Connect with us

Gulf

നിയമലംഘനം; കഴിഞ്ഞമാസം കുവൈത്തില്‍ നിന്നു 472 പേരെ നാടുകടത്തി

Published

|

Last Updated

കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങള്‍ക്ക് കുവൈത്തില്‍ നിന്നു കഴിഞ്ഞമാസം നാടു കടത്തപ്പെട്ട ഇന്ത്യക്കാര്‍ 472. ഒരു മാസത്തിനിടെ നാടുകടത്തപ്പെട്ട മൊത്തം വിദേശികള്‍ 2,280 ആണ്. ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെ 12,602 പേരെയാണ് നാടുകടത്തിയത്. അവരില്‍ 2,156 പേര്‍ ഇന്ത്യക്കാരാണ്.
അതിനിടെ, നിയമലംഘനത്തിന് പിടിയിലായവരെക്കൊണ്ടു ജയിലുകളും പൊലീസ് സ്‌റ്റേഷനുകളും നിറഞ്ഞ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന മന്ദഗതിയിലാക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലെയും പോലീസ് സ്‌റ്റേഷനുകളിലും നാടുകടത്താനുള്ളവരെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലും സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍.
തടവുകേന്ദ്രങ്ങളിലെ സ്ഥലപരിമിതിക്കു പുറമെ വിദേശികളെ നാടുകടത്തുന്നതിനായി കുവൈത്ത് സര്‍ക്കാരിനുണ്ടാകുന്ന ഭീമമായ സാമ്പത്തികച്ചെലവ്, സ്‌പോണ്‍സര്‍മാരുടെയും വിവിധ വിദേശ എംബസികളുടെയും സഹകരണത്തിന്റെ അഭാവം, പകര്‍ച്ചവ്യാധി ഭീഷണി എന്നിവയാണ് പരിശോധന താത്കാലികമായി മരവിപ്പിക്കുന്നതിനുള്ള മറ്റു കാരണങ്ങള്‍.
നിയമലംഘനത്തിന്റെ പേരില്‍ പിടിയിലാകുന്നവരെ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും അവരെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഗവര്‍ണറേറ്റിലെ സുരക്ഷാവിഭാഗത്തിന് കൈമാറുകയുമാണു പതിവ്. തുടര്‍ന്നു പൊതുസുരക്ഷയ്ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറിക്കു സമര്‍പ്പിക്കും. അണ്ടര്‍സെക്രട്ടറിയുടെ തീര്‍പ്പുണ്ടായശേഷം വിവരം പൊലീസ് സ്‌റ്റേഷനിലെത്തിക്കും. തുടര്‍ന്നാണ് ആളുകളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ചിലപ്പോള്‍ ഒരാഴ്ചയിലേറെ സമയമെടുത്തേക്കും. പൊലീസ് സ്‌റ്റേഷനിലെ വാസം അത്രയും കാലം ദീര്‍ഘിക്കുകയും ചെയ്യും.

 

Latest