Connect with us

Ongoing News

അണ്‍എയ്ഡഡ് അധ്യാപകര്‍ക്ക് മിനിമം വേതനം: നിയമനിര്‍മാണം നടത്തും - തൊഴില്‍ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനും അവരുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതിനും സമഗ്ര നിയമ നിര്‍മാണം നടത്തുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മിഷന്‍-676 പദ്ധതിയുടെ ഭാഗമായി തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
നിയമപരമായ തടസ്സമില്ലെങ്കില്‍ ഈ നിയമം വേഗത്തില്‍ നടപ്പാക്കും. ഇതിന്റെ കരട് തയാറായിട്ടുണ്ട്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ 19 തൊഴില്‍ മേഖലകളിലെയും പുതിയ അഞ്ച് തൊഴില്‍ മേഖലകളിലെയും അഡൈ്വസറി ബോര്‍ഡിന്റെ പരിഗണനയിലുള്ള 16 തൊഴില്‍ മേഖലകളിലെ കുറഞ്ഞകൂലി പുതുക്കി നിശ്ചയിക്കും. ടെക്‌സ്റ്റൈല്‍, ആശുപത്രി, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, കെട്ടിടനിര്‍മാണ സ്ഥാപനങ്ങള്‍, ഐ ടി, ജ്വല്ലറി, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് സ്വന്തം വീട് നിര്‍മിച്ചു നല്‍കുന്നതിന് ഭവനപദ്ധതി നടപ്പാക്കും. കുറഞ്ഞ കൂലി ലഭിക്കുന്ന തൊഴിലാളികള്‍ക്ക് സ്വന്തമായ വാസസ്ഥലം നല്‍കുന്നതിന് മിതമായ നിരക്കില്‍ ഫഌറ്റ് നിര്‍മിച്ച് നല്‍കും.
തൊഴില്‍ നിലയങ്ങളുമായി ബന്ധപ്പെട്ട പരാതികളും സംശയങ്ങളും ദൂരീകരിക്കുന്നതിന് നിലവിലുള്ള 155300 എന്ന ഹെല്‍പ്പ്‌ലൈന്‍ സേവനം ശക്തിപ്പെടുത്തും. തൊഴില്‍ വകുപ്പിന്റെ ആസ്ഥാന ഓഫീസില്‍ ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പടെ കോള്‍ സെന്റര്‍ തുടങ്ങുകയും രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെ രണ്ട് ഷിഫ്റ്റുകളിലായി ജീവനക്കാരെ നിയമിച്ച് പരാതികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന സംവിധാനം ആരംഭിക്കും.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കേരള കുടിയേറ്റ തൊഴിലാളി സാമൂഹിക സുരക്ഷാ ആക്ട് എന്ന പേരില്‍ നിയമനിര്‍മാണം നടത്തും. ഇതിലൂടെ അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപ്പാക്കും. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്തും.
ടെക്‌സ്റ്റൈല്‍ ഷോപ്പുകള്‍, ജ്വല്ലറികള്‍, മരുന്നുകടകള്‍ എന്നിവിടങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഓരോ നിലയിലും 25 പേര്‍ക്ക് ഒരു ടോയ്‌ലറ്റ് എന്ന അനുപാതത്തില്‍ പ്രത്യേകം ടോയ്‌ലറ്റുകള്‍ നിര്‍മിക്കണം.
പുരുഷ തൊഴിലാളിക്ക് പരമാവധി ഉയര്‍ത്താവുന്ന 75 കിലോ ഭാരമെന്ന പരിധി 55 കിലോയായി കുറച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി നിലവിലുള്ള സെന്ററുകള്‍ക്ക് പുറമെ കോട്ടയം, ആലപ്പുഴ, മലപ്പുറം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളോടൊപ്പം ആറ് എംപ്ലോയബിലിറ്റി സെന്ററുകള്‍ കൂടി പുതുതായി ആരംഭിക്കും. എംപ്ലോയ്‌മെന്റ് വകുപ്പില്‍ ഇ-ഗവേണന്‍സ് നടപ്പാക്കും. വൊക്കേഷനല്‍ ഗൈഡന്‍സ് പദ്ധതി പ്രകാരം രണ്ട് വര്‍ഷത്തിനകം 27 യൂനിറ്റുകളിലായി 864 കരിയര്‍ എക്‌സിബിഷന്‍, 864 സെമിനാറുകള്‍, 1944 കരിയര്‍ ടാക്ക്, 54 പരിശീലന ക്ലാസ്, ആറ് ജോബ് ഫെയറുകള്‍ എന്നിവ സംഘടിപ്പിക്കും.
എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അസിസ്റ്റന്‍സ് ബ്യൂറോ മുഖേന പട്ടികവര്‍ഗക്കാര്‍ക്കായി 432 കരിയര്‍ എക്‌സിബിഷന്‍, 432 സെമിനാറുകള്‍, 432 കരിയര്‍ ടാക്ക്, 24 മത്സര പരീക്ഷാ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Latest