Connect with us

Gulf

തൊഴില്‍ മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറങ്ങി

Published

|

Last Updated

റിയാദ്: സഊദിയില്‍ വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും കടമകളും കൃത്യമായി നിര്‍വചിച്ചു തൊഴില്‍ മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മന്ത്രിസഭ അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങളാണു ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. 60 ദിവസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരും.
ഗാര്‍ഹിക തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ സംബന്ധിച്ചു വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്. ശമ്പളം കാലതാമസമില്ലാതെ നല്‍കണമെന്നും ആഴ്ചയില്‍ ഒരു ദിവസം അവധിയും ദിവസേന ഒന്‍പതു മണിക്കൂര്‍ വിശ്രമവും ഉറപ്പാക്കണമെന്നും നിയമം തൊഴിലുടമയോടു നിര്‍ദേശിക്കുന്നു. വര്‍ഷത്തില്‍ 30 ദിവസം വരെ രോഗാവധിയും രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം ശമ്പളത്തോടുകൂടിയ അവധിയും നല്‍കണം.
മൂന്നു കാര്യങ്ങളാലല്ലാതെ ശമ്പളം വെട്ടിക്കുറക്കാന്‍ തൊഴിലുടമയ്ക്ക് അനുവാദമില്ല. സാധനസാമഗ്രികള്‍ക്കു ബോധപൂര്‍വം നാശം വരുത്തുക, മുന്‍കൂര്‍ നല്‍കിയ തുക തിരിച്ചുപിടിക്കുക, കോടതി ചുമത്തിയ പിഴ അടയ്ക്കാനായി തുക ഈടാക്കുക എന്നിവയാണിവ.
നിയമം ലംഘിക്കുന്ന തൊഴിലുടമക്ക് ആദ്യ തവണ 2000 റിയാല്‍ (ഏകദേശം 30,000 രൂപ) പിഴയോ ഒരു വര്‍ഷം നിയമന വിലക്കോ ഇവ ഒരുമിച്ചോ ശിക്ഷയുണ്ടാകും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 5000 റിയാലും (ഏകദേശം 75,000 രൂപ) മൂന്നു വര്‍ഷം നിയമന വിലക്കുമാണു ശിക്ഷ. മൂന്നാമതും നിയമലംഘനം കണ്ടെത്തിയാല്‍ ആജീവനാന്ത നിയമന വിലക്ക് നേരിടേണ്ടിവരും.
തൊഴിലാളിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവിന് 2000 റിയാല്‍ പിഴയും രാജ്യത്തു ജോലി ചെയ്യുന്നതിനു വിലക്കും നേരിടേണ്ടി വന്നേക്കാം. സ്വദേശത്തേക്കു മടങ്ങിപ്പോകുന്നതിനുള്ള ചെലവും സ്വയം വഹിക്കേണ്ടിവരും. തൊഴിലാളിയുടെ കൈവശം പണമില്ലെങ്കില്‍ മാത്രം യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. പുതുതായി ജോലിക്കെത്തുന്നവര്‍ക്ക് ആദ്യ മൂന്നുമാസം പ്രൊബേഷന്‍ സമയമായിരിക്കും.

Latest