Connect with us

Ongoing News

ലോക പരിസ്ഥിതി ദിനം: 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം: പങ്കാളിത്ത പാരിസ്ഥിതിക കര്‍മ്മ പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി രാവിലെ 10 മുതല്‍ 11 മണി വരെ ഒരു മണിക്കൂറില്‍ പത്തു ലക്ഷം വൃക്ഷത്തെകള്‍ നട്ട് പിടിപ്പിക്കും. വനം, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസം, ജലവിഭവം, ശാസ്ത്രസാങ്കേതികം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ സഹകരണത്തിലും ഏകോപനത്തിലുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കുടുംബശ്രീയുടെ കീഴിലുളള സംസ്ഥാനത്തെ 1072 സി ഡി എസ് യൂണിറ്റുകള്‍ വഴി വനം വകുപ്പ് മൂന്ന് ലക്ഷം വൃക്ഷത്തെകള്‍ വിതരണം ചെയ്യും. എല്ലാ സ്‌കൂളുകളിലേക്കും വിതരണത്തിനാവശ്യമായ വൃക്ഷത്തെകള്‍ എത്തിക്കും. സാമൂഹ്യ വനവല്‍ക്കരണ വകുപ്പ് നട്ടുപിടിപ്പിക്കുന്ന തൈകള്‍ക്കാവശ്യമായ സംരക്ഷണ വലയം ലഭ്യതയനുസരിച്ച് വനം വകുപ്പ് നല്‍കും. ഇന്ന് 10 മണി മുതലാണ് വൃക്ഷത്തെകളുടെ വിതരണം. വനം വകുപ്പ് നല്‍കുന്ന തൈകളുടെ വിതരണം നടത്തുന്നതുവരെ നിര്‍ദ്ദഷ്ട സ്‌കൂളുകളിലെ അദ്ധ്യാപക – രക്ഷകര്‍ത്തൃ സമിതിയുടെ സഹായത്തോടുകൂടി തൈകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി കൈക്കൊളളും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഹരിത സേനയ്ക്ക് തൈകള്‍ നട്ടുപിടിപ്പിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കും.ജൈവവൈവിധ്യ ബോര്‍ഡ് എല്ലാ പഞ്ചായത്തുകളിലേയും ജൈവവൈവിധ്യ കര്‍മ്മസേനാംഗങ്ങളുടെ സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പുവരുത്തണം. നട്ട തൈകളുടെ സംരക്ഷണം പഞ്ചായത്ത് തല ജൈവവൈവിധ്യ പരിപാലന സമിതി (ബി എം സി) കളുടെ മേല്‍നോട്ടത്തില്‍ ഉറപ്പാക്കാനുളള ചുമതലയും ബോര്‍ഡിനായിരിക്കും.
ഒരാള്‍ക്ക് ഒരു മരം എന്ന സന്ദേശം എല്ലാവരിലും എത്തിക്കുവാന്‍ വേണ്ടി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ 500 ഭൂമിത്രസേനാംഗങ്ങളെ ഈ സംരംഭത്തില്‍ പങ്കെടുപ്പിന്നുണ്ട്.