Connect with us

Articles

മോദി സമയം പാഴാക്കുന്നില്ല

Published

|

Last Updated

പലരും അന്ധാളിപ്പില്‍ നിന്ന് മുക്തരായിട്ടില്ല. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ അറച്ചുനില്‍ക്കുന്നു. ഒരു തരത്തില്‍ സര്‍വത്ര ഭയം. സമകാലീന ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക പരിസരത്തെ ഇങ്ങനെ വിശേഷിപ്പിച്ചാല്‍ അതിശയോക്തി ആകില്ല. അംഗീകരിക്കുക എന്ന വിശാല മനസ്‌കതക്ക് അപ്പുറം വിദൂഷക സംഘങ്ങളുടെ പെരുപ്പം എത്ര പെട്ടെന്നാണ് ഉണ്ടായത്? ഇന്നലെ വരെ എതിര്‍പ്പുമായി മുന്നണിയില്‍ ഉണ്ടായിരുന്നവര്‍ അമിത പ്രശംസകള്‍ ചൊരിയുന്നതില്‍ മത്സരിക്കുന്നു. വിമര്‍ശകരുടെ ഒച്ച അടഞ്ഞുപോയിരിക്കുന്നു. തെറ്റുകള്‍ പോലും പ്രശംസക്ക് നിമിത്തമാകുന്നു. ആത്മാര്‍ഥതയെ പോലും കാപട്യങ്ങളായി എണ്ണിയവര്‍ കാപട്യങ്ങളെ ആത്മാര്‍ഥതയുടെയും ആത്മപ്രകാശനത്തിന്റെയും നിദര്‍ശനങ്ങളായി കൊണ്ടാടുന്നു.
അംഗീകാരവും പ്രശംസയും എല്ലാ തരം നടപടികള്‍ക്കുമുള്ള ഉപകരണമാക്കരുതെന്ന ജാഗ്രത എങ്ങുമില്ല. പാക്കിസ്ഥാനിലെ സാമൂഹിക സ്ഥിതി പോലെ ഇന്ത്യയിലുമുണ്ടായാല്‍ അതിനെ സ്വീകരിക്കാന്‍ മനസ്സിനെ പാകമാക്കിയെടുക്കുകയാണ് ഒരു പറ്റം. അത്തരമൊരു സ്ഥിതി വന്നാല്‍ അത് സ്വീകരിക്കാന്‍ ഇവിടുത്തെ ദുര്‍ബല സമൂഹം സന്നദ്ധമാകണമെന്ന് ചായപ്പീടികയിലെ ചര്‍ച്ചകളില്‍ പോലും അഭിപ്രായമുയരുന്നു. അവിടുത്തെയും ഇവിടുത്തെയും ന്യൂനപക്ഷ സമൂഹങ്ങള്‍ പലതും സഹിക്കുന്നില്ലേ? അതുപോലെ സഹിക്കാന്‍ “നിങ്ങളും” തയ്യാറാകണമെന്ന രാജകല്‍പ്പന അധികാരത്തിലേക്കുള്ള കഠിനാധ്വാന നാളുകളില്‍ വന്നതാണ്. പഴയ കാല രാജാധിപത്യത്തിന്റെ ശംഖൊലികള്‍ മുഴങ്ങുന്നതിന്റെ സൂചനകളാണ് അഷ്ടദിക്കുകളിലും. കാലങ്ങളായി തുടര്‍ന്നുപോരുന്ന അധികാര വികേന്ദ്രീകരണം മാറ്റിമറിക്കലുകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ തലത്തില്‍ പോലും അത് അധികാരം ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെട്ട സ്ഥിതിയിലായിരിക്കുന്നു. 2002ലെ ഗുജറാത്ത് വംശഹത്യ പോലും നടന്നിട്ടില്ലായെന്ന മട്ടിലാണ് ഇരകളുടെ സമുദായത്തില്‍ ഉള്‍പ്പെട്ടവരുടെ പോലും സംസാരം! അശോക് മോച്ചി, കുത്തുബുദ്ദീന്‍ അന്‍സാരി, ബല്‍ക്കീസ് ബാനു, ഇശ്‌റത് ജഹാന്‍ തുടങ്ങിയ പ്രതീകങ്ങള്‍ മനഃപൂര്‍വം വിസ്മരിക്കപ്പെടുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ പോലും മാറ്റങ്ങളുണ്ടാകുന്നതിന്റെ അനുരണനങ്ങളാണോ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വ്യാപനമെന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു.
എന്തൊക്കെയാണ് അടുത്ത “പത്ത് വര്‍ഷം” (പത്ത് വര്‍ഷം കൊണ്ട് ഇന്ത്യയെ മാറ്റി മറിക്കുമെന്നാണല്ലോ വാഗ്ദാനം) കൊണ്ട് രാജ്യത്ത് ഉണ്ടാകാന്‍ പോകുകയെന്നതിന്റെ ഏകദേശ സൂചനകള്‍ ഇപ്പോള്‍ തന്നെ ലഭിച്ചുകഴിഞ്ഞു. രാജ്യത്തുടനീളം കുതിച്ചുപായുന്ന ബുള്ളറ്റ്, മെട്രോ ട്രെയിനുകളും അംബരചുംബികളായ കെട്ടിടങ്ങളും എക്‌സ്പ്രസ് വേകളും മറ്റുമായ ഇന്ത്യയേക്കാളുപരി പൗരാണിക ഐതിഹ്യങ്ങളിലെ ഭാരതാംബയുടെ സംസ്ഥാപനമായിരിക്കും അത്. അടിസ്ഥാന സൗകര്യങ്ങളുടെ ആഘോഷത്തിനൊപ്പം ഇവിടെ നിന്ന് തുടച്ചുനീക്കപ്പെടുന്ന വിഭാഗങ്ങളുടെ സ്ഥിതി ഓര്‍ക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ ഈ വിദൂഷക സമൂഹത്തില്‍! വികസന “പേക്കൂത്തുകള്‍”ക്കായി വെട്ടിനശിക്കപ്പെടുന്ന വൃക്ഷലതാദികളുടെയും ജീവികളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥയും ഇങ്ങനെ തുടങ്ങിയ പാരസ്ഥിതിക പ്രശ്‌നങ്ങളും നട്ടെല്ല് തൊണ്ണൂറ് ഡിഗ്രി വളക്കാതെ ചര്‍ച്ച ചെയ്യാന്‍ പരിസ്ഥിതി പ്രവര്‍ത്തകനുണ്ടാകുമോ? തുടക്കത്തില്‍ തന്നെ ഇത്തരത്തിലുള്ള ഭയത്തിന്റെ മാറാലകള്‍ കൊണ്ട് വായ് മൂടപ്പെട്ടെങ്കില്‍ യഥാര്‍ഥ മുഖം അവതീര്‍ണമാകുമ്പോള്‍ എന്തായിരിക്കും അവസ്ഥ!
പുതിയ ഇന്ത്യന്‍ സര്‍ക്കാറിന്റെ നയനിലപാടുകളെ സംബന്ധിച്ച ഏകദേശ രൂപം പലരും വെളിപ്പെടുത്തിയിട്ടുണ്ട്. ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി അനുശാസിക്കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തു കളയുമെന്നാണ് അധികാരമേറ്റ് പിറ്റേന്ന് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ അടിത്തറക്ക് കരുത്ത് വര്‍ധിപ്പിക്കാനായി കാലങ്ങളായി ബി ജെ പി പ്രയോഗിക്കുന്ന വിവാദ വിഷയം അധികാരത്തിലേറിയ പിറ്റേന്ന് തന്നെ എടുത്തിട്ടത് അതിവിദൂരമല്ലാത്ത മറ്റ് പലതിലേക്കുമുള്ള ചൂണ്ടുപലകയാണ്. ജമ്മു കാശ്മീരിലെ ജമ്മു മേഖലയിലെ പണ്ഡിറ്റ് സമൂഹത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പുനരധിവസിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്ര ഭായ് ദാമോദര്‍ ദാസ് മോദി വ്യക്തമാക്കിയിരുന്നു. പ്രത്യേക വകുപ്പ് എടുത്തു മാറ്റി കാശ്മീരില്‍ സ്വദേശി നിക്ഷേപം വര്‍ധിപ്പിക്കാനായിരിക്കും നീക്കം. വിനോദ സഞ്ചാര മേഖലയിലടക്കം സമഗ്ര മാറ്റത്തിന് കാശ്മീര്‍ താഴ്‌വര ഉപയോഗിക്കാമല്ലോ. കോര്‍പറേറ്റുകള്‍ കിടന്നുനിരങ്ങി വികസനത്തിന്റെ ശവപ്പറമ്പായി ഒടുവില്‍ കാശ്മീര്‍ മാറുകയും ചെയ്യും. വികസന സുനാമിയുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക അവിടുത്തെ ബാക്കിയുള്ള ജനതയും.
മുസ്‌ലിംകളെ ന്യൂനപക്ഷങ്ങളായി കാണില്ലെന്നാണ് പുതിയ ന്യൂനപക്ഷ മന്ത്രിയുടെ തീട്ടൂരം. പേര് അറബി ഭാഷയിലായതിന്റെയും സത്യവാങ്മൂലത്തിലും ആപ്ലിക്കേഷനുകളിലും മതത്തിന്റെ കോളം പൂരിപ്പിക്കാന്‍ മാത്രം ഇസ്‌ലാം/ മുസ്‌ലിം ഉപയോഗിച്ചതിന്റെ പേരില്‍ കാബിനറ്റ് പദവി ലഭിച്ച വ്യക്തിയാണ് ഇത്തരമൊരു പ്രസ്താവന നടത്തി വന്‍ കൈയടി പ്രതീക്ഷിക്കുന്നത്. ആര്‍ എസ് എസിന് മുന്നില്‍ തന്റെ കൂറ് പ്രഖ്യാപിച്ചതായിരിക്കും അവര്‍. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെടുത്തി യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ പുനരാലോചിക്കേണ്ടതുണ്ടെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല (മുഖ്യധാരാ മലയാള പത്രങ്ങള്‍ എഴുതുന്നത് ഹെപ്തുള്ള/ ഹെപ്തുല്ല എന്നാണ്) വ്യക്തമാക്കി. ഒ ബി സിക്കുള്ളില്‍ പിന്നാക്ക മുസ്‌ലിംകള്‍ക്ക് നാലര ശതമാനം ഉപ സംവരണം നല്‍കില്ലെന്നറിയിച്ച നജ്മ, നരേന്ദ്ര മോദി ആഗ്രഹിക്കുന്നെങ്കില്‍ മാത്രമേ ന്യൂനപക്ഷങ്ങള്‍ക്കുള്ള പതിനഞ്ചിന പരിപാടി തുടരുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ, ഭൂരിപക്ഷ പരികല്‍പ്പനകള്‍ ആപേക്ഷികമാണെന്നും ന്യൂനപക്ഷങ്ങളെ കണക്കാക്കാന്‍ മതം കൂടാതെ ഭാഷ പോലുള്ള നിരവധി അളവുകോലുകളുണ്ടെന്നും നജ്മ ഓര്‍മിപ്പിക്കുന്നു. അതിനാല്‍, ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഒരു അളവുകോല്‍ മാത്രം നോക്കിയാല്‍ പോരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1980ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ പതിനഞ്ചിന പരിപാടി 34 വര്‍ഷമായി തുടര്‍ന്നുവന്ന സര്‍ക്കാറുകള്‍ തുടരുകയാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ ബി ജെ പി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയിലിരിക്കെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി പുതിയ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്. മുസ്‌ലിംകള്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ദളിതുകളെക്കാള്‍ പിന്നിലാണെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് യു പി എ സര്‍ക്കാര്‍ 2006ല്‍ കേന്ദ്രത്തില്‍ ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക മന്ത്രാലയം തുടങ്ങിയത്. മുസ്‌ലിം സംവരണത്തിന് താന്‍ എതിരാണെന്നും സംവരണം കൊണ്ടല്ല താനിത്രയും ദൂരമെത്തിയതെന്നും മന്ത്രി വീമ്പിളക്കുന്നുണ്ട്. ഇതില്‍ അവരുടെ വളര്‍ച്ചയെക്കുറിച്ച് പറഞ്ഞതാണ് അല്‍പ്പം കടന്നുപോയത്. അബുല്‍ കലാം ആസാദിന്റെ പൈതൃകം പേറുന്ന ഒരാള്‍ക്ക് ഉയരങ്ങള്‍ താണ്ടാന്‍ സംവരണത്തിന്റെ പിന്‍ബലം വേണ്ടെന്നത് നൂറ് തരം. അതുപോലെയാണോ അഷ്ടിക്ക് വകയില്ലാത്ത പാവം ഒ ബി സിക്കാരന്‍?
ഞങ്ങള്‍/ നിങ്ങള്‍ എന്ന വര്‍ഗീകരണം മലയാളി സമൂഹത്തില്‍ പോലും ശക്തമാകുന്നതായാണ് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം കാണാനാകുന്നത്. പ്രത്യേകിച്ചും പുതുതലമുറയില്‍. ഒ ബി സി വിഭാഗത്തിന് (മുസ്‌ലിംകള്‍ മാത്രമല്ല ഒ ബി സി; ഹിന്ദു മതത്തിലെ നിരവധി വിഭാഗങ്ങള്‍ ഒ ബി സിയാണ്) സംവരണം അനുവദിച്ചത് മറ്റ് പലരുടെയും അവകാശത്തില്‍ കൈയിട്ടാണെന്ന തരത്തില്‍ പ്രചാരണം കൊഴുക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പല ചുവരെഴുത്തുകളും ഓണ്‍ലൈന്‍ അഭിപ്രായങ്ങളും അത്തരത്തിലുള്ളതാണ്. മറ്റ് കുട്ടികള്‍ പഠിക്കുന്നത് പോലെ നല്ല കോളജുകളിലും സ്‌കൂളുകളിലും പോയി പഠിക്കാത്തതു കൊണ്ടാണ് സംവരണ ഭിക്ഷാംദേഹികളായി പിന്നാക്ക വിഭാഗക്കാര്‍ മാറിയതെന്നും വാദമുണ്ട്. പട്ടിണിയും പരിവട്ടവും കാരണം വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം പോയെങ്കിലും ഇച്ഛാശക്തി കൈമുതലാക്കി വീടും നാടും പിരിഞ്ഞ് അന്യരാഷ്ട്രങ്ങളില്‍ ചോര നീരാക്കി അധ്വാനിച്ച് പിന്‍മുറക്കാര്‍ക്ക് വളരെ മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പ് വരുത്തുകയും തദ്വാരാ, എസ് എസ് എല്‍ സി, പ്ലസ് ടു, എന്‍ട്രന്‍സ്, യു ജി, പി ജി, ഐ എ എസ് തുടങ്ങി നിഖില പരീക്ഷകളിലും മെച്ചപ്പെട്ട വിജയം ഉറപ്പ് വരുത്തുന്ന കാഴ്ച കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന പുതുതലമുറ ഗോഡ്‌സെകളുടെ കാര്യത്തില്‍ സഹതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍! മാത്രമല്ല, സമന്വയ വിദ്യാഭ്യാസ രംഗത്തും അഭൂതപൂര്‍വ നേട്ടങ്ങളാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ കൊയ്യുന്നത്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥ നിര്‍ണയിക്കുന്നതില്‍ ഗള്‍ഫ് പണത്തിന് മികച്ച പങ്കുണ്ട്. പ്രവാസികളില്‍ മുസ്‌ലിംകള്‍ മാത്രമല്ല എല്ലാ വിഭാഗക്കാരുമുണ്ട് എന്നതും ശ്രദ്ധേയമാണ്. അതിനിടക്കാണ് മുന്‍ യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവാസികാര്യ മന്ത്രാലയം ഉപേക്ഷിക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത. വിദേശകാര്യ മന്ത്രാലയവുമായി സംയോജിപ്പിച്ച് ഭാവിയില്‍ പ്രത്യേക വകുപ്പ് പാടെ ഉപേക്ഷിക്കാനാണ് നീക്കം. സാമൂഹികമായി ഉയര്‍ന്നുവരുന്ന മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാനും മുച്ചൂടും നശിപ്പിക്കാനുമാണ് മോദി ടീം തയ്യാറെടുക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമത്വമാണ് തങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന വായ്ത്താരി കണ്ണടച്ച് ഇരുട്ടാക്കലാണ്. ശാരീരിക വെല്ലുവിളിയുള്ളവര്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ക്ക് നല്‍കുന്ന ഇളവുകള്‍ ഇതേ വാദം ഉപയോഗിച്ച് നിര്‍ത്തലാക്കാന്‍ തുനിയുമോ? ദളിതുകള്‍, ആദിവാസികള്‍, ഹരിജനങ്ങള്‍, പിന്നാക്ക വിഭാഗക്കാര്‍ തുടങ്ങിയവരുടെ ഉന്നമനം കാംക്ഷിക്കുന്നത് ഭൂരിപക്ഷ വിഭാഗത്തെ തളര്‍ത്തലാണെന്ന് പറയുന്നത് ഏത് അളവുകോല്‍ വെച്ചാണ്.
പുതിയ സര്‍ക്കാറിന്റെ മറ്റൊരു പ്രധാന ആഘാതം പ്രാദേശിക വര്‍ഗീയത ശക്തി പ്രാപിക്കുന്നു എന്നതാണ്. പലയിടങ്ങളിലും ഉമി നീറിപ്പുകയുന്നുണ്ട്. മംഗലാപുരത്ത് പ്രഭാത നിസ്‌കാരത്തിനുള്ള ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയത് അതിലൊന്ന് മാത്രം. വരും നാളുകളില്‍ മറ്റ് പല ആവശ്യങ്ങളുമായി പലരും രംഗത്തുവരും. വികസന പളപളപ്പിന്റെ ആഘോഷത്തില്‍ ആരും ശ്രദ്ധിക്കപ്പെടാതെ അത്തരം “പ്രാദേശിക സംഭവങ്ങള്‍” അസ്തമിക്കുകയും ചെയ്യും. അധികാരലബ്ധിയുടെ ഹണിമൂണ്‍ അവസാനിക്കും മുമ്പ് തന്നെ പലതും പ്രതീക്ഷിക്കാം. സ്തുതിപാഠക വൃന്ദം തങ്ങളുടെ കര്‍മം ഭംഗിയായി അപ്പോഴും നിറവേറ്റുന്നുണ്ടാകും. ദളിത് പെണ്‍കിടാങ്ങള്‍ക്കെതിരെയുള്ള ബലാത്സംഗങ്ങളും കെട്ടിത്തൂക്കലുകളും ചേര്‍ത്തുവായിക്കുക.
ഫൈനല്‍ അപ്‌ഡേഷന്‍: അഹമ്മദാബാദിനെ കര്‍ണാവതിയെന്നും (മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നമോ ശിപാര്‍ശ ചെയ്തിരുന്നു) ഔറംഗസേബ് റോഡ്, ദാരാ ഷികോഹെന്നും അലഹബാദിനെ പ്രയാഗെന്നും പുനര്‍നാമകരണം ചെയ്യല്‍ സര്‍ക്കാറിന് ഇനി എളുപ്പമാണ്- ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്. (അടുത്ത ആഗസ്റ്റ് 15ന് ചെങ്കോട്ടക്ക് പകരം പ്രധാനമന്ത്രി വാരാണസിയിലോ അയോധ്യയിലോ ത്രിവര്‍ണ പതാക ഉയര്‍ത്തിയാല്‍ നെറ്റി ചുളിക്കരുത്.)