Connect with us

Idukki

സ്‌കൂള്‍ പ്രവേശോത്സവത്തില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ

Published

|

Last Updated

തൊടുപുഴ: വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഇടുക്കി ജില്ലാതല സ്‌കൂള്‍ പ്രവേശോത്സവത്തിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദമായി. പ്രവേശോത്സവത്തിന് മുന്നോടിയായി നടന്ന കുട്ടികളുടെ റാലിയില്‍ ഭാരതാംബയായി വേഷമിട്ട വിദ്യാര്‍ഥിനിയുടെ കൈയിലാണ് ആരോ കാവിക്കൊടി പിടിപ്പിച്ചത്. സാധാരണ ഭാരതാംബയുടെ കൈയില്‍ ദേശീയ പതാകയാണ് ഉണ്ടാകാറുള്ളത്. ഇക്കാര്യം കുട്ടികള്‍ക്കൊപ്പമെത്തിയ രക്ഷിതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അടക്കമുള്ളവര്‍ ഗൗനിച്ചില്ലെന്ന് ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമായതോടെ കാവിക്കൊടി മാറ്റി ദേശീയ പതാക വിദ്യാര്‍ഥിനിക്ക് നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
തൊടുപുഴക്ക് സമീപം കരിങ്കുന്നം ഗവ. എല്‍ പി സ്‌കൂളിലാണ് ജില്ലാതല സ്‌കൂള്‍ പ്രവേശോത്സവം സംഘടിപ്പിച്ചത്. മന്ത്രി പി ജെ ജോസഫ് ആയിരുന്നു ഉദ്ഘാടകന്‍. ഇതിനു മുന്നോടിയായി നടന്ന റാലിയില്‍ കാവിക്കൊടിയേന്തിയ വിദ്യാര്‍ഥിനി മുന്‍നിരയില്‍ സ്ഥാനം പിടിച്ചപ്പോള്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അനിലാ ജോര്‍ജ്, തൊടുപുഴ ഡിവൈ എസ് പി. കെ എം സാബു മാത്യു തുടങ്ങിയ ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഇവരാരും ഇതു കണ്ടതായി നടിച്ചില്ല. രക്ഷിതാക്കളുടെ പ്രതിഷേധം മൂലം റാലി നടക്കില്ലെന്ന ഘട്ടമെത്തിയപ്പോഴാണ് അധികൃതര്‍ ഇടപെട്ടത്. കരിങ്കുന്നം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആര്‍ എസ് എസിന്റെ പതാക ഏന്തിയിരുന്നത്. കൊടിയുടെ കാര്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയിട്ടും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.

Latest