Connect with us

Ongoing News

ജര്‍മനിയെ വിരട്ടി കാമറൂണ്‍

Published

|

Last Updated

മോന്‍ചെന്‍ഗ്ലാഡ്ബാച്്: സാമുവല്‍ എറ്റുവിന്റെ ചിറകിലേറി വരുന്ന കാമറൂണ്‍ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ജര്‍മനിയെ ഒന്ന് വിരട്ടി. ഒരു ഗോളിന് പിറകിലാക്കുകയും, പിറകില്‍ നിന്ന ശേഷം സമനില പിടിക്കുകയും ചെയ്ത് കാമറൂണ്‍ തകര്‍ത്താടിയപ്പോള്‍ മത്സരഫലം 2-2.
പരിക്കൊഴിവാക്കാന്‍ ജര്‍മന്‍ താരങ്ങള്‍ സൂക്ഷിച്ചു കളിച്ചപ്പോള്‍ കാമറൂണ്‍ ലോകകപ്പ് മത്സരം കളിക്കുന്ന ഗൗരവത്തിലായിരുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം, സാമുവല്‍ എറ്റുവിന്റെ ഗോളില്‍ കാമറൂണ്‍ ലീഡെടുക്കുന്നത് ജര്‍മനിയുടെ തണുപ്പന്‍ കളി മുതലെടുത്തായിരുന്നു. മുപ്പത്തിമൂന്ന് വയസുള്ള കാമറൂണ്‍ നായകന്‍ അറുപത്തിരണ്ടാം മിനുട്ടില്‍ ജര്‍മന്‍ വലയില്‍ പന്തെത്തിച്ചു. 114 മത്സരങ്ങളില്‍ 55 ഗോളുകള്‍ നേടിയ എറ്റുവാണ് 1990ന് ശേഷം കാമറൂണിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ജര്‍മനിക്കെതിരെ സന്നാഹ മത്സരത്തിലും എറ്റു യുവാവിനെ പോലെ ഓടിക്കളിച്ചത് ആഫ്രിക്കന്‍ സിംഹങ്ങളുടെ ലോകകപ്പ് പ്രതീക്ഷ ഉയര്‍ത്തുന്നു.
പരാഗ്വെക്കെതിരെ ആദ്യ സന്നാഹത്തില്‍ കാമറൂണ്‍ 2-1ന് തോറ്റിരുന്നു. എറ്റു അന്ന് അവസാന ഏതാനും മിനുട്ടുകളില്‍ മാത്രമായിരുന്നു കളിച്ചത്. കോച്ച് ഫിന്‍കെ ജര്‍മനിക്കെതിരെ ആദ്യ ലൈനപ്പില്‍ തന്നെ ഇറക്കിയതോടെ കഥ മാറി.
ഏറ്റുവിന്റെ ഗോളിന് ജര്‍മനി നാല് മിനുട്ടിനുള്ളില്‍ മറുപടി കൊടുത്തു.
ജെറോം ബോട്ടെംഗിന്റെ ക്രോസില്‍ തോമസ് മുള്ളറുടെ ഹെഡ്ഡര്‍ ഗോള്‍. മെസുറ്റ് ഒസിലിന് പകരമെത്തിയ ലുകാസ് പൊഡോള്‍സ്‌കി കോച്ച് ജോക്വം ലോയുടെ മനം കവര്‍ന്നു. ഓഫ് സൈഡ് കെണി പൊട്ടിച്ച് ഇടത് വിംഗിലൂടെ കുതിച്ച് ആഴ്‌സണല്‍ താരം പൊഡോള്‍സ്‌കി ബോക്‌സിനുള്ളില്‍ വെച്ച് നല്‍കിയ ക്രോസ് ചെല്‍സി താരം ആന്ദ്രെ ഷുറെല്‍ അനായാസംവലയിലെത്തിച്ചു. ഒരു കംപ്ലീറ്റ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗോള്‍ !
എഴുപത്തെട്ടാം മിനുട്ടില്‍ കാമറൂണിന്റെ സമനില ഗോള്‍ ചോപോ-മോട്ടിംഗ് നേടി. മധ്യഭാഗത്ത് നിന്ന് പന്തുമായി കയറിയ മോട്ടിംഗ് പ്രതിരോധ നിരയെ കബളിപ്പിച്ച് ഗ്രൗണ്ട് ഷോട്ട് വലക്കുള്ളിലാക്കി.
ജര്‍മനിക്ക് വേണ്ടി യൂത്ത് ഫുട്‌ബോള്‍ കളിച്ച താരമാണ് മോട്ടിംഗ്. ജര്‍മന്‍ നിരയില്‍ ഏറ്റവു മോശം ഗോള്‍കീപ്പര്‍ വിഡെന്‍ഫെല്ലറായിരുന്നു. പ്രതിരോധത്തില്‍ ബോട്ടെംഗ്, മെര്‍റ്റെസാക്കര്‍, ഹമ്മല്‍ നിലവാരം കാണിച്ചില്ല. മിഡ്ഫീല്‍ഡില്‍ സമിഖെദീറ, ലുകാസ് പൊഡോള്‍സ്‌കി, ആന്ദ്രെ ഷുറെ, മുന്നേറ്റത്തില്‍ തോമസ് മുള്ളര്‍ തിളങ്ങി. ഫാള്‍സ് നയന്‍ ആയി മരിയോ ഗോസെയെ പരീക്ഷിച്ച ജോക്വം ലോവിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല.