Connect with us

Editorial

കാട്ടുപന്നിയോ മനുഷ്യനോ?

Published

|

Last Updated

മനുഷ്യനോ കാട്ടുമൃഗങ്ങള്‍ക്കോ കൂടുതല്‍ വില മതിക്കേണ്ടത്? മലയോര നിവാസികള്‍ പ്രത്യേകിച്ചും, കര്‍ഷകര്‍ ഈ ചോദ്യമുന്നയിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. കാട്ടുമൃഗങ്ങളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ് മലയോര മേഖലയിലെ ജനങ്ങള്‍. കാട്ടാന, കാട്ടുപന്നി, ചെന്നായ, പുലി, കാട്ടുപോത്ത്, മാന്‍, കുരങ്ങ്, കരടി മുതലായ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കാടുകളില്‍ നിന്ന് ഇറങ്ങിവന്നു മലയോര മേഖലകളിലെ കൃഷികള്‍ നശിപ്പിക്കുകയും നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്യുന്നത് പതിവാണ്. നെല്ല്, കപ്പ, ചേന, ഇഞ്ചി, മഞ്ഞള്‍, കൂവ തുടങ്ങി ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കോടികളുടെ കൃഷികളാണ് ഇവ നശിപ്പിക്കുന്നത്. മനുഷ്യരെയും പലപ്പോഴും ഇവ ആക്രമിക്കുകയും കൊല്ലുകയും ചെയ്യാറുണ്ട്. കമ്പിവേലി, സൗരോര്‍ജ വേലി, കിടങ്ങുകള്‍ തുടങ്ങി കാട്ടുമൃഗങ്ങള്‍ക്കെതിരെ പല പ്രതിരോധ സംവിധാനങ്ങളും സ്ഥാപിക്കാറുണ്ടെങ്കിലും അവയൊന്നും ഫലവത്താകുന്നില്ല. കിടങ്ങുകള്‍ കീറിയ പ്രദേശങ്ങളില്‍ അത് ഇടിച്ചു നികത്തി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളിലെത്തുന്നു. ഇപ്പോള്‍ മലയോര മേഖലക്കപ്പുറം മറ്റു ഗ്രാമങ്ങളിലേക്കും ഇയുടെ ശല്യം വ്യാപിച്ചു വരുന്നുണ്ട്. ഇതുമൂലം കര്‍ഷകരില്‍ പലരും കൃഷി ഉപേക്ഷിച്ചുകയാണ്. വന്യമൃഗ സംരക്ഷണ നിയമ പ്രകാരം കാട്ടുമൃഗങ്ങളെ കൊല്ലുന്നതും ആക്രമിക്കുന്നതും ശല്യം ചെയ്യുന്നത് പോലും കുറ്റകരമാണ്. കൃഷി നശിപ്പിച്ചാലും ആളുകളെ ആക്രമിച്ചാലും അവയെ പ്രതിരോധിക്കാന്‍ തുനിയാതെ നട്ടുകാര്‍ നിസ്സഹരായി നോക്കിനില്‍ക്കണം. ഗത്യന്തരമില്ലാതെ ആരെങ്കിലും ആക്രമിച്ചു പോയാല്‍ വലഞ്ഞതു തന്നെ. നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി അവന്റെ ജീവിതം തുലഞ്ഞു.
കര്‍ഷകരുടെ മുറവിളിയെ തുടര്‍ന്നു കൂടുതല്‍ കൃഷിനാശമുണ്ടാക്കുന്നതും വന്‍തോതില്‍ പെറ്റുപെരുകുന്നതുമായ കാട്ടുപന്നിയെ കൃഷിയിടത്തില്‍ വെടിവെച്ചു കൊല്ലാനും കുരങ്ങുകളെ പിടികൂടി വന്ധ്യംകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിയമം ഉണ്ടാക്കിയിരുന്നു. എന്നാല്‍ നിയമത്തിന്റെ സങ്കീര്‍ണത കാരണം കൃഷിക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലണമെങ്കില്‍ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി അനിവാര്യ ഘട്ടത്തില്‍ സമ്മതമില്ലാതെ തന്നെ വെടിവെച്ചു കൊല്ലാന്‍ അനുവദിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി കഴിഞ്ഞ ദിവസം സര്‍ക്കാറിന് ഉത്തരവ് നല്‍കിയത്. രാത്രിയില്‍ കഷി നശിപ്പിക്കാന്‍ പന്നികളിറങ്ങുമ്പോള്‍ വെടിവെക്കാനുള്ള അനുമതിക്കായി ഉദ്യോഗസ്ഥരെ തേടി നടക്കണമെന്ന് നിര്‍ദേശിക്കുന്നത് പ്രോയോഗികമല്ല. മൃഗങ്ങളേക്കാള്‍ മനുഷ്യനും കൃഷിക്കുമാണ് പ്രാമുഖ്യം കല്‍പ്പിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണം മനുഷ്യനു വേണ്ടിയാണെന്ന കാര്യം വിസ്മരിക്കരുതെന്നും മനുഷ്യജീവനും പന്നികളുടെ ജീവനും ഒരേ വില കല്‍പ്പിക്കരുതെന്നും ഉത്തരവില്‍ കമ്മീഷന്‍ അധികൃതരെ ഓര്‍മിപ്പിക്കുന്നു.
വന്യമൃഗങ്ങള്‍ നാടിന്റെ സമ്പത്തായതിനാല്‍ അവയെ സംരക്ഷിക്കേണ്ടതു തന്നെ. എന്നാന്‍ വന്യജീവി സരക്ഷണ നിയമം മനുഷ്യ ജീവിതം ദുസ്സഹമാക്കാന്‍ ഇടയാക്കരുത്. കാട്ടുമൃഗങ്ങളോട് കാണിക്കുന്ന താത്പര്യമെങ്കിലും സര്‍ക്കാര്‍ മനുഷ്യരോട് കാണിക്കണം. മേനകാ ഗാന്ധി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഘട്ടത്തില്‍ തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് ഉത്തരവ് ഇറക്കിയിരുന്നു. നാട്ടിലെങ്ങും പേയിളകിയ നായ്ക്കള്‍ മനുഷ്യരെ ആക്രമിക്കുകയും നായ്ക്കളുടെ കടിയേറ്റ് നൂറുകണക്കിനാളുകള്‍ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്ത സന്ദര്‍ഭത്തിലായിരുന്നു അവര്‍ മനുഷ്യന്‍ നായ്ക്കളുടെ കടിയേറ്റു പേയിളകി മരിച്ചാലും നായ്ക്കളെ ഉപദ്രവിച്ചു കൂടെന്ന് സുവിശേഷമിറക്കിയത്. വല്ലാത്തൊരു മൃഗസ്‌നേഹം! അതോടെ പേപ്പട്ടി ശല്യം തടയാന്‍ നായ്ക്കളെ കൊല്ലുന്ന പദ്ധതി സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുകയും നാട്ടിലെങ്ങും തെരുവ് നായ്ക്കളുടെ ശല്യം പൂര്‍വോപരി രൂക്ഷമാകുകയും ചെയ്തു. രാത്രിയില്‍ തെരുവ് നായ്ക്കളെ പേടിച്ചു പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് ഇന്ന് സംസ്ഥാനത്തെങ്ങും. കാല്‍ ഭൂമി തൊടുവിക്കാതെ വിമാനത്തിലും എ സി കാറുകളിലും മാത്രം സഞ്ചരിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ക്കും ശീതീകരിച്ച മുറികളിലിരുന്ന് നിയമങ്ങള്‍ എഴുതിയുണ്ടാക്കുന്നവര്‍ക്കും തെരുവ് നായ ശല്യത്തിന്റെ രൂക്ഷതയോ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളോ അറിയില്ലല്ലോ. കൃഷി നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളുടെ കാര്യത്തില്‍ അപ്രായോഗികവും മനുഷ്യജീവനും അവരുടെ അധ്വാനത്തിനും പുല്ലുവില പോലും കല്‍പിക്കാത്തതുമായ നിയമങ്ങള്‍ തിരുത്തി മലയോര ജനതയുടെയും കര്‍ഷകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടിയിരിക്കുന്നു.

Latest