing News

കൊച്ചിയിലെ ദേശീയ പോലീസ് സര്‍വകലാശാല: ബില്ലിന്റെ കരട് രൂപം തയ്യാറായി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചിയില്‍ സ്ഥാപിക്കുന്ന നാഷനല്‍ യൂനിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സ് ആന്‍ഡ് ഇന്റേനല്‍ സെക്യൂരിറ്റി (നുപ്‌സിസ്) ബില്ലിന്റെ കരട് രൂപരേഖ തയ്യാറായി. ഡോ. എന്‍ ആര്‍ മാധവ മേനോന്‍ അധ്യക്ഷനായ 11 അംഗ സമിതിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കരട് റിപ്പോര്‍ട്ട് ഇന്നലെ സര്‍ക്കാറിനു സമര്‍പ്പിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിലെ ആഭ്യന്തര സുരക്ഷ, പരിഹാരം എന്നിവ ഉറപ്പ്‌വരുത്തുന്നതിന് പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ സര്‍വകലാശാല സ്ഥാപിക്കുന്നത്.

വിഷയത്തില്‍ ഈ മാസം 20ന് കേന്ദ്രതലത്തിലെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥരുമായി പഠനസമിതി ചര്‍ച്ച നടത്തും. തുടര്‍ന്ന് പദ്ധതിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ജൂലൈയില്‍ സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിക്കും. സര്‍വകലാശാലയുടെ ആസ്ഥാനം കൊച്ചിയായിരിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 24.7 കോടിയാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. ഫണ്ടിന്റെ 65 ശതമാനം കേന്ദ്ര സര്‍ക്കാറും ശേഷിക്കുന്ന തുകയുടെ 50 ശതമാനം ഫീസ്, ഗ്രാന്റ്, റിസര്‍ച്ച് പ്രൊജക്ട് എന്നീ ഇനങ്ങളില്‍ കണ്ടെത്തും.
വ്യോമയാന, ആരോഗ്യ, പരിസ്ഥിതി, വാര്‍ത്താവിനിമയ, വ്യാപാര, വാണിജ്യ മേഖലകളിലും പോലീസ്, സുരക്ഷാ മേഖലയിലും ആഭ്യന്തര സുരക്ഷയും പരിഹാരമാര്‍ഗങ്ങളും ഉറപ്പ് വരുത്തുകയാണ് നുപ്‌സിസിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ ഡോ.മാധവ് മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് തന്നെ പോലീസ് യൂനിവേഴ്‌സിറ്റി ആരംഭിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവയാണ് മറ്റുള്ളവ.
ബി പി എസ് സി (ബാച്ച്‌ലര്‍ ഓഫ് പോലീസ് സയന്‍സ്- നാല് വര്‍ഷം), എം പി എസ് സി (മാസ്റ്റര്‍ ഓഫ് പോലിസ് സയന്‍സ്- രണ്ട് വര്‍ഷം), എം ഫിലും പി എച്ച് ഡിയും, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, നാഷനല്‍ ഡിഫന്‍സ് കോളജിന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് കോഴ്‌സ് (ഒരു വര്‍ഷം) തുടങ്ങിയ അഞ്ച് തരത്തിലുള്ള ഉന്നത ബിരുദ കോഴ്‌സുകളാണ് സര്‍വകലാശാലയില്‍ നല്‍കുക. സര്‍വകലാശാലയുടെ മുഖ്യ രക്ഷാധികാരി ഗവര്‍ണറാണ്. ചാന്‍സലര്‍ മുഖ്യമന്ത്രിയും പ്രോ വൈസ്ചാന്‍സലര്‍ ആഭ്യന്തര മന്ത്രിയുമാണ്.
സെര്‍ച്ച് കമ്മിറ്റി, സെലക്ഷന്‍ കമ്മിറ്റി എന്നിവയുടെ തിരഞ്ഞെടുപ്പിനും തീരുമാനത്തിനും ശേഷം വിസിറ്ററുടെ സാന്നിധ്യത്തില്‍ ചാന്‍സലര്‍ ആണ് വൈസ് ചാന്‍സലറെ നിശ്ചയിക്കുക. യു ജി സി നിഷ്‌കര്‍ഷിക്കുന്ന പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാണ് വൈസ് ചാന്‍സലര്‍ക്ക് ഉണ്ടാകേണ്ട യോഗ്യത. 25 അംഗ ഉപദേശക സമിതിയെയാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനു താഴെ 21 അംഗ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഉണ്ടായിരിക്കും. സിന്‍ഡിക്കേറ്റിന് തുല്യമാണിത്. ഇതിനു താഴെയുള്ള അക്കാദമിക് സെനറ്റില്‍ 25 അംഗങ്ങള്‍ ഉണ്ടായിരിക്കും.
ലോക നിലവാരത്തിലുള്ള സര്‍വകലാശാലയാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. എന്‍ ആര്‍ മാധവ മേനോന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോലീസുകാരെ പരീശീലിപ്പിക്കലല്ല സുരക്ഷാമേഖലയില്‍ വിദഗ്ധരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുടെ സേവനം തേടും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും. ഭാവിയില്‍ കേരള പോലീസിന്റെ എന്‍ട്രി ലെവല്‍ തസ്തികകളിലേക്കുള്ള അടിസ്ഥാന യോഗ്യതയായി പോലീസ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് ബിരുദം ഏര്‍പ്പെടുത്തും. പൊതുജനങ്ങളില്‍ നിന്നും ഇതര മേഖലകളിലെ വിദഗ്ധരില്‍ നിന്നും അഭിപ്രായം ആരാഞ്ഞ ശേഷമാകും അന്തിമ ബില്‍ തയ്യാറാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി പി ശ്രീനിവാസന്‍, മുന്‍ ഡി ജി പിമാരായ രമണ്‍ ശ്രീവാസ്തവ, ജേക്കബ് പുന്നൂസ്, റിട്ട. ജഡ്ജി ജസ്റ്റീസ് ആര്‍ ബസന്ത്, എം ജി സര്‍വകലാശാലാ പ്രോ. വി സി ഡോ. ഷീനാ ശുക്കൂര്‍, ആസിഫ് അലി പങ്കെടുത്തു.

---- facebook comment plugin here -----

Latest