Connect with us

Gulf

എ സി പ്രവര്‍ത്തന രഹിതം: അന്തിയുറക്കം വാഹനത്തില്‍

Published

|

Last Updated

അബുദാബി:എ സി പ്രവര്‍ത്തിക്കാത്തത് കാരണം പതിനെട്ടോളം കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത് വാഹനങ്ങളില്‍. അബുദാബി എയര്‍പോര്‍ട്ട് റോഡിലെ അബുദാബി ഇസ്‌ലാമിക് ബേങ്കിന്റെ മുന്‍വശത്തുള്ള കെട്ടിടത്തില്‍ താമസിക്കുന്ന ഇന്ത്യന്‍ കുടുംബങ്ങളാണ്, ഉടമ കെട്ടിടത്തിലെ സെന്‍ട്രല്‍ എ സി അറ്റകുറ്റപ്പണി നടത്താത്തത് കൊണ്ട് ഉറക്കം വാഹനങ്ങളിലാക്കിയത്.മെയ് 21 മുതലാണ് എ സി പ്രവര്‍ത്തനരഹിതമായത്. തകരാറിലായ വിവരം ഉടനെ ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും തകരാര്‍ ഇതുവരെയും ശരിയാക്കിയിട്ടില്ലെന്ന് താമസക്കാര്‍ പറയുന്നു. 20 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലെ മുറികള്‍ അധികവും ഇടുങ്ങിയതാണ്. വര്‍ഷത്തില്‍ 60,000 മുതല്‍ 65,000 വരെയാണ് വാടക. കുടുംബങ്ങളാണ് അധികവും. ചൂട് കൂടിയതോടെ പലരും സ്വന്തമായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും കയ്യിലെ കാശ് പോയതല്ലാതെ എ സി പ്രവര്‍ത്തനക്ഷമമായില്ല. അസഹ്യമായ ചൂടില്‍ കുട്ടികള്‍ക്ക് ക്ഷീണം കൊണ്ട് രാവിലെ ഉറങ്ങി എഴുന്നേല്‍ക്കാനാവുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. കുടുംബങ്ങള്‍ കൂളറും ചെറിയ രീതിയില്‍ തണുപ്പ് ലഭ്യമാകുന്ന ഫാനുകളും വാങ്ങിയിട്ടുണ്ടെങ്കിലും അമ്പത് ഡിഗ്രിയോളം വരുന്ന ചൂടായതിനാല്‍ കാര്യമൊന്നുമില്ലെന്ന് അവര്‍ പറയുന്നു.
ഇവിടെയുള്ള താമസക്കാരിലധികവും അബുദാബിയിലെ വിവിധ പ്രദേശങ്ങളിലുള്ള കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് താമസിക്കുന്നത്. ഉടന്‍ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ നഗരസഭയേയും പോലീസിനെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് താമസക്കാര്‍.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി