Connect with us

Gulf

സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ സങ്കീര്‍ണമാകുന്നുവെന്ന് വിദഗ്ധര്‍

Published

|

Last Updated

ദുബൈ: സന്ധി ശസ്ത്രക്രിയ പ്രായമാകുന്നതുവരെ നീട്ടിവെക്കുന്നത് എല്ല് തേയ്മാനം, ഗുരുതരമായ അസ്ഥി പരിക്കുകള്‍ തുടങ്ങിയവക്ക് കാരണമാകുന്നുവെന്ന് അസ്റ്റര്‍ സിനര്‍ജ് രാജ്യാന്തര തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി അഭിപ്രായപ്പെട്ടു. ഇവ രോഗിയുടെ അവസ്ഥ കൂടുതല്‍ മോശമാക്കുകയും ചികിത്സിക്കാന്‍ കഴിയാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു.
“രോഗിയുടെ എല്ലില്‍ വൈകല്യവും നാശവും സംഭവിക്കുന്നതിനു മുമ്പ് സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ മികച്ച ജീവിതത്തിനായി നല്ല ഫലം ഉറപ്പുനല്‍കാനാവും. വേദനയും അസ്വസ്ഥതയും അസഹനീയമായതിനു ശേഷം മാത്രം ശസ്ത്രക്രിയ നടത്തിയാല്‍ മതി എന്ന പൊതു ധാരണ തീര്‍ത്തും തെറ്റാണ്.
സെമിനാറില്‍ സംസാരിക്കവെ കൊച്ചി അസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഓര്‍ത്തോപീഡിക്‌സ് ലീഡ് കണ്‍സള്‍ട്ടന്റും അഡള്‍ട്ട് ഹിപ് ആന്റ് നീ റീസണ്‍സ്ട്രക്ഷന്‍ വിഭാഗം തലവനുമായ ഡോ. വിജയമോഹന്‍ പറഞ്ഞു. ജീവിതത്തിന്റെ അന്തിമവര്‍ഷങ്ങളിലേക്ക് ശസ്ത്രക്രിയ നീട്ടിവെക്കേണ്ടതില്ലെന്ന അവബോധം രോഗികളിലുണ്ടാക്കുക സുപ്രധാനമാണ്. സന്ധി മാറ്റിവെക്കലിന്റെ ഏറ്റവും നല്ല ഫലം ലഭിക്കുന്നത് അസ്ഥി ക്ഷതമേല്‍ക്കുന്നതിന്റെ തുടക്കഘട്ടങ്ങളിലും ദൈനംദിന കാര്യങ്ങള്‍ക്ക് തടസ്സം നേരിട്ടുതുടങ്ങുന്ന സമയത്തുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും മുന്‍നിര ആരോഗ്യരക്ഷാ ദാതാക്കളായ അസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറിന്റെ സി എം ഇ ഡിവിഷനായ “സിനര്‍ജി”നു കീഴില്‍ നടന്ന അന്താരാഷ്ട്ര തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ (സി എം ഇ) സെമിനാറില്‍ ദുബൈയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു.