Connect with us

Ongoing News

കിണര്‍ റീചാര്‍ജിംഗിന് മഴസമൃദ്ധി: 326 തടയണകള്‍

Published

|

Last Updated

Rain_Water_Harvesting_6

തിരുവനന്തപുരം: സംസ്ഥാനത്തെ 40 ലക്ഷം കിണറുകള്‍ ഉപയോഗയോഗ്യമാക്കുന്നതിനായി “മഴസമൃദ്ധി” പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തുകളില്‍ കിണര്‍ റീചാര്‍ജിംഗ് പദ്ധതിയാണ് മഴ സമൃദ്ധി. കിണര്‍ ഒന്നിന് 5,000 രൂപ നിരക്കില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ബാക്കി 1000 രൂപ ഉപഭോക്താവ് വഹിക്കണം. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന മഴവെള്ളത്തെ ശുദ്ധീകരിച്ച് തുറന്ന കിണറുകളില്‍ ജലശേഷി വര്‍ധിപ്പിക്കുന്നതിനായി റീ ചാര്‍ജ് ചെയ്യുന്നതാണ് പദ്ധതി. 1,000 ചതുരശ്ര അടി വിസ്തീര്‍ണമുളള ഒരു പുരപ്പുറത്ത് ശരാശരി അഞ്ച് ലക്ഷം ലിറ്റര്‍ വരെ മഴ ലഭിക്കുന്നുണ്ട്. തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നടപ്പാക്കി വരുന്ന മഴപ്പൊലിമ പദ്ധതിയുടെ മാതൃകയിലാണ് മഴസമൃദ്ധി പദ്ധതി ആവിഷ്‌കരിക്കുന്നത്. തുലാ വര്‍ഷത്തെയും വേനല്‍ മഴയെയും പ്രയോജനപ്പെടുത്തിയാല്‍ കിണര്‍ ജലസമ്പന്നമാകുമെന്ന വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മഴയെ കൂടുതല്‍ പ്രയോജനപ്പെടുത്തി കിണറുകളുടെ ഭൂജലശേഷി വര്‍ധിപ്പിക്കുകയാണ് മഴസമൃദ്ധി പദ്ധതിയുടെ ലക്ഷ്യമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് ജിക്കാ പദ്ധതി (805.60 കോടി), ആലപ്പുഴ യൂഡിസ്മാറ്റ് പദ്ധതി (193 കോടി), കൊച്ചി ജന്റം പദ്ധതി (201.17 കോടി) എന്നിവയുടെ നിര്‍മാണ പ്രവൃത്തികളും മിഷന്‍ 676 ന്റെ ഭാഗമായി പൂര്‍ത്തിയാക്കും. 154 പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്നതിലൂടെ അധികമായി 83 ലക്ഷം ജനങ്ങള്‍ക്ക് പൈപ്പ് വഴി കുടിവെള്ളം ലഭ്യമാകും. “എല്ലാവര്‍ക്കും കുടിവെള്ളം എല്ലായിപ്പോഴും” എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. വലുതും ചെറുതുമായി 1,247 പദ്ധതികളില്‍ കൂടി ഏകദേശം 16 ലക്ഷം ഗാര്‍ഹിക കണക്ഷനുകളും രണ്ട് ലക്ഷത്തില്‍പരം പൊതു ടാപ്പുകള്‍ വഴിയും കേരളാ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ 74 വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി നടത്തിപ്പില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് ഇ ടെന്‍ഡര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ പദ്ധതികളുടെ ടെന്‍ഡര്‍ പൂര്‍ത്തീകരണം മൂന്ന് മാസത്തിനുള്ളില്‍ സാധ്യമാകും.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കേരളാ വാട്ടര്‍ അതോറിറ്റി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ അധിക കേന്ദ്ര സഹായമായി നൂറ് കോടി രൂപയും 2013-14ല്‍ 67.31 കോടി രൂപയും ലഭിക്കുകയുണ്ടായി. വാട്ടര്‍ അതോറിറ്റിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിത്. കുടിവെള്ള പദ്ധതികളോട് അനുബന്ധിച്ചുള്ള ജലസ്രോതസ്സുകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 184 തടയണകള്‍ നിര്‍മിക്കുന്നതിന് 106.6 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കൂടാതെ സംസ്ഥാനത്ത് ചെറുതും വലുതുമായ 142 തടയണകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി നടന്നുവരികയാണ്.
സംസ്ഥാനത്തെ 92 പഞ്ചായത്തുകളില്‍ ജലനിധി പദ്ധതി നടപ്പിലാക്കി വരികയാണ്. ഈ വര്‍ഷം 50 പഞ്ചായത്തുകളില്‍ കൂടി ജലനിധി പദ്ധതി നടപ്പിലാക്കും. രൂക്ഷമായ കുടിവെള്ള ക്ഷാമം ഉള്ള പ്രദേശങ്ങളില്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ച് ചെറുകിട പദ്ധതികള്‍ രൂപവത്കരിക്കും. ഭൂജല വകുപ്പിനു കീഴില്‍ 859 കുഴല്‍ കിണറുകളാണ് നിര്‍മിക്കുക. കൂടാതെ 629 ഹാന്‍ഡ് സെറ്റുകള്‍ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നതായും മന്ത്രി ജോസഫ് പറഞ്ഞു.

 

---- facebook comment plugin here -----

Latest