Connect with us

National

കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഉന്നത ബിജെപി നേതാവും കേന്ദ്ര ഗ്രാമവികസന മന്ത്രിയുമായ ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു. 64 വയസ്സായിരുന്നു. രാവിലെ 6.20ന് ഡല്‍ഹി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മോത്തിബാഗിന് സമീപം മുണ്ടെ സഞ്ചരിച്ച കാര്‍ ഒരു ഇന്‍ഡിക്ക കാറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുണ്ടെയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും എട്ടരയോടെ മരിച്ചു. സംസ്‌കാരം നാളെ മഹാരാഷ്ട്രയിലെ ജന്മഗ്രാമത്തില്‍ നടക്കും.

Gopinath_Munde_360_fileമഹാരാഷ്്ട്രയിലെ ബീഡ് മണ്ഡലത്തില്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. വാഹനത്തില്‍ പിന്‍സീറ്റിലായിരുന്ന മുണ്ടെയുടെ വശത്താണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകും. മറാത്ത രാഷ്ട്രീയത്തില്‍ ബിജെപിക്ക് വഴിത്തിരിവുണ്ടാക്കിയ നേതാവായിരുന്നു ഗോപിനാഥ് മുണ്ടെ. ബീഡ് മണ്ഡലത്തില്‍ നിന്നുള്ള അംഗമായ അദ്ദേഹത്തിന് നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഗ്രാമവികസനം, പഞ്ചായത്തീരാജ്, ശുദ്ധജലവും ശുചിത്വവും വകുപ്പുകളുടെ ക്യാബിനറ്റ് ചുമതലയാണ് ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മോഡി മന്ത്രിസഭയില്‍ അംഗമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

കഴിഞ്ഞ ലോക്‌സഭയിലെ ബിജെപി ഉപനേതാവായിരുന്നു. 1995-99 കാലയളവില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. അന്തരിച്ച പ്രമുഖ ബിജെപി നേതാവ് പ്രമോദ് മഹാജന്റെ സഹോദരിയാണ് ഭാര്യ.

മുണ്ടെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. ട്വിറ്ററിലൂടെയാണ പ്രധാനമന്ത്രി ദുഖം അറിയിച്ചത്. രാജ്യത്തിനും സർക്കാറിനും വലിയ നഷ്ടമാണ് അദ്ദേഹത്തിൻെറ ആകസ്മിക വിയോഗമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുന്നു.

 

Latest