Connect with us

International

ഗാസ, സിറിയ ആക്രമണം; ഇസ്‌റാഈല്‍ തിരിച്ചടിക്കുന്നു

Published

|

Last Updated

ജറുസലം: ഗാസയില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള വ്യത്യസ്ത റോക്കറ്റാക്രമണത്തെത്തുടര്‍ന്ന് ഇസ്‌റാഈല്‍ സൈന്യം തിരിച്ചടിച്ചു തുടങ്ങി. പുതിയ ഫലസ്തീന്‍ ഐക്യ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു ആക്രമണം. വെസ്റ്റ് ബാങ്ക് നേത്യത്വവും ഗാസ മുനമ്പിലെ ഹമാസ് നേത്യത്വവും ഏപ്രിലില്‍ നടത്തിയ അനുരഞ്ജന കരാറിനെത്തുടര്‍ന്നാണ് ഐക്യ സര്‍ക്കാര്‍ രൂപവത്കൃതമായത്. എന്നാല്‍, പുതിയ സര്‍ക്കാറിനെ ഇസ്‌റാഈല്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്.
തെക്കന്‍ ഇസ്‌റാഈലില്‍ റോക്കറ്റ് ആക്രമണം നടന്നതിനെത്തുടര്‍ന്ന് ഇസ്‌റാഈല്‍ യുദ്ധ വിമാനങ്ങള്‍ മധ്യ ഗാസയിലും തെക്കന്‍ ഗാസയിലും രണ്ട് തവണ ബോംബാക്രമണം നടത്തിയതായി വക്താവ് പറഞ്ഞു. ഇസ്‌റാഈല്‍ മേഖലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് റോക്കറ്റ് ആക്രമണം നടത്തിയതിനുള്ള തിരിച്ചടിയായി വ്യോമസേന ഗാസയിലെ രണ്ടിടങ്ങള്‍ ഇസ്‌റാഈല്‍ ആക്രമിക്കുകയായിരുന്നുവെന്ന് വക്താവ് പറഞ്ഞു.
എന്നാല്‍, ആക്രമണം വിജയകരമായിരുന്നോ എന്ന കാര്യം ഇദ്ദേഹം വ്യക്തമാക്കിയില്ല. ഈ വര്‍ഷം തുടക്കം മുതല്‍ 150ഓളം റോക്കറ്റ് ആക്രമണങ്ങള്‍ ഇസ്‌റാഈലിന് നേരെയുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അതിര്‍ത്തികള്‍ ശാന്തമായിരുന്നു. സിറിയ കൈയടിക്കിവെച്ച ഗോലന്‍ കുന്നുകളിലെ വെടിനിര്‍ത്തല്‍ രേഖയില്‍ നിന്നും ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് പ്രത്യാക്രമണം നടത്തിയതായി സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സിറിയയില്‍നിന്നും മൂന്ന് മോര്‍ട്ടാര്‍ ഷെ ല്‍ ആക്രമണമുണ്ടായതായും ഇതിലൊന്ന് ഇസ്‌റാഈല്‍ കൈയടിക്കിവെച്ച പ്രദേശത്ത് പതിച്ചതായും ഇസ്‌റാഈല്‍ സൈനിക റേഡിയോ പറഞ്ഞു. 1967ല്‍ ആറ് ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 1,200 ചതുരശ്ര കി.മീറ്റര്‍ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് ഇസ്‌റാഈല്‍ സാങ്കേതികമായി സിറിയയുമായി യുദ്ധത്തിലാണ്.

Latest