Connect with us

International

ഉക്രൈന്‍ അതിര്‍ത്തി പോസ്റ്റില്‍ റഷ്യന്‍ അനുകൂലികളുടെ ആക്രമണം

Published

|

Last Updated

കീവ്: ഉക്രൈന്‍ അതിര്‍ത്തി പോസ്റ്റില്‍ റഷ്യന്‍ അനുകൂല വിഭാഗം നടത്തിയ ആക്രമണം യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കി. കലുഷിതാന്തരീക്ഷം നിലനില്‍ക്കുന്ന കിഴക്കന്‍ മേഖലയില്‍ സ്വയം നിയന്ത്രിത ആയുധങ്ങളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
റഷ്യയുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന അതിര്‍ത്തി നഗരമായ ലുഹാന്‍സ്‌കിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലെ നിലയില്‍ നിന്നായിരുന്നു വിഘടനവാദികള്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. വെടിവെപ്പും ആക്രമണവും ഏഴ് മണിക്കൂറോളം നീണ്ടുനിന്നതായി അതിര്‍ത്തി പോസ്റ്റ് വക്താവ് ഒലേ സ്ലോവോഡിന്‍ പറഞ്ഞു. ആക്രമികളില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, എട്ടോ ഒമ്പതോ ഉൈക്രന്‍ സൈനികര്‍ക്ക് പരുക്കേറ്റതായും സ്ലോവോഡിന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഉക്രൈനിന്റെ കിഴക്കന്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. റഷ്യന്‍ അനുകൂല വിഭാഗം നടത്തുന്ന നിരന്തര ആക്രമണങ്ങളാല്‍ യുദ്ധപ്രതീതി തന്നെയാണ് ഉക്രൈനിന്റെ കിഴക്കന്‍ അതിര്‍ത്തി മേഖലയില്‍ നിലനില്‍ക്കുന്നത്. ഉക്രൈന്‍ പോസ്റ്റിന്റെ മറ്റൊരു പ്രസ്താവന പ്രകാരം, ലുഹാന്‍സ്‌ക് നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരെ മുന്നില്‍ നിര്‍ത്തിയാണ് റഷ്യന്‍ അനുകൂല വിഭാഗം ആക്രമണം നടത്തുന്നത്. അതുകൊണ്ടു തന്നെ ഉക്രൈന്‍ അതിര്‍ത്തി സംരക്ഷണ സേനക്ക് തിരികെ ആക്രമണം നടത്താന്‍ കഴിയുന്നില്ല.
അതിനിടെ, സ്ലാവ്യന്‍സ്‌ക് നഗരത്തിനു പുറത്തും റഷ്യന്‍ അനുകൂലികള്‍ ഉക്രൈന്‍ സൈനികരോട് ഏറ്റുമുട്ടി. ഇതേത്തുടര്‍ന്ന് ഇവിടെ നിന്ന് ജനങ്ങള്‍ കൂട്ടപ്പലായനം ആരംഭിച്ചു. ഉക്രൈന്‍ സേന പ്രത്യാക്രമണത്തിന് പദ്ധതിയിടുന്നു എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആയിരക്കണക്കിന് സാധാരണക്കാര്‍ നഗരം വിടുന്നത്. സ്ലാവ്യന്‍സ്‌കിനകത്ത് യാത്ര ദുഷ്‌കരമാക്കി തെരുവുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും റോഡുകളില്‍ മരം മുറിച്ചിടുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
1,30,000 വരുന്ന ജനസംഖ്യയില്‍ പതിനായിരത്തിലധികം പേര്‍ ഇതിനകം പലായനം ചെയ്‌തെന്നാണ് വിവരം. റഷ്യന്‍ അനുകൂലികളുടെ കൈയില്‍നിന്ന് പ്രദേശം തിരിച്ചുപിടിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പെട്രോ പൊറോഷെങ്കോ പ്രഖ്യാപിച്ചതിനുശേഷമാണ് സ്ലാവ്യന്‍സ്‌കില്‍ നിന്ന് ജനങ്ങളുടെ പലായനം ശക്തമായത്.