Connect with us

National

യു പിയില്‍ മുഖ്യമന്ത്രിക്കെതിരെ ബി ജെ പി പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശോചനീയമായ നിയമവ്യവസ്ഥകളില്‍ പ്രതിഷേധിച്ച് നൂറു കണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ലക്‌നോവിലുള്ള ഓഫീസിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബഡോണില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് ഗവര്‍ണര്‍ ബി എല്‍ ജോഷി റിപ്പോര്‍ട്ട് നല്‍കിയാല്‍ കേന്ദ്രം ഇവിടെ ഇടപെടുമെന്ന് ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയ ബി ജെ പി പ്രവര്‍ത്തകരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് തുരത്തി. ബി ജെ പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനകത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ നൂറു കണക്കിന് പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനം ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയെ ബി ജെ പി രൂക്ഷമായി വിമര്‍ശിച്ചു.
നിലവില്‍ സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്ന് ബി ജെ പി നേതാവ് കല്‍രാജ് മിശ്ര ആരോപിച്ചു. അതേസമയം, അത്യന്തം ഖേദകരമായ സംഭവങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തുകയാണെന്ന് എസ് പി നേതാക്കളും പ്രതികരിച്ചു.
14,15 വയസ്സുള്ള രണ്ട് ദളിത് പെണ്‍കുട്ടികളെ കാണാതാകുകയും തുടര്‍ന്ന് ഇവരെ ഒരു മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവം രാജ്യ വ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പരിശോധനയില്‍ ഇവര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായതായി തെളിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.