Connect with us

Ongoing News

എ എ അസീസിന് വേണ്ടി മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് ഷിബു ബേബി ജോണ്‍

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ എ എ അസീസിനു വേണ്ടി മന്ത്രിസ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്നും ഇതിന് തടസ്സമൊന്നുമില്ലെന്നും തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍. പാര്‍ട്ടി യോജിച്ച് ഏതു തീരുമാനമെടുത്താലും അംഗീകരിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്. താന്‍ ഒഴിവായി എ എ അസീസ് മന്ത്രിയാകണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അംഗീകരിക്കും. എന്നാല്‍ നിലവില്‍ അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. തന്റെ വകുപ്പില്‍ ഇപ്പോള്‍ തൃപ്തനാണ്. കൂടുതല്‍ വകുപ്പുകള്‍ സംബന്ധിച്ച് മന്ത്രിസഭാ പുനഃസംഘടന വരുന്ന സമയത്ത് പാര്‍ട്ടി യോജിച്ചു അനുയോജ്യമായ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ആര്‍ എസ് പികള്‍ ലയിച്ചതോടെ എം എല്‍ എമാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ വകുപ്പ് ആവശ്യപ്പെടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഗുജറാത്ത് ആദ്യമായി സന്ദര്‍ശിച്ച വേളയിലാണ് അന്നത്തെ മുഖ്യമന്ത്രി മോദിയെ സന്ദര്‍ശിച്ചത്. തൊഴില്‍ മേഖലയില്‍ ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ അവരുടെ വികസനത്തെ കുറിച്ച് മനസ്സിലാക്കുന്നതിനാണ് ഗുജറാത്തില്‍ പോയത്. എന്നാല്‍ ഗുജറാത്തിന്റെ വികസനമാതൃക കേരളത്തിന് യോജിച്ചതല്ലെന്ന് മനസ്സിലായി. വിദ്യാഭ്യാസം കുറഞ്ഞവരെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടത്തിയിരുന്നത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഗുണകരമാകുന്ന തരത്തിലുള്ള മാതൃകയാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest