Connect with us

Ongoing News

മിഷന്‍ 676: തൊഴില്‍ വകുപ്പിന് കീഴില്‍ കോഴിക്കോട്ട് റസിഡന്‍ഷ്യല്‍ ഐ ടി ഐ

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിന്റെ മിഷന്‍ 676 പദ്ധതിയുടെ ഭാഗമായി തൊഴില്‍ വകുപ്പിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ റസിഡന്‍ഷ്യല്‍ ഐ ടി ഐ സ്ഥാപിക്കുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍. തൊഴില്‍ വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഫയല്‍ ഫ്‌ളോ മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കും. സര്‍ക്കാര്‍, സ്വകാര്യ ഐ ടി ഐകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത യോഗ്യതയായ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ ട്രെയിനിംഗ് സ്‌കീം അനുസരിച്ച് പരിശീലനം നല്‍കുന്നതിനുള്ള സ്ഥാപനം ആരംഭിക്കും. കൂത്തുപറമ്പ് വലിയവെളിച്ചത്തുള്ള ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററിന്റെ കെട്ടിടം വാടകക്കെടുത്ത് ഈ സ്ഥാപനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ ഐ ടി ഐകളിലെ എല്ലാ ട്രെയിനികള്‍ക്കും 2014-15 സാമ്പത്തിക വര്‍ഷം ആഴ്ചയില്‍ മൂന്ന് ദിവസം ഒരു ഗ്ലാസ് പാലും മുട്ടയും നല്‍കും. ഐ ടി ഐകളിലെ മെക്കാനിക്കല്‍ ട്രേഡുകളിലെ പരിശീലനാര്‍ഥികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ഒരു ഗ്ലാസ് പാലും മുട്ടയും നല്‍കുന്ന പദ്ധതി 2013- 14 സാമ്പത്തിക വര്‍ഷം നടപ്പാക്കിയിരുന്നു. ട്രെയിനികളുടെ ഹാജര്‍ നിലവാരം വര്‍ധിപ്പിക്കുന്നതിനും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കും സമരവും കുറച്ച് പഠനനിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യം വെച്ചാണ് ഈ പദ്ധതി. സംസ്ഥാനത്തെ വൊക്കേഷനല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് നിയമനിര്‍മാണം നടത്തുന്നതിനാവശ്യമായ റെഗുലേഷന്‍ ബില്‍ കൊണ്ടുവരും.
ഈ സാമ്പത്തിക വര്‍ഷം മുതല്‍ തൊഴില്‍ വകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും. തൊഴില്‍രഹിതരായ പരമാവധി യുവജനങ്ങള്‍ക്ക് ദേശീയ തലത്തിലും, അന്തര്‍ദേശീയ തലത്തിലും തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്നതിന് മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് നൈപുണ്യം ഇന്റര്‍നാഷനല്‍ സ്‌കില്‍സ് പാര്‍ക്ക് സ്ഥാപിക്കും. തൊഴില്‍രഹിതര്‍, അവശത അനുഭവിക്കുന്നവര്‍, അസംഘടിത മേഖലയിലുള്ളവര്‍ എന്നിവരുടെ തൊഴില്‍ വൈദഗ്ധ്യശേഷി വര്‍ധിപ്പിക്കാന്‍ പി പി പി മാതൃകയില്‍ കുശലകേന്ദ്ര- കമ്മ്യൂനിറ്റി സ്‌കില്‍സ് പാര്‍ക്ക് സ്ഥാപിക്കും. കൊല്ലം കെ എം എം എല്‍ ക്യാമ്പസില്‍ ഒരേക്കര്‍ സ്ഥലം കണ്ടെത്തി 2104 ഡിസംബറില്‍ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കും.
നിര്‍മാണ മേഖലയില്‍ വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കാന്‍ ചവറയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സ്ഥാപിക്കും. 2015 ജനുവരിയോടെ പ്രവര്‍ത്തനക്ഷമമാകും. ടെക്‌നോപാര്‍ക്കില്‍ സെന്റര്‍ ഓഫ് എക്‌സലന്‍ഡ് ഇന്‍ നഴ്‌സിംഗ് 2015 ജനുവരിയില്‍ പ്രവര്‍ത്തനക്ഷമമാക്കും. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ കണ്ണൂരില്‍ വ്യോമയാന മേഖലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്. 2015 ഏപ്രിലോടെ ഏവിയേഷന്‍ അക്കാദമി ആരംഭിക്കും. കൊല്ലം ചാത്തന്നൂരില്‍ 2015 മാര്‍ച്ചില്‍ ഓട്ടോമോട്ടീവ് സ്‌കില്‍സ് ട്രെയിനിംഗ് അക്കാദമി പ്രവര്‍ത്തനം തുടങ്ങും. ഹൈടെക് ഓട്ടോമേഷന്‍ ആന്‍ഡ് മെക്കട്രോണിക്‌സ് സ്‌കില്‍ സെന്റര്‍ ഡിസംബറോടെ പാലക്കാട് ജില്ലയില്‍ തുടങ്ങും. സ്‌കില്‍സ് അക്കാദമി ഫോര്‍ ഓയില്‍ ആന്‍ഡ് റിഗ്ഗ് ഈ ഡിസംബറോടെ പട്ടാമ്പിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.

Latest