Connect with us

National

മാതൃകാ സംസ്ഥാനമായി തെലങ്കാനയെ മാറ്റും: ചന്ദ്രശേഖര്‍ റാവു

Published

|

Last Updated

ഹൈദരാബാദ്: എല്ലാ രംഗങ്ങളിലും തെലങ്കാനയെ ഒരു മാതൃകാ സംസ്ഥാനമായി വളര്‍ത്തിയെടുക്കുമെന്ന് സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചു. ക്ഷേമവും വികസനവുമായിരിക്കും സര്‍ക്കാറിനെ നയിക്കുന്ന നിയാമക ശക്തികളെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന സര്‍ക്കാര്‍, കേന്ദ്രത്തോട് മാത്രമല്ല മുഴുവന്‍ അയല്‍ സംസ്ഥാനങ്ങളോടും സുഹൃദ് ബന്ധം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സുതാര്യമായ ഭരണം ഉറപ്പാക്കാന്‍ “രാഷ്ട്രീയ അഴിമതിക്ക്” ഉന്മൂലനാശം വരുത്തും.
“പുരോഗമനോന്മുഖവും വികസനോന്മുഖവുമായ ഒരു സംസ്ഥാനത്തെയാണ് തെലങ്കാന ജനത കാത്തിരിക്കുന്നത്. ഈ ദിശയില്‍ സഞ്ചരിച്ചുകൊണ്ടു വേണം സുതാര്യമായ ഭരണം ഉറപ്പ് വരുത്താന്‍. രാജ്യത്തെ എല്ലാ മേഖലകളിലും ഒരു മാതൃകാ സംസ്ഥാനമായി തെലുങ്കാനയെ മാറ്റും” – തെലങ്കാന സംസ്ഥാന രൂപവത്കരണത്തോടനുബന്ധിച്ച് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ചന്ദ്ര ശേഖര റാവു.
സര്‍ക്കാറിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രമുഖ പത്രാധിപന്മാര്‍, ജീവിതത്തിന്റെ നാനാ മേഖലകളിലെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി “തെലങ്കാന സംസ്ഥാന ഉപദേശക സമിതി” രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
“തിരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തതു പോലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുക. അടുത്ത അഞ്ച് വര്‍ഷക്കാലത്ത് പട്ടിക ജാതി- പട്ടിക വര്‍ഗം, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായി ടി ആര്‍ എസ് സര്‍ക്കാര്‍ ഒരു ലക്ഷം കോടിരൂപ ചെലവഴിക്കും. ഇതില്‍ 50,000 കോടി രൂപ പട്ടിക ജാതിക്കാരുടെ ക്ഷേമത്തിന് മാത്രമായിട്ടാണെന്നും” -മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്ന ഫണ്ടില്‍ ഒരു ഒറ്റ രൂപയുടെ പോലും അഴിമതി നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും രാമചന്ദ്ര റാവു പ്രതിജ്ഞ ചെയ്തു.
ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കര്‍ഷക സമൂഹത്തിന് നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും തെലങ്കാനയെ “ഇന്ത്യയിലെ വിത്ത് കലവറ”യാക്കി മാറ്റുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
ഈ പുതിയ സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും ഉദ്ദേശിച്ച് പുതിയ വ്യവസായ നയം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest